പെന്റഗണ്‍ ചോര്‍ച്ച: റഷ്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് യു എന്‍ സെക്രട്ടറി ജനറല്‍ കൂട്ടുനിന്നെന്ന് അമേരിക്ക
പെന്റഗണ്‍ ചോര്‍ച്ചയില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കൂട്ടുനിന്നുവെന്ന അമേരിക്കയുടെ ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.
യുഎന്‍ സെക്രട്ടറിയെ വാഷിങ്ടൺ നിരീക്ഷിച്ചു വരികയായിരുന്നെന്ന് അമേരിക്ക വ്യക്തമാക്കി
ഗുട്ടെറസും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും നടത്തിയ സംഭാഷണങ്ങള്‍ സഹിതമാണ് അമേരിക്ക ഇക്കാര്യം പുറത്തുവിട്ടത്. പെന്റഗണുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്തകൂടിയാണിത്. വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ യുഎന്‍ സെക്രട്ടറിയെ വാഷിങ്ടണ്‍ നിരീക്ഷിച്ചു വരികയായിരുന്നെന്നും അമേരിക്ക വ്യക്തമാക്കി.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചും നിരവധി ആഫ്രിക്കന്‍ നേതാക്കളെക്കുറിച്ചുമുള്ള ഗുട്ടെറസിന്റെ നിരീക്ഷണങ്ങളും ചോര്‍ന്ന രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായി കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്റെ ആഹ്വാനത്തില്‍ ഗുട്ടറസ് നിരാശ പ്രകടിക്കുന്നതും അടുത്തിടെ നടന്ന ആഫ്രിക്കന്‍ നേതാക്കളുടെ ഉച്ചകോടിയിലും ഗുട്ടറസ് നീരസം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം ഗുട്ടറസിന് റഷ്യയോടുള്ള മൃദുസമീപനത്തിന്റൈ തെളിവാണെന്നും അമേരിക്ക വ്യക്തമാക്കുന്നു.
യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ റഷ്യയോടുള്ള വിയോജിപ്പ് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നാണ് യു എന്‍ ഉദ്യോഗസ്ഥരുടെ വാദം
ആഗോള ഭക്ഷ്യപ്രതിസന്ധി മുന്നില്‍ കണ്ട് യുഎന്നും തുര്‍ക്കിയും ഇടനിലക്കാരായി ജൂലൈയില്‍ നടത്തിയ കരിങ്കടല്‍ ധാന്യശേഖരത്തെക്കുറിച്ചാണ് ചോര്‍ന്നതില്‍ ഒരു രേഖയെന്നും അമേരിക്ക വ്യക്തമാക്കി. കൂടാതെ അമേരിക്കയുടെ കയറ്റുമതി ശേഷം കൂട്ടാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കൂട്ടുനിന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കന്‍ റിപ്പോര്‍ട്ട് യുഎന്‍ ഉദ്യോഗസ്ഥരില്‍ അതൃപ്തി ഉളവാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ റഷ്യയോടുള്ള വിയോജിപ്പ് സെക്രട്ടറി ജനറല്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും യു എന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
യുഎന്നില്‍ സ്ഥിരമായി ചാരപ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന രാജ്യമാണ് അമേരിക്കയെന്നും അതിനാല്‍ തന്നെ അമേരിക്കയുടെ ഇത്തരം റിപ്പോര്‍ട്ട് ലജ്ജവഹമാണെന്നുമാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അമേരിക്ക വ്യക്തമാക്കി.
യുക്രെയ്ന്‍ യുദ്ധതന്ത്രവും സഖ്യകക്ഷിയായ ദക്ഷിണ കൊറിയയില്‍നിന്ന് ചോര്‍ത്തിയെടുത്ത രഹസ്യവിവരങ്ങളുമാണ് പെന്റഗണില്‍നിന്ന് ചോര്‍ന്നത്. ഇത് അമേരിക്കയെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു. സംഭവത്തിനുപിന്നാലെ വിവിധ രാജ്യങ്ങള്‍ നിലപാടുകള്‍ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
ചോര്‍ച്ചയ്ക്കു പിന്നില്‍ അമേരിക്കക്കാര്‍ തന്നെയാണെന്നായിരുന്നു ചില സുരക്ഷാ ഏജന്‍സികളുടെ നിലപാട്. ഇതിനു പിന്നാലെ നിലപാട് വെളിപ്പെടുത്തി അമേരിക്കയും രംഗത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ചോര്‍ച്ചയ്ക്ക് കാരണക്കാരെ ഉടന്‍ കണ്ടെത്തുമെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം.