എയർ ആംബുലന്‍സായി ഇന്ത്യന്‍ വിമാനം ഉപയോഗിക്കരുതെന്ന് പ്രസിഡന്റ്; മാലദ്വീപില്‍ ചികിത്സ വൈകി പതിനാലുകാരന്‍ മരിച്ചു
മാലദ്വീപില്‍ എയർ ആംബുലന്‍സായി ഇന്ത്യന്‍ ഡ്രോണിയന്‍ എയർക്രാഫ്റ്റ് ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു വിലക്കിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ പോയെ 14 വയസുകാരന്‍ മരിച്ചു. മുയിസുവിനെതിരായ ആരോപണത്തില്‍ പ്രതിഷേധവും വിമർശനവും ശക്തമാകുന്നതിനിടെയാണ് കുട്ടികയുടെ മരണം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബ്രെയിന്‍ ട്യൂമറിനോടൊപ്പം പക്ഷാഘാതം സംഭവിച്ച കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി ഗാഫ് അലീഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടണില്‍ നിന്ന് മാലദ്വീപിന്റെ തലസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനായി എയർ ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു കുട്ടിക്ക് പക്ഷാഘാതം സംഭവിച്ചത്. ഇതോടെ എയർ ആംബുലന്‍സ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ കോളുകളോട് പ്രതികരണമുണ്ടായില്ല. 16 മണിക്കൂർ വൈകി വ്യാഴാഴ്ച രാവിലെയാണ് വ്യോമയാന മന്ത്രാലയം പ്രതികരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പ്രാദേശിക ആശുപത്രിയുടെ പുറത്തുള്‍പ്പെടെ പ്രതിഷേധം നടന്നിരുന്നു.
"പക്ഷാഘാതം ഉണ്ടായ ഉടന്‍ കുട്ടിയ മാലയിലെത്തിക്കുന്നതിനായി ഐലന്‍ഡ് ഏവിയേഷനിലേക്ക് വിളിച്ചെങ്കിലും അവർ കോളുകളോട് പ്രതികരിച്ചില്ല. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കോളെടുത്തത്. ഇത്തരം സന്ദർഭങ്ങളില്‍ എയർ ആംബുലന്‍സ് ഉണ്ടാകണമെന്നതാണ് ഏക പ്രതിവിധി," കുട്ടിയുടെ പിതാവ് പറഞ്ഞു.
കുട്ടിയെ മാലയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ആസന്ധ എന്ന കമ്പനിക്കാണ് ഒഴിപ്പിക്കലിന്റെ ചുമതല. അഭ്യർഥന ലഭിച്ച ഉടന്‍തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നെന്നും എന്നാല്‍ അവസാന നിമിഷമുണ്ടായ സാങ്കേതിക തടസം മൂലമാണ് വൈകിയതെന്നുമാണ് കമ്പനിയുടെ വിശദീകരണം.
കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് പ്രതിഷേധം നടന്നു. ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കുന്നതിനായി മറ്റുള്ളവരുടെ ജീവന്‍വച്ച് കളിക്കരുതെന്ന് മാലദ്വീപ് എംപി മീകയില്‍ നസീം വ്യക്തമാക്കി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.