'ചെറിയ തിന്മയെ തിരഞ്ഞെടുക്കൂ'; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയെയും ട്രംപിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിനെയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിനെയും ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദശലക്ഷക്കണക്കിന് വരുന്ന കുടിയേറ്റക്കാരെ നാടുകടത്താനുദ്ദേശിക്കുന്ന ട്രംപിന്റെ പദ്ധതിയും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമലയുടെ നയവുമാണ് പോപ്പിന്റെ വിമര്‍ശനത്തിന് പാത്രമായത്.
സിംഗപ്പൂര്‍ സന്ദര്‍ശനത്തിനു ശേഷം റോമിലേക്ക് മടങ്ങും വഴി തന്റെ ഔദ്യോഗിക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ തുറന്നുപറച്ചില്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ''കുടിയേറ്റക്കാരെ നാടുകടത്തുന്നത് വലിയ തിന്മയാണെന്നും ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്നും അതിനാല്‍ അമേരിക്കയിലെ കത്തോലിക്കരോട് 'ഏറ്റവും ചെറിയ തിന്മ'യെ തിരഞ്ഞെടുക്കാനാണ് താന്‍ ആഹ്വാനം ചെയ്യുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
ട്രംപിന്റെയും കമലയുടെയും പേരെടുത്തു പറയാതെയായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം. എന്നാല്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഇരുവരും ഉയര്‍ത്തിക്കാട്ടുന്ന പ്രധാന നയങ്ങള്‍ ചുണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ദക്ഷിണേഷ്യയിലും ഓഷ്യാന രാജ്യങ്ങളിലുമായി നടത്തിയ 12 ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം വത്തിക്കാനിലേക്ക് മടങ്ങവെയായിരുന്നു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയത്.
''വോട്ട് ചെയ്യുകയെന്നത് തിന്മയല്ല, അത് മഹത്തായ ഒരു ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ്. എന്നാല്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഏറ്റവും ചെറിയ തിന്മയെ ആകണം തിരഞ്ഞെടുക്കേണ്ടത്. ആരാണത്? ആ വനിതയോ, പുരുഷനോ? എനിക്ക് അതിന് ഉത്തരമില്ല. പക്ഷേ നിങ്ങള്‍(അമേരിക്കയിലെ കത്തോലിക്കര്‍) അതിനെക്കുറിച്ച് നന്നായി ആലോചിച്ച് ഒരു തീരുമാനമെടുക്കണം''- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഒരു നിര്‍ണായക സ്വാധീനം ചെലുത്താന്‍ കെല്‍പുള്ളവരാണ് രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനത്തിലേറെ വരുന്ന കത്തോലിക്ക വിഭാഗം. ഏകദേശം 52 ദശലക്ഷം വരും അവരുടെ ജനസംഖ്യ. പലപ്പോഴും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് കത്തോലിക്ക വിഭാഗത്തിന്റെ പിന്തുണ ആര്‍ക്കെന്നതിനേ ആശ്രയിച്ചാണ്.
ഗര്‍ഭച്ഛിദ്രത്തിനെതിരേ എക്കാലവും ശക്തമായ നിലപാട് സ്വീകരിച്ചു പോന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്ക വിശ്വാസപ്രകാരം ഗര്‍ഭച്ഛിദ്രമെന്നത് ഏറ്റവും വലിയ പാപമാണ്. അതിനാല്‍ മാര്‍പാപ്പയുടെ ഒളിയമ്പ് കമല ഹാരിസിനു നേര്‍ക്കാണെന്നാണ് ട്രംപ് അനുകൂലികള്‍ പ്രതികരിക്കുന്നത്.
എന്നാല്‍ ട്രംപിനെതിരേയും ശക്തമായ നിലപാട് മാര്‍പാപ്പ സ്വീകരിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ നയപ്രഖ്യാപനത്തെ എക്കാലവും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. 2016-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ട്രംപ് ഒരു ക്രിസ്ത്യാനിയല്ലെന്നു വരെ മാര്‍പാപ്പ പറഞ്ഞിരുന്നു. ഇന്നലെ പക്ഷേ കമലയെയും ട്രംപിനെയും ഒരുപോലെ തള്ളുകയായിരുന്നു മാര്‍പാപ്പ. ഒരാള്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ യത്‌നിക്കുന്നു, മറ്റൊരാള്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്നു. ഇതുരണ്ടും 'ജീവിതങ്ങള്‍'ക്കെതിരാണ്- മാര്‍പാപ്പ വ്യക്തമാക്കി.