രണ്ട് വര്‍ഷത്തിന് ശേഷം വില്യമും ഹാരിയും ഒരുമിച്ച്; കരഘോഷത്തോടെ സ്വീകരിച്ച് ജനങ്ങള്‍
റോയിട്ടേഴ്സ്

രണ്ട് വര്‍ഷത്തിന് ശേഷം വില്യമും ഹാരിയും ഒരുമിച്ച്; കരഘോഷത്തോടെ സ്വീകരിച്ച് ജനങ്ങള്‍

രാജ്ഞിയുടെ സംസ്കാരം ദുഃഖാചരണത്തിന്റെ പത്താം ദിനമായ സെപ്റ്റംബർ 19 ന് നടക്കും
Updated on
1 min read

എലിസബത്ത് രാജ്ഞിയുടെ മരണവും മരണനാന്തര ചടങ്ങുകളും ഒരു കൂടിച്ചേരലിന് കൂടി വഴിയൊക്കുകയാണ്. മറ്റാരുടേതുമല്ല, രാജകുടുംബത്തിലെ സഹോദരന്മാരായ വില്യമിന്‌റേയും ഹാരിയുടേയും. ശനിയാഴ്ച വിന്‍ഡ്സര്‍ കാസിലിലെ കേംബ്രിഡ്ജ് ഗേറ്റില്‍ സഹോദരന്മാര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. 2020ന് ശേഷം ആദ്യമായാണ് ഇരുവരും പൊതുവേദിയില്‍ ഒരുമിച്ചെത്തുന്നത്.

കറുത്തവസ്ത്രം ധരിച്ചാണ് ഇരുവരുമെത്തിയത്. വെയ്ല്‍സിലെ രാജകുമാരനായി പ്രഖ്യാപിക്കപ്പെട്ട വില്യമിനൊപ്പം ഭാര്യ കാതറിനും ഹാരിക്കൊപ്പം ഭാര്യ മേഗനുമുണ്ടായിരുന്നു. നാലുപേരും ഒരുമിച്ച് ജനങ്ങള്‍ കൂടി നില്‍ക്കുന്ന ഭാഗത്തെത്തി. ആവേശത്തോടെയും കരഘോഷങ്ങളോടെയുമാണ് പൊതുജനങ്ങള്‍ ഒരുമിച്ചെത്തിയ സഹോദരന്മാരെ സ്വീകരിച്ചത്. രാജ്ഞിക്ക് ജനങ്ങള്‍ സമര്‍പ്പിച്ച പൂക്കളും മറ്റ് ആദരങ്ങളും 40 മിനിട്ടിലേറെ സമയം നടന്ന് നാലുപേരും ചുറ്റിക്കണ്ടു.

വ്യാഴാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറില്‍ രാജ്ഞിയുടെ മരണസമയത്ത് വില്യമിനേയും ഹാരിയേയും ഒരുമിച്ച് കണ്ടിരുന്നില്ല. വില്യമും രാജകുടുംബാംഗങ്ങളും ഒരുമിച്ച് നിന്നപ്പോള്‍, ഹാരി ഒറ്റയ്ക്കാണ് എത്തിയത്.

റോയിട്ടേഴ്സ്

2020ലാണ് ഹാരിയും മേഗന്‍ മെര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിച്ചത്. പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിച്ച് ഇരുവരും കാനഡയിലേക്ക് താമസം മാറി. 2018ല്‍ കറുത്തവര്‍ഗ പാരമ്പര്യമുള്ള അമേരിക്കക്കാരി മേഗന്‍ മെര്‍ക്കലുമായുള്ള വിവാഹത്തോടെയാണ് ഹാരിയും രാജകുടുംബവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ തുടക്കം. 2021ല്‍ ഓപ്ര വിന്‍ഫ്രിയുടെ ടെലിവിഷന്‍ ഷോയില്‍ പേര് വെളിപ്പെടുത്താതെ, ഒരു രാജകുടുംബാംഗത്തിനെതിരെ വംശീയ അധിക്ഷേപ ആരോപണം മേഗന്‍ ഉന്നയിച്ചിരുന്നു. ഇതോടെ ബന്ധം കൂടുതല്‍ വഷളായി.

ദുഃഖാചരണത്തിന്റെ പത്താം ദിനമായ സെപ്റ്റംബർ 19 തിങ്കളാഴ്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കും. രാവിലെ 11 മണിക്ക് വെസ്റ്റ്മിൻസ്റ്റർ ആബിയിലായിരിക്കും ചടങ്ങുകളെന്ന് ബക്കിംങ്ഹാം കൊട്ടാരം അറിയിച്ചു.

logo
The Fourth
www.thefourthnews.in