ചൈനീസ് ചാര ബലൂണിന്റെ ചിത്രം പുറത്തുവിട്ട് പെന്റഗൺ
അമേരിക്കൻ സൈന്യം വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ പുറത്തുവിട്ട് പെന്റഗണ്‍. ബലൂണിനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ യു2 ചാരവിമാനത്തിന്റെ പൈലറ്റ് പകർത്തിയ സെൽഫി ഫോട്ടോയാണ് പുറത്തുവിട്ടത്. സെൽഫിയിൽ ബലൂണിലെ വിമാനത്തിന്റെ നിഴലും ബലൂണിന്റെ പേലോഡിന്റെ വ്യക്തമായ ചിത്രവും കാണിക്കുന്നു.
വെള്ള നിറത്തിലുള്ള ബലൂണും അതിനോട് ചേര്‍ന്ന് തൂങ്ങിക്കിടക്കുന്ന പാനലുകളും ബലൂണിന് നേരെ കുതിക്കുന്ന യു സ് വിമാനത്തിന്റെ നിഴലും ചിത്രത്തില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ബലൂൺ അമേരിക്കയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ചിത്രം പകർത്തിയിരിക്കുന്നത്.
ജനുവരി 28നാണ് അമേരിക്കയുടെ ആകാശത്ത് ചൈനയുടെ ചാര ബലൂൺ ആദ്യമായി കണ്ടത്. എഫ് 22 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചാണ് സൗത്ത് കരോലിന തീരത്ത് വച്ച് ഫെബ്രുവരി നാലിന് ബലൂൺ വെടിവച്ചിട്ടത്. ചൈനീസ് ചാര ബലൂണിന്റെ ഭൂരിഭാഗം അവശിഷ്ടങ്ങളും നാവികസേന കണ്ടെടുത്തു. ബലൂൺ ആന്റിനകൾ ആശയവിനിമയം ശേഖരിക്കാൻ കഴിവുള്ളതാണെന്നും ഉദ്യോഗസ്ഥർ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. നിലവില്‍ അവിശിഷ്ടങ്ങള്‍ പരിശോധിച്ചു വരികയാണ്.
അമേരിക്കന്‍ തീരത്ത് നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബലൂണ്‍ പതിച്ചതെന്നാണ് ഔദ്യേഗിക വിശദീകരണം. ഇതിന് പിന്നാലെ മൂന്ന് ബലൂണുകൾ കൂടി അമേരിക്ക വെടിവച്ചിട്ടിരുന്നു. അലാസ്ക, കാനഡ അതിർത്തി മേഖല, ഹുരോൺ ലേക് എന്നിവിടങ്ങളിലാണ് ബലൂണുകൾ വെടിവച്ചിട്ടത്.
ചൈനീസ് ബലൂണിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരുന്നു. ചൈനയുടെ ബലൂണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൈനാ യാത്ര മാറ്റിവച്ചിരുന്നു. അതേസമയം ബലൂണ്‍ ചാരവൃത്തിക്ക് ഉപയോഗിച്ചത് തന്നെ എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ബലൂണില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ നീരീക്ഷണ സഹായിയായ ബലൂണ്‍ മാത്രമാണ് അതെന്നായിരുന്നു ചൈനയുടെ പ്രതികരണം .