യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കുന്നു
യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കുന്നുReuters

മോദി-സെലന്‍സ്‌കി ചര്‍ച്ച; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസ ക്രമീകരണങ്ങള്‍ സുഗമമാക്കണമെന്ന് നരേന്ദ്ര മോദി

അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി യുക്രെയ്ന്‍ പ്രസിഡന്റ് ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു
Updated on
1 min read

യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതായി സെലന്‍സ്‌കി പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസ ക്രമീകരണങ്ങള്‍ സുഗമമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയാണ് സെലന്‍സ്‌കി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി യുക്രെയ്ന്‍ പ്രസിഡന്റ് ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു. ഫെബ്രുവരി 24ന് റഷ്യ യുക്രൈൻ ആക്രമിച്ചതിന് ശേഷം മോദിയും സെലൻസ്‌കിയും തമ്മിലുള്ള നാലാമത്തെ ടെലിഫോൺ സംഭാഷണമാണിത്. ചർച്ച നടന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും അറിയിച്ചു.

യുക്രെയിനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുക, തടവുകാരെ മോചിപ്പിക്കുക, ആണവസുരക്ഷ, ഭക്ഷണം, ഊര്‍ജ സുരക്ഷ എന്നിവ ഉറപ്പ് നല്‍കുക എന്നിവയായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തില്‍ യുക്രെയ്ൻ ആവശ്യപ്പെട്ട കാര്യങ്ങള്‍

ജി 20ക്ക് ആതിഥേയത്വം വഹിക്കുന്നതിന് ആശംസകള്‍ നേര്‍ന്ന സെലന്‍സ്‌കി സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ഐക്യരാഷ്ട്ര സഭയിലെ മാനുഷിക സഹായത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ട്വിറ്റിലൂടെ അറിയിച്ചു. യുക്രെയിനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുക, തടവുകാരെ മോചിപ്പിക്കുക, ആണവസുരക്ഷ, ഭക്ഷണം, ഊര്‍ജ സുരക്ഷ എന്നിവ ഉറപ്പ് നല്‍കുക എന്നിവയായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തില്‍ യുക്രെയ്ൻ ആവശ്യപ്പെട്ട കാര്യങ്ങള്‍. യുദ്ധം ആരംഭിച്ചത് മുതല്‍ ഇന്ത്യ വിവിധ തരം സഹായങ്ങള്‍ യുക്രെയ്നിന് നല്‍കിവരുന്നുണ്ട്. മരുന്നുകള്‍, പുതപ്പുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ ഇതുവരെ നല്‍കിയിട്ടുള്ളത്.

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു

ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി- ''യുക്രെയ്‌നിലെ സംഘർഷത്തെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും ശ്രമിക്കണം. ഏത് സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയുണ്ട്. ദുരിതബാധിതരായ സാധാരണക്കാര്‍ക്ക് മാനുഷിക സഹായം നല്‍കുന്നതില്‍ ഇന്ത്യ പ്രതിബദ്ധമാണ്'' എന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഈ വർഷമാദ്യം യുക്രെയ്‌നിൽ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ സുഗമമാക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചു. ഏകദേശം 20,000ത്തോളം വിദ്യാര്‍ഥികളാണ് ഈ വർഷം യുക്രെയിനില്‍ നിന്ന് തിരിച്ചെത്തിയത്.

യുക്രെയിനെതിരെയുള്ള നടപടി, ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം തുടങ്ങിയവ ചർച്ച ചെയ്യാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിൻ നരേന്ദ്ര മോദിയുമായി ഡിസംബർ 16-ന് ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലെൻസ്‌കി-മോദി ഫോൺ സംഭാഷണം നടക്കുന്നത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനുശേഷം ഈ വർഷം പുടിനും മോദിയും നടത്തുന്ന അഞ്ചാമത്തെ ഫോൺ സംഭാഷണമായിരുന്നു അത്. ഈ വർഷം വാർഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി റഷ്യയിൽ പോയിരുന്നില്ല.

logo
The Fourth
www.thefourthnews.in