തുർക്കിയില്‍ വീണ്ടും എർദോഗൻ യുഗം; ഇനി മുന്നോട്ട് എന്ത്?

തുർക്കിയില്‍ വീണ്ടും എർദോഗൻ യുഗം; ഇനി മുന്നോട്ട് എന്ത്?

2013 മുതല്‍ പ്രധാനമന്ത്രിയായും 2014 മുതല്‍ പ്രസിഡന്റായും തുര്‍ക്കിയുടെ തലപ്പത്ത് തുടരുന്ന എർദോർഗൻ്റെ അധികാര കാലയളവ് 2028 വരെ നീളും
Updated on
3 min read

പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി തുര്‍ക്കിയുടെ അധികാരകേന്ദ്രമായി അഞ്ചാം തവണയും റജബ് ത്വയ്യിബ് എര്‍ദോഗന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ്‌ കൈപ്പിടിയിലൊതുക്കിയ അധികാരം കാല്‍ നൂറ്റാണ്ടിലേക്ക്. 2013 മുതല്‍ പ്രധാനമന്ത്രിയായും 2014 മുതല്‍ പ്രസിഡന്റായും തുര്‍ക്കിയുടെ തലപ്പത്ത് തുടരുന്ന എർദോർഗൻ്റെ അധികാര കാലയളവ് 2028 വരെ നീളും. തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ എതിരാളിയായ കെമാല്‍ കിലിക്ദാരോഗ്ലുനെതിരെ 52.1 ശതമാനം വോട്ടുകള്‍ നേടിയാണ് എല്‍ദോഗന്‍ ജയമുറപ്പിച്ചത്.

കഴിഞ്ഞ 20 വര്‍ഷം തുര്‍ക്കി സാക്ഷ്യം വഹിച്ചത് പരിഷ്‌കരണവാദിയില്‍ നിന്ന് തികഞ്ഞ ഏകാധിപതിയിലേക്കുള്ള എല്‍ദോഗന്റെ മുഖം മാറ്റത്തിന് കൂടിയായിരുന്നു. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവില്‍ നിന്ന്, അധികാരത്തില്‍ മതിമറന്ന് അവരുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപതിയിലേക്കുള്ള പരിണാമം. 2003 ലാണ് എല്‍ദോഗന്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്.

തുർക്കിയില്‍ വീണ്ടും എർദോഗൻ യുഗം; ഇനി മുന്നോട്ട് എന്ത്?
തുർക്കിയിൽ വിജയം പ്രഖ്യാപിച്ച് എർദോഗൻ; നേടിയത് 52.1 ശതമാനം വോട്ട്

എല്‍ദോഗന്‍ ഭരണത്തിലേറുന്ന സമയത്ത് തുര്‍ക്കി പരിതാപകരമായ അവസ്ഥയിലായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള എല്‍ദോഗന്റെ ആദ്യകാല നയങ്ങളാണ് തുര്‍ക്കിയെ കരകയറ്റിയത്. ദാരിദ്ര്യ നിര്‍മാര്‍ജനം, സാമ്പത്തിക വളര്‍ച്ച, വിദ്യാഭ്യാസ രംഗത്തെ പുരോഗതി, ജീവിതനിലവാരം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ എല്ലാ മേഖലയിലും തുർക്കിക്ക് അഭിവൃദ്ധിയുടെ കാലമായിരുന്നു അത്. ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായ കാലത്ത് പോലും തുര്‍ക്കി കുലുങ്ങിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് 2007ലും 2011ലും തുര്‍ക്കിയിലെ ജനങ്ങള്‍ എര്‍ദോഗന് വീണ്ടും അധികാരം നല്‍കിയത്.

എന്നാല്‍ രണ്ടാമതും അധികാരം കൈയ്യിലെത്തിയപ്പോള്‍ എർദോഗന്റെ ഭരണരീതികളും മാറി. ജനസംരക്ഷണം എന്നതിലുപരി അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. ഒരാള്‍ക്ക് പ്രധാനമന്ത്രി പദത്തില്‍ മൂന്നു ടേം മാത്രമേ തുടരാനാകൂയെന്നാണ് തുര്‍ക്കി ഭരണഘടന അനുശാസിക്കുന്നത്. 2014-ല്‍ വീണ്ടും മത്സരിക്കാന്‍ എര്‍ദോഗന്‍ തയാറെടുത്തതോടെ ഇതു ഭരണപ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ചു. അപ്പോഴാണ് എര്‍ദോഗനില്‍ ഉറങ്ങിക്കിടന്നിരുന്ന ഏകാധിപതിയുടെ രൂപം പൂര്‍ണമായും വെളിച്ചത്തുവന്നത്.

അധികാരത്തിലേറി 11 വര്‍ഷത്തിന് ശേഷം, രാജ്യത്തിന്റെ സര്‍വ്വാധികാരം പ്രസിഡന്റിന് കൈമാറുന്ന രീതിയില്‍ എർദോഗന്‍ ഭരണഘടനയെ പൊളിച്ചെഴുതി. അധികം വൈകാതെ 2017 ല്‍ ഹിതപരിശോധന നടത്തി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്ക് പകരമായി എക്സിക്യൂട്ടീവ് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ മാറ്റുകയും പ്രധാനമന്ത്രിപദം നിര്‍ത്തലാക്കുകയും ചെയ്തു. തുടര്‍ന്ന് 2018-ല്‍ തുര്‍ക്കിയുടെ ചരിത്രത്തിലെ സര്‍വാധികാരമുള്ള ആദ്യ പ്രസിഡന്റായി എര്‍ദോഗന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണ തിരഞ്ഞടുപ്പില്‍ എര്‍ദോഗന്‍ അധികാരത്തില്‍ വരില്ലെന്നായിരുന്നു രാഷ്ടീയ നിരീക്ഷകരുടെ പ്രവചനം. തുര്‍ക്കി സെന്‍ട്രല്‍ അധികാരം കുറച്ചതും അതുവഴി തുര്‍ക്കിഷ് കറന്‍സിയുടെ മൂല്യമിടിഞ്ഞതും വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ആവാത്തതുമെല്ലാം എര്‍ദോഗന് തിരിച്ചടിയായിരുന്നു. അടുത്തിടെ തുര്‍ക്കിയെ തരിപ്പണമാക്കിയ ഭൂകമ്പം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയെന്നതും പ്രതിപക്ഷം അദ്ദേഹത്തിനെതിരെ പ്രചരണായുധമാക്കി. ഇരുപത് വര്‍ഷമായി അധികാരം കൈയ്യാളി ഭരണത്തില്‍ തുടരുന്ന എർദോഗന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്‍കുന്ന കെമാല്‍ വിജയിക്കുമെന്നുമാണ് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിച്ചത്.

ഈ പ്രവചനങ്ങളെയാകെ കാറ്റില്‍പ്പറത്തിയാണ്‌ എര്‍ദോഗന്‍ വീണ്ടും തുര്‍ക്കിയുടെ അധികാരചക്രം തിരിക്കാന്‍ എത്തുന്നത്. ജയിച്ചത് എട്ടരക്കോടി ജനങ്ങളാണെന്ന് എര്‍ദോഗന്‍ പ്രതികരിച്ചപ്പോള്‍ ജനാധിപത്യ പോരാട്ടം തുടരുമെന്നായിരുന്നു കെമാലിന്റെ പ്രഖ്യാപനം. പ്രസിഡന്റ് പദവിയിലേക്ക് തിരികെയെത്തിയ എര്‍ദോഗന് മുന്നില്‍ ഒരുപാട് ദൗത്യങ്ങള്‍ ഉണ്ട്.

രാജ്യത്തെയാകെ ഒന്നിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് എര്‍ദോഗന്‍ എതിരാളികളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നേരിട്ടത്. തനിക്ക് വോട്ട് ചെയ്യുന്നത് രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്നും അദ്ദേഹം പ്രചാരണത്തില്‍ ഉന്നയിച്ചിരുന്നു. വാഗ്ദാനങ്ങള്‍ വിശ്വസിച്ച് അധികാരത്തില്‍ കയറ്റിയവരെ എര്‍ദോഗന്‍ വീണ്ടും കൈവിടുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്തുക എന്നത് തന്നെയാകും എര്‍ദോഗന് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി. ഉയര്‍ന്നുവരുന്ന പണപ്പെരുപ്പം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാടെ തകര്‍ത്തിരിക്കുകയാണ്. പണപ്പെരുപ്പം കുറയ്ക്കുമെന്ന വിശ്വാസത്തില്‍ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്ന എര്‍ദോഗന്റെ നയമാണ് വിലക്കയറ്റത്തിന് കാരണമായത്.

ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സഖ്യമായ നാറ്റോയില്‍ ചേരാന്‍ സ്വീഡന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കെ അതിനെതിരെ വീറ്റോ അധികാരം പ്രയോഗിച്ചിരിക്കുകയാണ് തുര്‍ക്കി. എര്‍ദോഗന്‍ വീണ്ടും അധികാരത്തിലെത്തിയതോടെ സ്വീഡന്റെ നാറ്റോ പ്രവേശനവും പ്രതിസന്ധിയിലായിരിക്കുകയാണ്. കുര്‍ദിഷ് ത്രീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സ്വീഡന്‍ തടവിലാക്കിയിരിക്കുന്ന തുര്‍ക്കിഷ് പൗരന്മാരെ വിട്ടുതരാതെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന നിലപാടിലായിരുന്നു എര്‍ദോഗന്‍.

അയല്‍രാജ്യമായ സിറിയയുമായുള്ള അനുരഞ്ജനമാണ് എര്‍ദോഗന്റെ അടുത്ത ലക്ഷ്യം. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റായ ബാഷര്‍ അല്‍ ആസാദിനെ അട്ടിമറിക്കാന്‍ ആയുധമെടുത്ത പ്രതിപക്ഷത്തെ എര്‍ദോഗന്‍ പിന്തുണച്ചതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശം അവസ്ഥയിലാണ്. സമീപ കാലത്ത് സിറിയയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ എര്‍ദോഗന്‍ ശ്രമിച്ചിരുന്നെങ്കിലും മധ്യസ്ഥകള്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു.

അയല്‍രാജ്യമായ സിറിയയുമായുള്ള അനുരഞ്ജനമാണ് എര്‍ദോഗന്റെ അടുത്ത ലക്ഷ്യം

ഇരു രാജ്യ തലവന്മാരും നടത്തിയ ചര്‍ച്ചയില്‍ ആസാദ് കുറച്ച് വ്യവസ്ഥകള്‍ മുന്നോട്ട് വച്ചിരുന്നു. വടക്കന്‍ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ നിന്ന് തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കണമെന്നും, സായുധവിഭാഗങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സിറിയയിലെ സംഘര്‍ഷം മൂലം പലായനം ചെയ്ത മുപ്പത് ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികളെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി തുടങ്ങിക്കഴിഞ്ഞു. വടക്കന്‍ സിറിയയില്‍ ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മിക്കാമുള്ള പദ്ധതികളും എര്‍ദോഗന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ തെക്കുകിഴക്കന്‍ തുര്‍ക്കിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ അമ്പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും നഗരം മുഴുവന്‍ അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറുകയും ചെയ്തു. ഭൂകമ്പം ഉയര്‍ത്തിയ കനത്ത വെല്ലുവിളിയില്‍ നിന്ന് മറികടക്കുക എന്നത് എര്‍ദോഗന്റെ മുന്നിലുള്ള വലിയ കടമ്പയാണ്. ഏകദേശം നാല് മാസമായിട്ടും ദുരന്തം ഏല്‍പ്പിച്ച സാമ്പത്തികവും സാമൂഹികവുമായ ആഘാതം ഇപ്പോഴും അതേ ഭീകരതയില്‍ തന്നെ തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. പലരും ഇപ്പോഴും ടെന്റുകളിലും മറ്റും താമസിക്കുകയാണ്.

ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ദയനീയാവസ്ഥയിലൂടെയാണ് ജനങ്ങള്‍ കടന്നു പോകുന്നത്. നാശനഷ്ടങ്ങള്‍ 100 ബില്യണ്‍ ഡോളറിലധികം വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.

അസ്ഥിരമായ അവസ്ഥയിലൂടെയാണ് തുര്‍ക്കി ഇപ്പോള്‍ കടന്നുപോകുന്നത്. പണപ്പെരുപ്പവും ദുരന്തങ്ങളും വിലക്കയറ്റവുമെല്ലാം പിടിച്ചുലയ്ക്കുന്ന തുര്‍ക്കിയെ നേരെ നിര്‍ത്താന്‍ എര്‍ദോഗന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. കാല്‍ നൂറ്റാണ്ടിൻ്റെ ഭരണ ചരിത്രം എഴുതുമ്പോള്‍ രാജ്യത്തെ ഇല്ലാതാക്കിയ ഭരണാധികാരി എന്ന പേര് തലയില്‍ വരാതിരിക്കാന്‍ അധികാരഭ്രമം ഉപേക്ഷിച്ച് എര്‍ദോഗന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചേ മതിയാകൂ.

logo
The Fourth
www.thefourthnews.in