170 ലക്ഷം കോടി പ്ലാസ്റ്റിക്: സമുദ്രങ്ങള്‍ കീഴടക്കി മാലിന്യം

170 ലക്ഷം കോടി പ്ലാസ്റ്റിക്: സമുദ്രങ്ങള്‍ കീഴടക്കി മാലിന്യം

1979 മുതല്‍ 2019 വരെ ആറ് പ്രധാന സമുദ്രമേഖലകളില്‍ നിന്നുള്ള 11,777 സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളുടെ ഉപരിതലത്തിലുള്ള പ്ലാസ്റ്റിക്കിന്റെ തോതിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍
Updated on
2 min read

രണ്ട് ദശലക്ഷം ഭാരമുള്ള 170 ലക്ഷം കോടി പ്ലാസ്റ്റിക്കാണ് ലോകത്താകെ സമുദ്രങ്ങള്‍ വഹിക്കുന്നതെന്ന് പുതിയ പഠനം. 1979 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ആറ് പ്രധാന സമുദ്രമേഖലകളില്‍ നിന്നുള്ള 11,777 സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളുടെ ഉപരിതലത്തിലുള്ള പ്ലാസ്റ്റിക്കിന്റെ തോതിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പ്ലാസ്റ്റിക്കിന്റെ തോതില്‍ 2005 മുതല്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. 2040 ആവുമ്പോഴേയ്ക്കും ഇത് മൂന്നിരട്ടിയാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഓര്‍ഗനൈസേഷനായ 5 ഗയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് നിയമാനുസൃതമായ ആഗോള നയങ്ങള്‍ മുന്നോട്ടുവച്ചില്ലെങ്കില്‍ പ്ലാസ്റ്റിക് മലിനീകരണം 2040 ആവുമ്പോഴേയ്ക്കും 2.6 മടങ്ങ് വര്‍ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2005ന് ശേഷം, സമുദ്രങ്ങളിലെ പ്ലാസ്റ്റിക്കിന്റെ അളവ് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളിലും നദികളിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് വര്‍ധിച്ച കാലയളവ് കൂടിയാണ് ഇതെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

2005ന് ശേഷം സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദ്രുതഗതിയിലുള്ള വര്‍ധന പ്ലാസ്റ്റിക് ഉത്പാദനത്തിലെ പെട്ടെന്നുള്ള കുതിച്ചുച്ചാട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവിലുള്ള പ്ലാസ്റ്റിക് മലിനീകരണം, ഭൂമിയിലെ മാലിന്യ ഉത്പാദനത്തിലും സംസ്കരണത്തിലും വന്ന മാറ്റങ്ങളും വെളിപ്പെടുത്തുന്നെന്ന് പഠനം സൂചിപ്പിക്കുന്നു.

ലോകത്തിലെ സമുദ്രങ്ങളിലുടനീളമുള്ള മൈക്രോപ്ലാസ്റ്റിക്‌സിന്റെ ക്രമാതീതമായ വര്‍ധന, അതിനെതിരെ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ സൂചനയാണ്. ശുചീകരണത്തിലും പുനരുപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടാതെ കൂട്ടായ ഉത്തരവാദിത്വമുള്ള ഒരു യുഗത്തിലേക്ക് കടക്കേണ്ടതിന്റെ വ്യക്തമായ മുന്നറിയിപ്പാണിതെന്ന് 5 ഗയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് സഹ സ്ഥാപകനായ ഡോ. മാര്‍ക്കസ് എറിക്‌സന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സമുദ്രത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന മാലിന്യമാണ് മൈക്രോ പ്ലാസ്റ്റിക്. സുദ്രത്തിന്റെ ഗതിയെ മാത്രമല്ല സമുദ്ര ജീവികളുടെ ആന്തരികാവയവങ്ങള്‍ക്ക് വരെ കേടുപാടുണ്ടാക്കുന്നതാണ് മൈക്രോ പ്ലാസ്റ്റിക്ക്. നിലവിലെ നിലയില്‍ പ്ലാസ്റ്റികിന്റെ ഉത്പാദനം മുന്നോട്ടുപോയാല്‍ റീസൈക്കിളിങ് (പുനരുത്പാദനം) കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുനരുത്പാദിപ്പിച്ച സാധനങ്ങള്‍ വാങ്ങുന്നതില്‍ പ്ലാസ്റ്റിക് വിപണി അത്ര താല്‍പര്യം കാണിക്കാറില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന ഘട്ടത്തില്‍ തന്നെ കുറച്ചു കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടത്തേണ്ടതെന്നും പഠനം വ്യക്തമാക്കുന്നു.

ഉറൂഗ്വേയിലെ പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ അടുത്ത വര്‍ഷം പരിഗണിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്ര സംഘടന നവംബറില്‍ തള്ളിക്കളഞ്ഞത്. വ്യക്തമായ ആഗോള ഉടമ്പടിയുടെ ഭാഗമായല്ലാതെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ലെന്നാണ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് വ്യക്തമാക്കിയത്. ശക്തമായ ഇടപെടലില്ലെങ്കില്‍ അടുത്ത 10 മുതല്‍ 15 വര്‍ഷങ്ങള്‍ക്കൊണ്ട് പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് മൂന്ന് മടങ്ങ് വര്‍ധിക്കുമെന്നും ഗ്രീന്‍ പീസ് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in