മാർസെലിനോ അബാദ്, 124 വയസ്; ലോക മുത്തച്ഛന്‍ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടെന്ന് പെറു സര്‍ക്കാര്‍
ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ആര്? ഈ ചോദ്യത്തിനുള്ള ഉത്തരം തങ്ങളുടെ പക്കലുണ്ടെന്ന് പറയുകയാണ് പെറു. മാർസെലിനോ അബാദ് എന്ന പെറു സ്വദേശിക്ക് ഇപ്പോൾ 124 വയസുണ്ടെന്നാണ് സർക്കാർ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇതെന്നാണ് പെറു സര്‍ക്കാരിന്റെ അവകാശവാദം.
സെൻട്രൽ പെറുവിയൻ മേഖലയിലെ ഹുവാനുകോ നിവാസിയായ മാർസെലിനോ അബാദ് 1900 ലാണ് ജനിച്ചത്. ഇക്കാര്യം പരിശോധിച്ചുറപ്പിച്ചാൽ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാവും മാർസെലിനോ അബാദ്. ഇതുവരെ സ്ഥിരീകരിക്കപ്പെട്ടതിൽ ഏറ്റവും പ്രായം കൂടിയ മനുഷ്യനും ഇദ്ദേഹമായിരിക്കും.
"ഹുവാനുകോയിലെ ശാന്തമായ അന്തരീക്ഷത്തില്‍, ആരോഗ്യകരമായ ജീവിതരീതിയാണ് മാർസെലിനോ അബാദിന്റെ ആരോഗ്യത്തിന് അടിസ്ഥാനം. ഏപ്രിൽ 5 ന് അദ്ദേഹം 124 -ാം പിറന്നാൾ ആഘോഷിച്ചു," പെറുവിയൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പ്രായത്തിലെ ലോക റെക്കോഡ് രേഖപ്പെടുത്തുന്നതിനായി ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് അപേക്ഷിക്കാൻ അബാദിനെ സഹായിക്കുകയാണെന്നും പെറു അധികൃതർ അറിയിച്ചു.
പെറുവിലെ ചെറുപട്ടണമായ ചഗല്ലയിൽ ജനിച്ച അബാദിന് 2019 ലാണ് അധികൃതർ സർക്കാർ തിരിച്ചറിയല്‍ രേഖയും പെൻഷനും നൽകിയത്. നിലവിൽ വയോജന സംരക്ഷണ കേന്ദ്രത്തിലാണ് അബാദ് താമസിക്കുന്നത്. ഇവിടെ വച്ച് അദ്ദേഹം 124-ാം പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. പഴങ്ങൾ അടങ്ങിയ ഭക്ഷണവും ആട്ടിൻ മാംസവുമാണ് അബാദിന്റെ ആരോഗ്യത്തിന് പിന്നിലെ രഹസ്യമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. പെറുവിലെ ആൻഡിയൻ കമ്മ്യൂണിറ്റികളിലെ പാരമ്പര്യമായ കൊക്ക ഇല ചവയ്ക്കുന്നതും അദ്ദേഹം ശീലമാക്കിയിരുന്നു.
114 വയസ്സുള്ള വെനസ്വേലൻ സ്വദേശിയുടെ മരണത്തിന് ശേഷം കഴിഞ്ഞ ഒരു മാസമായി 111 വയസ്സുള്ള ബ്രിട്ടീഷുകാരനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ. ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയെന്ന വ്യക്തിയെന്ന് അവകാശപ്പെടുന്ന നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് വക്താവ് റോയിട്ടേഴ്‌സിന് നൽകിയ രേഖാമൂലമുള്ള പ്രസ്താവനയിൽ പറയുന്നു. ഔദ്യോഗിക രേഖകളും മറ്റ് തെളിവുകളും പരിശോധിച്ചുറപ്പിച്ച് മാത്രമേ ഇക്കാര്യം സംശയാതീതമായി തെളിയിക്കാൻ സാധിക്കുകയുള്ളു. ഒരു വിദഗ്ധ സംഘം ഇക്കാര്യങ്ങങ്ങൾ പരിശോധിക്കുമെന്നും ബോഡി അറിയിച്ചു.