റഷ്യയ്ക്കെതിരായ അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ തടഞ്ഞുവച്ചു; പെന്റഗണിനെതിരെ ആരോപണം
റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി പങ്കിടുന്നത് പെന്റഗണ്‍ തടഞ്ഞെന്ന് ആരോപണം. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ തെളിവുകള്‍ പുറത്തുകൊണ്ടുവരാന്‍ പെന്റഗണാണ് തടസമെന്ന് മുൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ സൈനികർക്കെതിരെ മുൻവിധികൾ സ്ഥാപിക്കാൻ കാരണമാകുമെന്നതിനാലാണ് വിവരങ്ങൾ പങ്കിടാൻ പ്രതിരോധവകുപ്പ് തടസം നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശ്നം പരിഹരിക്കാന്‍ ദേശീയ സുരക്ഷാ കൗൺസിൽ ഫെബ്രുവരി മൂന്നിന് ഉന്നതതല യോഗം ചേർന്നുവെങ്കിലും വിവരങ്ങൾ കൈമാറില്ലെന്ന തീരുമാനത്തിൽ പ്രതിരോധ വകുപ്പ് ഉറച്ചുനിൽക്കുകയാണ്. യുക്രെയ്ന്‍ വിഷയത്തിൽ ഐസിസിക്ക് യുഎസ് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെയ് ഗ്രഹാം പെന്റഗണിനെ വിമർശിച്ച് രംഗത്തെത്തി. നിയമവ്യവസ്ഥിതിയെ മറികടക്കുന്നതാണ് പ്രതിരോധ വകുപ്പിന്റെ പ്രവർത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, നിലപാടിൽ മാറ്റമില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചതോടെ വിഷയത്തിൽ ജോ ബൈഡൻ അന്തിമ തീരുമാനമെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
റഷ്യൻ സൈന്യം യുക്രെയ്നില്‍ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കന്‍ ദേശീയ സുരക്ഷാ കൗൺസിൽ (എൻഎസ്‌സി) രംഗത്തെത്തിയിരുന്നു. യുക്രെയ്നിൽ മാനവികതയ്‌ക്കെതിരായാണ് റഷ്യ പ്രവർത്തിക്കുന്നതെന്നും യുക്രെയ്ന്‍ ജനതയ്ക്ക് നീതി ലഭിക്കണമെന്നും എൻഎസ്‌സി വക്താവ് അഡ്രീൻ വാട്സൺ പറഞ്ഞു. ഐക്യരാഷ്ട്ര സഭ, ഒഎസിഇ [ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോഓപ്പറേഷൻ ഇൻ യൂറോപ്പ്], ഐസിസി എന്നിവയുടെ സഹായത്തോടെ നടത്തുന്ന അന്വേഷണങ്ങളിൽ അമേരിക്ക പിന്തുണ നൽകുന്നതായും അവർ വ്യക്തമാക്കിയിരുന്നു.
യുക്രെയ്നിലെ യുദ്ധത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് റഷ്യയ്ക്ക് എളുപ്പം പിന്മാറാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. റഷ്യയുടെ ആയുധ ശേഖരത്തിൽ യുദ്ധം മുൻപോട്ട് കൊണ്ടുപോകാൻ അവർക്ക് കഴിയില്ല. എന്നാൽ, ചൈന റഷ്യയ്ക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നൽകുമോ എന്ന ചോദ്യവും പ്രസക്തമാണ്.
യുക്രെയ്നില്‍ മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ റഷ്യ നടത്തിയിട്ടുള്ളതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഫെബ്രുവരിയിൽ നടന്ന മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും പറഞ്ഞിരുന്നു. യുക്രെയ്നിലെ ജനതയ്ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും നീതിന്യായ പ്രക്രിയയെയും അന്താരാഷ്ട്ര അന്വേഷണങ്ങളെയും അമേരിക്ക തുടർന്നും പിന്തുണയ്ക്കുമെന്നും അവര്‍ അറിയിച്ചു. ഐസിസിയുമായുള്ള സഹകരണം കമല ഹാരിസ് വ്യക്തമാക്കിയിരുന്നില്ല. ഐസിസി പ്രോസിക്യൂട്ടറുടെ അന്വേഷണത്തെ അമേരിക്ക പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.