'സമാധാനപ്രിയനായ' ഒബാമ; ബോംബിട്ടത് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍!

'സമാധാനപ്രിയനായ' ഒബാമ; ബോംബിട്ടത് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍!

ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കിൽ ഇന്ത്യ പിളരുമെന്ന ഒബാമയുടെ പരാമർശം ചർച്ചയാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് ആക്രമിക്കപ്പെട്ട രാജ്യങ്ങളെ ചൂണ്ടിക്കാട്ടി പ്രതിരോധമുയർത്തിയിരിക്കുകയാണ് ബിജെപി
Updated on
3 min read

മുസ്ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ പിളര്‍പ്പിലേക്ക് നീങ്ങുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയ്ക്ക് കഴിഞ്ഞദിവസം വലിയ വാർത്താപ്രാധാന്യമാണ് ലഭിച്ചത്. ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പരിഗണിക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ത്യ പിളർപ്പിലേക്ക് പോകും. അത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാകും. മോദിയുമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ ഞാൻ മുന്നോട്ടുവയ്ക്കുന്ന ചർച്ച ഇതാകുമെന്നുമായിരുന്നു ഒബാമയുടെ വാക്കുകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ബരാക് ഒബാമയുടെ പ്രസ്താവനയെ അദ്ദേഹം പ്രസിഡന്റായിരിക്കെ ആറ് രാജ്യങ്ങളെ ആക്രമിച്ച കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബിജെപി പ്രതിരോധിച്ചത്. തന്റെ ഭരണകാലയളവില്‍ ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലായി 26000ത്തിലധികം ബോംബാക്രമണങ്ങള്‍ നടത്തിയ ഒബാമയുടെ ആരോപണങ്ങള്‍ക്ക് എത്രത്തോളം വിലയുണ്ടെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ ചോദ്യം.

എന്നാൽ മന്ത്രി പറഞ്ഞതുപോലെ, ഒബാമ പ്രസിഡന്റായിരിക്കെ ആറ് രാജ്യങ്ങളിൽ മാത്രമാണോ അമേരിക്കൻ സൈന്യം ബോംബാക്രമണം നടത്തിയത്? ചെറിയ തിരുത്തുണ്ട്, ആറല്ല, യുഎസ് ആക്രമിച്ച മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ ഏഴാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, യെമന്‍, സൊമാലിയ, ലിബിയ, ഇറാഖ്, സിറിയ എന്നിവയാണവ. തീവ്രവാദം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ബോംബുകള്‍ വര്‍ഷിച്ചതെന്നാണ് അമേരിക്കയുടെ ന്യായീകരണമെങ്കിലും അത് ഫലപ്രദമായോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്.

'സമാധാനപ്രിയനായ' ഒബാമ; ബോംബിട്ടത് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍!
'മുസ്ലീം രാജ്യങ്ങള്‍ ബോംബിട്ടു തകര്‍ത്തവരാണ് ഇന്ത്യയെ വിമര്‍ശിക്കുന്നത്'; ഒബാമയ്‌ക്കെതിരേ നിര്‍മലാ സീതാരമന്‍

2009 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം സ്വീകരിക്കുമ്പോഴും യുദ്ധത്തെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട് ഒബാമ. ''യുദ്ധം ധാര്‍മികമായി നീതീകരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ട്,'' എന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപനം. സൈനിക ശക്തി ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന പ്രചാരണത്തോടെയാണ് ഒബാമ അധികാരത്തിലേറിയതെങ്കിലും ഭരണത്തിലിരുന്ന എട്ട് വര്‍ഷവും പല അവസരങ്ങളിലും മറ്റ് രാജ്യങ്ങളെ ബലം പ്രയോഗിച്ച് കീഴടക്കാനുള്ള ശ്രമങ്ങള്‍ ഒബാമയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

സമ്രാജ്യത്വശക്തികള്‍ക്ക് എന്ത് കാരണം കൊണ്ടായാലും ആവശ്യമുള്ളവരെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാം

2013 ല്‍ സിറിയയില്‍ ബോംബ് വർഷിച്ചപ്പോള്‍ ഒബാമയ്ക്ക് അതിന് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ചവരോട് സമ്രാജ്യത്വശക്തികള്‍ക്ക് ആവശ്യമുള്ളവരെ ആക്രമിക്കാനുള്ള അവകാശമുണ്ടെന്നാണ് മറുപടി പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ തീവ്രവാദം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ഒബാമ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

അഫ്ഗാനിസ്ഥാൻ

2009 ല്‍ ഒബാമ അധികാരത്തിലേറുമ്പോള്‍ അമേരിക്ക-അഫ്ഗാനിസ്ഥാന്‍ യുദ്ധം നടക്കുകയായിരുന്നു. അധികാരത്തിലേറിയപ്പോള്‍ ആ ദൈര്‍ഘ്യമേറിയ യുദ്ധത്തിന്റെ ഉത്തരവാദിത്വം ഒബാമയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. തന്റെ മുന്‍ഗാമിയെ പോലെ ഒബാമയും താലിബാന്‍ എന്ന ശത്രുവിനെതിരെ വ്യോമാക്രമണം എന്ന മാര്‍ഗമാണ് സ്വീകരിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ബോംബാക്രമണം അമേരിക്കന്‍ സൈനികരുടെ മരണസംഖ്യ കുറയ്ക്കാന്‍ സഹായിച്ചിരുന്നു. ഇവിടെയായിരുന്നു യുദ്ധപ്രഖ്യാപനങ്ങളുടെ തുടക്കം.

പാകിസ്താന്‍

2008 അവസാനം മുതല്‍ 2012 അവസാനം വരെ അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. അഫ്ഗാനിലേത് പോലെ തന്നെ പാകിസ്താനു മുകളിലും സായുധഡ്രോണുകള്‍ പറന്നു. തീവ്രവാദത്തിന്റെ മണ്ണാണെന്ന് വാദിച്ചാണ് ഇവിടെയും ഒബാമ ആക്രമണം നടത്തിയത്, എന്നാല്‍ അത് തീവ്രവാദികള്‍ക്ക് പകരം സാധാരണക്കാർക്ക് നേരെ ആയപ്പോഴാണ് കളി മാറിയത്. 2013 ല്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ആക്രമണങ്ങള്‍ക്കിടെ സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നത് പലയിടത്തും പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഒബാമ സമ്മതിച്ചിരുന്നു.

ഭരണമാറ്റമല്ലായിരുന്നു യുദ്ധത്തിന് പിന്നിലെ ലക്ഷ്യമെങ്കിലും ദീര്‍ഘകാലമായി ലിബിയ ഭരിച്ച മൊഅമ്മര്‍ ഗദ്ദാഫിയുടെ മരണത്തോടെ അമേരിക്ക വ്യോമാക്രമണം അവസാനിപ്പിക്കുകയായിരുന്നു

ലിബിയ

2011 മാര്‍ച്ചിലാണ് ലിബിയയില്‍ യുദ്ധനീക്കത്തിനായി അമേരിക്ക സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. ലിബിയന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ ബലപ്രയോഗം നടത്താമെന്ന് അംഗീകരിച്ച് യു എന്‍ സുരക്ഷാ സമിതി പ്രമേയം പാസ്സാക്കിയതിന് പിന്നാലെയായിരുന്നു യുദ്ധനീക്കം. ഭരണമാറ്റം അല്ലായിരുന്നു യുദ്ധത്തിന് പിന്നിലെ ലക്ഷ്യമെങ്കിലും ദീര്‍ഘകാലമായി ലിബിയ ഭരിച്ച മൊഅമ്മര്‍ ഗദ്ദാഫിയുടെ മരണത്തോടെ അമേരിക്ക വ്യോമാക്രമണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അതിനുശേഷം ലിബിയയില്‍ സുരക്ഷാ വീഴ്ചയുണ്ടായി. 2012ല്‍ ബെന്‍ഗാസിയിലെ യുഎസ് കോമ്പൗണ്ടിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും അതേ വര്‍ഷം ജൂലൈയില്‍ ട്രിപ്പോളിയിലെ യുഎസ് എംബസി ഒഴിപ്പിക്കുകയും ചെയ്തു.

'സമാധാനപ്രിയനായ' ഒബാമ; ബോംബിട്ടത് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍!
മുസ്ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കിൽ ഇന്ത്യ പിളരും: ബരാക് ഒബാമ

യെമന്‍

ഒബാമയുടെ അടുത്ത ആക്രമണം യെമനിലായിരുന്നു. യെമനിലെ അറേബ്യന്‍ തീരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വായ്ദ തീവ്രവാദികള്‍ അമേരിക്കയ്ക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. 2009 ല്‍ അമേരിക്കയിലേക്ക് പോയ വിമാനത്തില്‍ സ്‌ഫോടനം നടത്തിയ 'അണ്ടര്‍വെയര്‍ ബോംബര്‍' അതിന് ഉദാഹരണമാണ്. അതോടെ അറേബ്യന്‍ തീരത്ത് ഒബാമ ഭരണകൂടം സായുധ ഡ്രോണുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിപ്പിച്ചു. ന്യൂ അമേരിക്കന്‍ ഫൗണ്ടേഷന്റെ കണക്ക് പ്രകാരം 2009 മുതല്‍ ഏകദേശം 100 ആക്രമണങ്ങളാണ് അവിടെ നടന്നത്. നൂറ് കണക്കിന് തീവ്രവാദികളും കൊല്ലപ്പെട്ടു. പക്ഷേ അതിനൊപ്പം നിരവധി സൈനികരെ യെമനും നഷ്ടമായി.

സൊമാലിയ

സൊമാലിയയിലായിരുന്നു ഒബാമയുടെ വക അടുത്ത ബോംബ് വീണത്. കെനിയയിലെ ഒരു മാളില്‍ ആക്രമണം നടത്തിയ തീവ്രവാദ സംഘടനയായ അല്‍ ഷബാബിനെയാണ് അമേരിക്കന്‍ ഡ്രോണുകള്‍ ലക്ഷ്യം വച്ചത്. ഡ്രോണുകളുടെ സഹായത്തോടെ അമേരിക്ക സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ബോംബാക്രമണം നടത്തുകയായിരുന്നു.

അതുവരെ വലിയ ശക്തിയല്ലാതിരുന്ന ISIS എന്ന ഭീകര സംഘടനയുടെ വളര്‍ച്ചയ്ക്ക് വളമായത് ഇറാഖില്‍ അമേരിക്ക നടത്തിയ ആക്രമണമാണെന്ന് പറയാം

ഇറാഖ്

തീവ്രവാദം നിർമാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച ഒബാമയ്ക്ക് ഇറാഖിന്റെ കാര്യത്തില്‍ പിഴച്ചുപോയി. അതുവരെ വലിയ ശക്തിയല്ലാതിരുന്ന ഐഎസ്ഐഎസ് എന്ന ഭീകരസംഘടനയുടെ വളര്‍ച്ചയ്ക്ക് വളമായത് ഇറാഖില്‍ അമേരിക്ക നടത്തിയ ആക്രമണമാണെന്ന് പറയാം. താലിബാനും അല്‍ഖ്വയ്ദയ്ക്കും ശേഷം ലോകത്തെ ഏറ്റവും ഭീകരസംഘമായി പിന്നീട് ഐഎസ് മാറി. 2014 ഓഗസ്റ്റിലാണ് ഒബാമ ഇറാഖിലെ തീവ്രവാദം അടിച്ചമർത്താന്‍ ഉത്തരവിടുന്നത്. അവിടെ വ്യോമാക്രമണം നടത്തിയ നാലാമത്തെ പ്രസിഡന്റാണ് ഒബാമ.

ഐഎസ് തീവ്രവാദികള്‍ രാജ്യത്തെ വിശാലമായ മേഖല കൈയ്യടക്കി വച്ചിരുന്നതിനാല്‍ ഇറാഖ് സര്‍ക്കാരും അമേരിക്കയെ സ്വാഗതം ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ആറാഴ്ച്ചത്തെ ആക്രമണം കൊണ്ട് ഐഎസിനെ തൊടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ജനങ്ങളില്‍ അമേരിക്കന്‍ വിരുദ്ധവികാരം ആളിപ്പടര്‍ത്തി സംഘടനയിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനും ISന് സാധിച്ചു. അതോടെ ആ ചെറിയ സംഘടന വന്മരമാവുകയായിരുന്നു.

സിറിയ

ഒബാമ ബോംബിട്ട ഏഴാമത്തെ രാജ്യമാണ് സിറിയ. 2013 ല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പൗരന്മാര്‍ക്കുനേരെ രാസായുധം ഉപയോഗിച്ചതിന് പിന്നാലെയാണ് ഒബാമ വ്യോമാക്രമണത്തിന് ഉത്തരവിട്ടത്. അസദിനെ ആക്രമിക്കുന്നതും അവിടെ ബോംബിടുന്നതും ധാര്‍മികതയാണെന്നായിരുന്നു ഒബാമയുടെ അഭിപ്രായം. എന്നാൽ കോൺഗ്രസ് പിന്തുണയ്ക്കാതിരുന്നതോടെ രാസായുധങ്ങള്‍ നിർവീര്യമാക്കിയാല്‍ മതിയെന്ന നിലപാടിലേക്ക് ഒബാമയും പിന്‍വാങ്ങി.

ഐഎസിന്റെയും അല്‍ഖ്വയ്ദയുടെ ശാഖയായ ഖൊറാസന്‍ ഗ്രൂപ്പിൻ്റെയും നേതൃത്വത്തില്‍ സിറിയയില്‍ ആക്രമണം ഉണ്ടായപ്പോള്‍ അമേരിക്ക വീണ്ടും ഇടപെട്ടു. അമേരിക്കയുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍, ജോര്‍ദാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും യുദ്ധത്തിനിറങ്ങുകയായിരുന്നു.

തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ പലപ്പോഴും പാളിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ ഈ രാജ്യങ്ങളിലെ സാധാരണക്കാരയെയിരുന്നു കൂടുതല്‍ ബാധിച്ചത്.

logo
The Fourth
www.thefourthnews.in