പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം: 42 പേര്‍ കൊല്ലപ്പെട്ടു, ലിമയിലടക്കം അടിയന്തരാവസ്ഥ
പെറുവില്‍ പ്രസിഡന്റ് ദിന ബൊലുവാര്‍ട്ടിനെതിരായ പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിച്ചു. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ സുരക്ഷാസേനയ്ക്ക് കഴിയാതായതോടെ തലസ്ഥാനമായ ലിമയിലുള്‍പ്പെടെ നാല് മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സഞ്ചാര സ്വാതന്ത്ര്യം, കൂട്ടം ചേരല്‍ എന്നിവയടക്കമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെല്ലാം 30 ദിവസത്തേയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 42 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ലിമയ്ക്ക് പുറമെ കുസ്‌കോ, പുനോ മേഖലകളിലും കാലാവോ തുറമുഖ പ്രദേശത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ശക്തമായ പ്രക്ഷോഭമാണ് പ്രസിഡന്റിനെതിരെ രാജ്യത്തുയരുന്നത്. മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ അനുയായികളാണ് പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍.
എന്തുകൊണ്ട് പെറുവില്‍ പ്രതിഷേധം?
മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ ഇംപീച്ച്മെന്റിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതോടെയാണ് പെറുവിലെ പ്രതിഷേധങ്ങളുടെ തുടക്കം. ആദ്യ വനിതാ പ്രസിഡന്റായി ദിന ബൊലുവാര്‍ട്ട് രാജിവെയ്ക്കണമെന്നും തിരഞ്ഞെുപ്പ് നേരത്തെ നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
രാജ്യത്ത് കലാപശ്രമം നടത്തിയെന്ന ആരോപണം നേരിടുന്ന പെഡ്രോ കാസ്റ്റിലോ നിലവില്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കരുതല്‍ തടങ്കലിലാണ്. മെക്‌സിക്കന്‍ എംബസിയില്‍ അഭയം തേടാന്‍ ശ്രമിച്ച മുന്‍ പ്രസിഡന്റ് നാടുവിടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി 18 മാസത്തേക്ക് കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടത്. പെറുവിലെ ഗ്രാമീണ മേഖലയിലും സാധാരണ ജനവിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുള്ള നേതാവാണ് പെഡ്രോ. ദരിദ്ര- ഗ്രാമീണ ചുറ്റുപാടില്‍ നിന്ന് പെറുവിന്റെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും മുന്‍ അധ്യാപകന്‍ കൂടിയായ പെഡ്രോയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം പെഡ്രോയുടെ പുറത്താക്കല്‍ വൈകാരികമായ വിഷയം കൂടിയാണ്.
ദിന ബൊലുവാര്‍ട്ട് രാജിവെയ്ക്കുമോ?
പെറുവിനോട് പ്രതിബദ്ധതയുണ്ടെന്നും ആര് ആവശ്യപ്പെട്ടാലും രാജിവെയ്ക്കില്ലെന്നുമാണ് ദിന ബൊലുവാര്‍ട്ടിന്റെ നിലപാട്. പ്രക്ഷോഭങ്ങളിലും ഏറ്റുമുട്ടലിലും മരിച്ചവരുടെ കുടുംബത്തോടെ അവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
ഡിസംബറില്‍ രാജ്യത്ത് കാസ്റ്റിലോ അനുകൂലികള്‍ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ അനുനയനീക്കവുമായി ദിന ബൊലുവാര്‍ട്ട് രാജ്യത്തെ അഭിസംബോധന ചെയ്തു. 2026 ലാണ് ഇനി പെറുവില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. തിരഞ്ഞെടുപ്പ് 2024 ൽ നടത്തണമെന്ന് നിര്‍ദേശിക്കുന്ന ബില്‍ കോണ്‍ഗ്രസിന് മുന്നില്‍ വെയ്ക്കുമെന്നായിരുന്നു ഡിസംബറില്‍ ദിന ബൊലുവാര്‍ട്ട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം.