മേരി ക്യൂറി മുതല്‍ ബാരി ഷാര്‍പ്‌ലെസ് വരെ; അറിയാം രണ്ട് തവണ നൊബേല്‍ പുരസ്കാരം നേടിയവരെ
വ്യക്തിഗത നേട്ടങ്ങളില്‍ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെടാറുള്ളതാണ് നൊബേല്‍ പുരസ്കാരങ്ങള്‍. 1901 മുതല്‍ 2022 വരെ നീളുന്ന നൊബേല്‍ ചരിത്രത്തില്‍ പുരസ്കാര നേട്ടത്തിന് അര്‍ഹരായവര്‍ ഏറെയാണ്. എന്നാല്‍ ഒന്നിലേറെ തവണ നൊബേല്‍ സ്വന്തമാക്കിയത് അഞ്ച് വ്യക്തികള്‍ മാത്രമാണ്. മേരി ക്യൂറിയില്‍ തുടങ്ങി ബാരി ഷാര്‍പ്‌ലെസ് വരെ അത് എത്തിനില്‍ക്കുന്നു. അറിയാം ഈ അഞ്ചുപേരേയും അവരുടെ സംഭാവനകളെയും കുറിച്ച്.
മേരി ക്യൂറി
രണ്ട് നൊബേൽ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ആദ്യ വ്യക്തിയാണ് മേരി ക്യൂറി.1903 ലാണ് ഭര്‍ത്താവ് പിയറി ക്യൂറിക്കും ശാസ്ത്രജ്ഞന്‍ ഹെൻറി ബെക്വറലിനുമൊപ്പം ഭൗതികശാസ്ത്രത്തിനുള്ള തന്റെ ആദ്യ നൊബേൽ സമ്മാനം മേരി ക്യൂറി പങ്കിടുന്നത്. റേഡിയോ ആക്ടിവിറ്റി സിദ്ധാന്തത്തിലായിരുന്നു പുരസ്കാരം. 1911ലാണ് മേരി ക്യൂറിയുടെ രണ്ടാമത്തെ നൊബേല്‍ നേട്ടം. രസതന്ത്ര നൊബേലാണ് രണ്ടാംതവണ മേരി ക്യൂറിയെ തേടിയെത്തിയത്. റേഡിയം , പൊളോണിയം എന്നീ മൂലകങ്ങളെ വേര്‍തിരിച്ചതായിരുന്നു അവരുടെ സംഭാവന.
ജോൺ ബാർഡീൻ
ഒരേ മേഖലയിൽ രണ്ട് തവണ നൊബേൽ പുരസ്കാരം നേടിയ ആദ്യത്തെ വ്യക്തിയാണ് ജോൺ ബാർഡീൻ . 1956 -ൽ വില്യം ബ്രാഡ്‌ഫോർഡ് ഷോക്ക്‌ലി , വാൾട്ടർ ഹൗസർ ബ്രാറ്റെയ്‌ൻ എന്നിവർക്കൊപ്പമാണ് ബാർഡീന്‍ ആദ്യമായി ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പങ്കിട്ടത്. അർദ്ധ ചാലകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും ട്രാൻസിസ്റ്റർ ഇഫക്റ്റിന്റെ കണ്ടെത്തലിനുമായിരുന്നു പുരസ്കാരം.
1972 ൽ ജോൺ ബാർഡീൻ നേട്ടം ആവര്‍ത്തിച്ചു. ലിയോൺ നീൽ കൂപ്പർ , ജോൺ റോബർട്ട് ഷ്രിഫർ എന്നിവർക്കൊപ്പമാണ് രണ്ടാംതവണ അദ്ദേഹം അവാർഡ് പങ്കിട്ടത് . ബിസിഎസ് തിയറി എന്ന് വിളിക്കുന്ന സൂപ്പർകണ്ടക്റ്റിവിറ്റി സിദ്ധാന്തത്തിനായിരുന്നു രണ്ടാമത്തെ പുരസ്കാര നേട്ടം.
ലിനസ് പോളിങ്
മറ്റാരുമായി പങ്കിടാതെ രണ്ട് നൊബേൽ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഏക വ്യക്തിയാണ് ലിനസ് പോളിങ് .1954-ൽ രസതന്ത്രത്തിലായിരുന്നു ലിനസ് പോളിങ്ങിന്റെ ആദ്യ നൊബേൽ നേട്ടം. കെമിക്കൽ ബോണ്ടിന്റെ സ്വഭാവത്തെക്കുറിച്ചും സങ്കീർണമായ പദാർത്ഥങ്ങളുടെ ഘടന വ്യക്തമാക്കുന്നതിനുള്ള അതിന്റെ പ്രയോഗത്തെക്കുറിച്ചും നടത്തിയ ഗവേഷണത്തിനായിരുന്നു പുരസ്കാര നേട്ടം.
1962-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമാണ് ലിനസ് പോളിങ്ങിനെ തേടിയെത്തിയത്. ആണവായുധ പരീക്ഷണങ്ങൾക്കും അവയുടെ പ്രയോഗത്തിനും യുദ്ധത്തിനുമെതിരായ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തെ രണ്ടാമത്തെ നൊബേലിന് അര്‍ഹനാക്കിയത്.
ഫ്രെഡറിക് സാംഗർ
ഒരേ മേഖലയിൽ രണ്ട് തവണ നൊബേൽ പുരസ്കാരം നേടിയ, ജോൺ ബാർഡീന്റെ പിന്‍ഗാമിയാണ് ഫ്രെഡറിക് സാംഗർ. 1958ൽ രസതന്ത്രത്തിനുള്ള തന്റെ ആദ്യത്തെ നൊബേൽ സമ്മാനം ഫ്രെഡറിക് സാംഗർ നേടി. പ്രോട്ടീനുകളുടെ, പ്രത്യേകിച്ച് ഇൻസുലിന്റെ ഘടനയെക്കുറിച്ചുള്ള പഠനത്തിനായിരുന്നു പുരസ്കാരം.
1980-ൽ പോൾ ബെർഗിനും വാൾട്ടർ ഗിൽബെർട്ടിനുമൊപ്പമാണ് ഫ്രെഡറിക് സാംഗറിന്റെ രണ്ടാമത്തെ പുരസ്കാര നേട്ടം. ന്യൂക്ലിക് ആസിഡുകളിലെ ബേസ് സീക്വൻസുകളുടെ നിർണയവുമായി ബന്ധപ്പെട്ട സംഭാവനകൾക്കായിരുന്നു പുരസ്കാരം.
കാൾ ബാരി ഷാര്‍പ്‌ലെസ്
രണ്ടു പതിറ്റാണ്ടിനിടയിൽ രണ്ടാമത്തെ നൊബേൽ പുരസ്‌കാരം നേടിയിരിക്കുകയാണ് അമേരിക്കൻ രസതന്ത്രജ്ഞനായ കാൾ ബാരി ഷാര്‍പ്‌ലെസ്. ക്ലിക്ക് കെമിസ്ട്രിയിലെ പഠനത്തിന് കരോലിൻ ആർ. ബെർട്ടോസി, മോർട്ടൻ മെൽഡൽ എന്നിവരോടൊപ്പം സംയുക്തമായാണ് 2022-ലെ നൊബേൽ കാൾ ബാരി ഷാര്‍പ്‌ലെസ് പങ്കിട്ടത്. രണ്ടുതവണ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന രണ്ടാമത്തെ വ്യക്തിയും, രണ്ട് നൊബേല്‍ നേടുന്ന അഞ്ചാമത്തെ വ്യക്തിയുമാണ് കാൾ ബാരി ഷാര്‍പ്‌ലെസ്. 2001-ലായിരുന്നു രസതന്ത്രത്തിലെ ഷാര്‍പ്‌ലെസിന്റെ പുരസ്കാര നേട്ടം.
ഇതുകൂടാതെ ഒന്നിലധികം തവണ നൊബേൽ പുരസ്കാരം നേടിയ രണ്ട് സംഘടനകളുമുണ്ട്. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസും അഭയാർത്ഥികൾക്കായുള്ള യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണറുടെ ഓഫീസുമാണിത്. റെഡ് ക്രോസ് മൂന്ന് തവണയും UNHCR രണ്ട് തവണയും സമാധാനത്തിനുള്ള നൊബേൽ സ്വന്തമാക്കിയിട്ടുണ്ട്.