പ്രാഥമിക അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു; ബഹ്‌റൈനിലെ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി ബഹ്‌റൈനില്‍ തടവുകാര്‍ സമരത്തില്‍. ബഹ്‌റൈന്‍ ജൗ ജയിലിലെ അഞ്ഞൂറോളം വരുന്ന തടവുകാരാണ് പത്തി ദിവസത്തിലേറെയായി ഭക്ഷണം ഉള്‍പ്പെടെ ഉപേക്ഷിച്ച് സമരം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹ്‌റൈന്‍ ജയിലിനുള്ളില്‍ ഇത് വരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മുന്‍ തടവുകാരനായ സയ്യിദ് അല്‍വാദേയ് എന്നയാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് ഏഴിനാണ് തടവുകാര്‍ സമരം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ശരിയായ വൈദ്യസഹായം ലഭ്യമാക്കുക എന്നിവയാണ് നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ പ്രധാന ആവശ്യങ്ങൾ
സെല്ലുകള്‍ക്ക് പുറത്ത് അധിക സമയം അനുവദിക്കുക എന്നതാണ് നിരാഹാര സമരം നടത്തുന്നവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവില്‍ ഒരുമണിക്കൂര്‍ മാത്രമാണ് തടവുകാര്‍ക്ക് സെല്ലിന് പുറത്ത് അനുവദിച്ചിട്ടുള്ള സമയം. പ്രാര്‍ത്ഥനകള്‍ക്കുള്ള സമയം വര്‍ധിപ്പിക്കുക, കുടുംബാഗങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍ നീക്കുക, വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ശരിയായ വൈദ്യസഹായം ലഭ്യമാക്കുക എന്നിവയാണ് നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ മറ്റ് ആവശ്യങ്ങൾ. ഇവ നിസ്സാരമായവയല്ലെന്നും മനുഷ്യജീവിതത്തിന് പ്രധാനപ്പെട്ട ആവശ്യങ്ങളാണെന്നാണ് തടവുകാര്‍ ഉയര്‍ത്തുന്ന വാദം.
മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുല്‍ഹാദി അല്‍ ഖവാജ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ തടവുകാരും ജൗവിലെ പ്രതിഷേധങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദ്രോഗ രോഗ ബാധിതനായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നുള്‍പ്പെടെ ആക്ഷേപങ്ങളുണ്ടായിരുന്നു. കാര്‍ഡിയോളജിസ്റ്റിനെ കാണാന്‍ 11 തവണ ശ്രമിച്ചിട്ടും അബ്ദുല്‍ഹാദി അല്‍ ഖവാജയ്ക്ക് വൈദ്യസഹായം നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഖവാജ നിരാഹാര സമരം ആരംഭിച്ചതെന്ന് അദ്ദേഹത്തിന്റെ മകളും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയം അല്‍ ഖവാജ അറിയിച്ചു.
'വൈദ്യസഹായം നിഷേധിക്കുന്ന നടപടി അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കും. എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ രോഗം ഭേദമാകണമെങ്കില്‍ അടിയന്തര ശസ്ര്രതിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്'. മറിയം അല്‍ ഖവാജ അറിയിച്ചു.
കുരുമുളക് സ്പ്രേ മുഖത്ത് ഒഴിക്കുക പോലുള്ള ക്രൂരപീഡനങ്ങളാണ് തടവുകാർക്ക് നേരെയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ബഹ്റൈനില്‍ തടവുകാര്‍ നേരിടുന്നത് പല തരത്തിലുള്ള ക്രൂര പീഡനങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുരുമുളക് സ്പ്രേ മുഖത്ത് ഒഴിക്കുക പോലുള്ള ക്രൂരപീഡനങ്ങളാണ് പലരും നേരിട്ടിരുന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തള്ളുകയാണ് അധികൃതര്‍. തടവുകാര്‍ക്ക് എല്ലാ അവകാശങ്ങള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബഹ്റൈൻ സർക്കാർ അന്വേഷണം നടത്തിയെന്നും തെറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അവരുടെ വാദം.
1.5 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ബഹ്‌റൈനില്‍ ഏദദേശം 3800 പേരാണ് ജയിലിനുള്ളിലുള്ളത്. ബഹ്റൈന്‍ ഭരണാധികാരികളായ അല്‍ ഖലീഫ കുടുംബത്തിനെതിരെ 2011 ല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സംഭവത്തിലുള്‍പ്പെടെ പിടിയിലായവരും തടവിലാക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ പ്രതിഷേധത്തില്‍ ഫലമായി രണ്ട് രാഷട്രീയ പാര്‍ട്ടികളെ നിരോധിക്കുകയും ചെയ്തിരുന്നു. ശക്തമായ അടിച്ചമര്‍ത്തലാണ് അന്ന് പ്രക്ഷോഭകർക്ക് നേരെ ഭരണകൂടം നടത്തിയത്.