'കിങ് ചാൾസ് മൂന്നാമൻ', ചാൾസ് രാജകുമാരൻ ബ്രിട്ടീഷ് രാജാവാകും
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ മൂത്തമകനും വെയില്‍സിലെ രാജകുമാരനുമായ ചാള്‍സ് ബ്രിട്ടന്റെ രാജപദവിയിലേക്ക് എത്തുകയാണ്. 73-ാം വയസില്‍ ബ്രിട്ടീഷ് രാജാവാകുന്ന ചാള്‍സ്, രാജപദവയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ചാൾസ് മൂന്നാമൻ എന്ന പേരാകും അദ്ദേഹം സ്വീകരിക്കുകയെന്ന് രാജകുടുംബം അറിയിച്ചു. ചാൾസ് ഫിലിപ്പ് ആർഥര്‍ ജോർജ് എന്നാണ് യഥാര്‍ഥ പേര്. ചാള്‍സിന്റെ ഭാര്യ കാമിലയാകും ബ്രിട്ടീഷ് രാജ്ഞി. എഴുപതാം ഭരണ വാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍, കാമിലക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി എലിസബത്ത് രാജ്ഞി നല്‍കിയിരുന്നു.
25-ാം വയസില്‍ രാജപദവിയിലെത്തിയ എലിസബത്ത് രാജ്ഞിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ചാള്‍സിന്റെ സ്ഥാനാരോഹണം. രാജപദവി ഏറ്റെടുക്കും മുന്‍പ് തയ്യാറെടുപ്പുകള്‍ നടത്താന്‍ അദ്ദേഹത്തിന് ഏറെ സമയം ലഭിച്ചു. എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ പൈതൃകത്തിനൊപ്പമെത്താന്‍ ചാള്‍സിന് സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഡയാന രാജകുമാരിയുമായുള്ള വിവാഹവും വിവാദങ്ങളും , കാമില പാർക്കറുമായുള്ള വിവാഹേതര ബന്ധവും തുടങ്ങി ചാൾസ് മുഖ്യധാരയിൽ ചർച്ചയായ അവസരങ്ങൾ അനവധിയാണ്. ഡയാനയുടെ അന്താരാഷ്ട്ര പ്രശസ്തി പലഘട്ടങ്ങളിലും ചാള്‍സിനെ കുറിച്ചും ലോകം ചര്‍ച്ച ചെയ്യാനിടയാക്കി. ഡയാനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും അവരുടെ ആകസ്മികമായ മരണവും ബ്രിട്ടീഷ് ജനതയ്ക്കിടയിൽ ചാൾസിന്റെ ജനകീയതയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. ചാള്‍സിനും രാജകുടുംബത്തിനും വില്ലന്‍ പരിവേഷം പോലും നല്‍കിയതായിരുന്നു ഡയാനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. ദീര്‍ഘകാലം കാമുകിയായിരുന്ന കാമില പാര്‍ക്കറിനെ വിവാഹം കഴിച്ച ശേഷം മുഖച്ഛായ മാറ്റിയെടുക്കാന്‍ ചാള്‍സ് ശ്രമിച്ചു. കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം കടന്നു.
ഇഷ്ട വിഷയങ്ങളായ വാസ്തുവിദ്യ , പരിസ്ഥിതി , കൃഷി മുതലായവയെ കുറിച്ച് ചാള്‍സ് അഭിപ്രായം പങ്കുവയ്ക്കുന്നത് പതിവായിരുന്നു. എന്നാൽ അത്തരം നിലപാടുകളെല്ലാം പലപ്പോഴും വിചിത്രമോ പഴഞ്ചനോ ആയാണ് വിലയിരുത്തപ്പെട്ടത്.
ചുരുക്കം ചിലർ അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ കാലത്തിന് മുൻപേ നടന്നവയായും കണക്കാക്കി. 2020 ജനുവരിയിൽ, ആഗോള താപനത്തെക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഒരു പുതിയ പട്ടണം പണിയുകയും ഒരു ഓർഗാനിക് ഫുഡ് റേഞ്ച് ആരംഭിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം തന്റെ തത്വങ്ങൾ പ്രായോഗികമാക്കാൻ ശ്രമിച്ചു.
ബ്രിട്ടീഷ് രാജവാഴ്ചയുടെ ആധുനികവൽക്കരണത്തെ ഉൾക്കൊള്ളുന്നയാൾ കൂടിയാണ് ചാൾസ്. യൂണിവേഴ്സിറ്റി ബിരുദം നേടിയ ബ്രിട്ടന്റെ ആദ്യ അവകാശി കൂടിയാണ് അദ്ദേഹം. ചാൾസ് രാജാവിന്റെ സ്ഥാനാരോഹണത്തോടെ , 40-കാരനായ വില്യം രാജകുമാരൻ അനന്തരാവകാശിയായി മാറും.