ബ്രസീലില്‍ ഇത്തവണ കാറ്റ് ഇടത്തേക്കോ?

ബ്രസീലില്‍ ഇത്തവണ കാറ്റ് ഇടത്തേക്കോ?

തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഞായറാഴ്ച
Updated on
3 min read

ലാറ്റിൻ അമേരിക്കയിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കൂടി. ലോകത്തിലെ നാലാമത്തെ വലിയ ജനാധിപത്യ രാജ്യമായ ബ്രസീലിലേക്കാണ് ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത്. ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടാണ് ഞായറാഴ്ച നടക്കുന്നത്. രണ്ട് ധ്രുവീയ പ്രത്യയശാസ്ത്രങ്ങളുടെ ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. ചിലിയിലും കൊളംബിയയിലും സംഭവിച്ച പോലെ ബ്രസീലും ഇടതുപക്ഷത്തേക്ക് നീങ്ങുമോ എന്നാണ് ചർച്ച.

പതിനൊന്ന് സ്ഥാനാർഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്നിരുന്നാലും പോരാട്ടം നിലവിലെ പ്രസിഡന്റും വലതുപക്ഷക്കാരനുമായ ജയീർ ബോൾസെനാരോയും മുൻ പ്രസിഡന്റും ഇടത് പക്ഷക്കാരനായ ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയും തമ്മിലാണ്. സെപ്റ്റംബറിൽ ഡാറ്റാഫോള നടത്തിയ സർവേ പ്രകാരം, 67കാരനായ നിലവിലെ പ്രസിഡന്റിന്റെ ഭരണത്തിൽ പോൾ ചെയ്തവരിൽ 44% പേരും അതൃപ്തരാണ്.

ഞായറാഴ്ച വൈകിട്ട് 4.30 മുതൽ 1.30 (ഇന്ത്യൻ സമയം) വരെയാണ് ബ്രസീലിൽ തിരഞ്ഞെടുപ്പ് നടക്കുക. ബ്രസീലിയൻ കോൺഗ്രസിലേക്കും ഗവർണർ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും. തിങ്കളാഴ്ച രാവിലെ 5.30നാണ് ഫലം വരിക. സ്ഥാനാർഥികളിലാരും 50% വോട്ടിൽ കൂടുതൽ നേടിയില്ലെങ്കിൽ ഒക്ടോബർ 30 ന് രണ്ടാം റൌണ്ട് തിരഞ്ഞെടുപ്പ് നടക്കും. ആദ്യ റൗണ്ടിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ട് പേരാകും അടുത്ത റൗണ്ടിൽ വോട്ട് തേടുക.

ജയീർ ബോൾസെനാരോ
ജയീർ ബോൾസെനാരോMarcelo Camargo/Agência Brasil

ജയീർ ബോൾസെനാരോ

'ട്രംപ് ഓഫ് ട്രോപിക്സ്' എന്ന പേരിലറിയപ്പെടുന്ന വ്യക്തിയാണ് ജയീർ ബോൾസെനാരോ. കോവിഡ് സമയത്ത് സ്വീകരിച്ച നിലപാടുകൾ കാരണം അന്താരാഷ്ട്ര തലത്തിൽ നിന്ന് തന്നെ ഒട്ടേറെ വിമർശനങ്ങൾ അദ്ദേഹം നേരിട്ടു. 2018ലാണ് ബോൾസെനാരോ ബ്രസീൽ പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ രക്ഷകനും അഴിമതി വിരുദ്ധനുമാണെന്ന് സ്വയം അവരോധിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്.

മുൻ ആർമി ക്യാപ്ടനായിരുന്ന ബോൾസെനാരോ 1990 ലാണ് കോൺഗ്രസ് അംഗമാകുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നയങ്ങളോട് ഏറെ സാമ്യമുള്ളയാളാണ് ബോൾസെനാരോ. എല്ലാവർക്കും മീതെ ബ്രസീൽ (Brazil Above All) എന്ന മുദ്രാവാക്യമാണ് ബോൾസെനാരോയുടേത്. തീവ്ര ദേശീയതയും ക്രിസ്റ്റിയാനിറ്റിയുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഗർഭച്ഛിദ്രത്തിനും ലൈംഗിക ന്യൂനപക്ഷങ്ങൾക്കുമെതിരെ എന്നും നിലകൊണ്ടയാളാണ് അദ്ദേഹം.

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ബോൾസെനാരോ കാണിച്ച ഉദാസീന നിലപാട് കാരണം ജീവൻ നഷ്ടമായത് 6,80000 പേർക്കാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണ നിരക്കാണിത്. കൂടാതെ ഇദ്ദേഹത്തിന്റെ കാലത്താണ് ബ്രസീലിൽ ഏറ്റവും കൂടുതൽ വനനശീകരണമുണ്ടായത്. ആമസോൺ കാടുകളുടെ കാര്യത്തിലും ബോൾസെനാരോയുടെ അഭിപ്രായങ്ങൾ ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ' ഭൂമിയുടെ ശ്വാസകോശമാണ് ആമസോൺ വനാന്തരങ്ങൾ എന്ന കണ്ടെത്തലുകൾ വെറും തെറ്റിദ്ധാരണയാണ് എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.

സ്വകാര്യ സ്ഥാപനങ്ങളുടെ ഉറ്റതോഴന്‍ കൂടിയാണ് ബോൾസെനാരോ. ഭരണത്തിൽ കയറിയത് മുതൽ പൊതുമേഖല സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും സ്വകാര്യ സ്ഥാപനങ്ങൾക്ക് ശക്തി പകരുകയും ചെയ്യുന്ന രീതിയായിരുന്നു അദ്ദേഹത്തിന്. ഒരു വിഭാഗത്തിന്റെ ഇഷ്ടതോഴനും മറ്റൊരു വലിയ വിഭാഗത്തിന്റെ വെറുപ്പും സമ്പാദിച്ച വ്യക്തിയാണ് ബോൾസെനാരോ. രാജ്യത്തെ പകുതിയിലധികം ജനസംഖ്യയും പട്ടിണിയും വിലക്കയറ്റവും മൂലം നെട്ടോട്ടമോടുന്ന സമയത്ത് കൂടിയാണ് തിരഞ്ഞെടുപ്പ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

എക്സിറ്റ് പോൾ ഫലങ്ങൾ ബോൾസെനാരോയ്ക്ക് എതിരാണെങ്കിലും അതൊന്നും അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. യാതൊരുവിധ അടിസ്ഥാനമില്ലാതെയാണ് ബോള്‍സെനാരൊയുടെ വാദഗതികൾ. ബ്രസീലിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ തിരിമറി നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.

മിലിട്ടറിയുമായി അടുത്ത ബന്ധം പുലർത്തുന്ന ബോൾസെനാരോ ഫലപ്രഖ്യാപനം എതിരാണെങ്കിലും ഭരണകക്ഷിയെ അട്ടിമറിക്കാൻ പോലും സാധ്യത ഉണ്ടെന്ന് നിരീക്ഷകർ പറയുന്നു.

ലൂല ഡ സിൽവ
ലൂല ഡ സിൽവ

ലൂല ഡ സിൽവ

2003ലാണ് ആദ്യമായി ലൂല ഡ സിൽവ ബ്രസീൽ പ്രസിഡന്റാകുന്നത്. ബ്രസീലിന്റെ ആദ്യ വർക്കിങ് ക്ലാസ് പ്രസിഡന്റ് ആണ് അദ്ദേഹം. മുൻ യൂണിയൻ ലീഡറായിരുന്ന അദ്ദേഹം 2010 വരെ രാജ്യത്തിൻറെ നേതൃസ്ഥാനത്ത് തുടർന്നു. ഈ കാലയളവിലാണ് ബ്രസീൽ സമ്പദ് വ്യവസ്ഥ പുരോഗതി കൈവരിച്ചതും ആളുകളുടെ ജീവിതനിലവാരം ഉയർന്നതും. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ജനപ്രിയനാക്കി. അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ 83% ആയിരുന്നു ജനസമ്മിതി. അത്രത്തോളം ജനപ്രിയനായിരുന്നു ലൂല ഡ സിൽവ.

അഴിമതി തുടച്ചുനീക്കാന്‍ 2017ൽ നടന്ന 'ഓപ്പറേഷൻ കാർ വാഷിൽ' പ്രതിയായ അദ്ദേഹം ഒന്നര വർഷം ജയിൽ വാസം അനുഭവിച്ചു. പന്ത്രണ്ട് വർഷത്തെ തടവാണ് ലഭിച്ചങ്കിലും പിന്നീട് അദ്ദേഹത്തെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. എന്നാൽ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഇതിനെ മറികടക്കാനായാൽ വലിയൊരു തിരിച്ചുവരവിനാകും ബ്രസീൽ സാക്ഷ്യം വഹിക്കുക.

logo
The Fourth
www.thefourthnews.in