പൈലറ്റുമാര്‍ ഉറങ്ങിപ്പോയി; വിമാനത്തിന്റെ ലാന്‍ഡിങ് വൈകി
പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് മുടങ്ങി. സുഡാനിലെ കാര്‍ട്ടൂമില്‍ നിന്ന് എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലേക്കു പറന്ന ബോയിങ് 737 വിമാനത്തിൻറെ ലാന്‍ഡിങാണ് രണ്ട് പൈലറ്റുമാരും ഉറങ്ങിയതിനെത്തുടര്‍ന്ന് മുടങ്ങിയത്. അടുത്ത ശ്രമത്തിൽ 25 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. അപകടമുണ്ടായില്ലെങ്കിലും പൈലറ്റുമരുടെ അശ്രദ്ധ ആശങ്കപ്പെടുത്തുന്നതെന്ന് വ്യോമയാന വിദഗ്ധർ അഭിപ്രായപ്പെട്ടു. സമാനമായ സംഭവം കഴിഞ്ഞ മെയ് മാസവും റിപ്പോർട്ട് ചെയ്തിരുന്നു.
ഓഗസ്റ്റ് 15 നാണ് സംഭവം നടന്നതെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം അഡിസ് അബാബ വിമാനത്താവളത്തിന് സമീപം എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) മുന്നറിയിപ്പ് നല്‍കിയെങ്കിലും പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ വിമാനം ലാന്‍ഡ് ചെയ്യാനായില്ല. 37,000 അടി ഉയരത്തിൽ വിമാനം ഓട്ടോപൈലറ്റ് മോഡിലായിരുന്നു. റൺവേയ്ക്ക് സമീപം എത്തിയിട്ടും വിമാനം താഴ്ത്താത്തതിനാൽ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പലതവണ ശ്രമിച്ചെങ്കിലും പൈലറ്റുമാരുമായി ബന്ധം സ്ഥാപിക്കാനായില്ല.
വിമാനം അഡിസ് അബാബ വിമാനത്താവളത്തിന് സമീപം എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) മുന്നറിയിപ്പു നല്‍കിയെങ്കിലും പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ വിമാനം ലാന്‍ഡ് ചെയ്യാനായില്ല.
ഇറങ്ങേണ്ടിയിരുന്ന റണ്‍വേ പിന്നിട്ടപ്പോള്‍ വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഉയർന്ന ശബ്ദത്തിൽ അലാറം മുഴങ്ങി. ഇത് കേട്ട് പൈലറ്റുമാർ ഉണരുകയായിരുന്നുവെന്ന് ഏവിയേഷൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. തുടര്‍ന്ന് നിയന്ത്രണമേറ്റെടുത്ത ഇരുവരും 25 മിനിട്ടുകള്‍ വൈകി, വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്തു.
വ്യോമയാന നിരീക്ഷണ സംവിധാനമായ എഡിഎസ്ബിയില്‍ നിന്നുള്ള ഡാറ്റകള്‍ സംഭവം നടന്നതായി സ്ഥിരീകരിക്കുന്നു. അഡിസ് അബാബ എയര്‍പോര്‍ട്ടിന് സമീപത്തിലൂടെ ലൂപ്പു പോലെ സഞ്ചരിക്കുന്ന വിമാനത്തിന്റെ സഞ്ചാര പാതയുടെ ചിത്രം എഡിഎസ്ബി പങ്കുവെച്ചു. സംഭവം ഗൗരവതരമെന്ന് വ്യോമയാന വിദഗ്ധൻ അലക്‌സ് മാക്കിയറസ് ട്വീറ്റ് ചെയ്തു. പൈലറ്റിന്റെ ക്ഷീണമാണ് ഇതിന് കാരണമെന്നും അലക്‌സ് മാക്കിയറസ് കുറിച്ചു.
ന്യൂയോർക്കിൽ നിന്ന് റോമയിക്ക് പോവുകയായിരുന്ന വിമാനത്തിലാണ് മെയ് മാസം സമാനമായ സംഭവമുണ്ടായത്. 38,000 അടി ഉയരത്തില്‍ പൈലറ്റുമാർ ഉറങ്ങിപ്പോവുകയായിരുന്നു. 250 ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. 10 മിനുറ്റോളം വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത് ആശങ്കയായി. തുടർന്ന് രക്ഷാ പ്രവർത്തനത്തിന് സജ്ജീകരണങ്ങൾ ഒരുക്കി. എന്നാൽ പിന്നാലെ പൈലറ്റുമാർ പ്രതികരിച്ചു.