ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം; പാകിസ്താനിൽ വൻ പ്രതിഷേധം

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം; പാകിസ്താനിൽ വൻ പ്രതിഷേധം

തോഷ്ഖാന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി
Updated on
1 min read

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ വൻ പ്രതിഷേധം. തനിക്കെതിരായ നീക്കത്തിനെതിരെ എല്ലാവരും അണിനിരക്കണമെന്ന ഇമ്രാൻ ഖാന്റെ ആഹ്വാനത്തിന് പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇമ്രാൻ ഖാന്റെ അറസ്റ്റ് ചെയ്യാൻ ലാഹോറിലെ വസതിയായ സമാൻ പാർക്കിൽ ഇസ്ലാമബാദ് പോലീസെത്തിയതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. വസതിക്ക് പുറത്ത് തടിച്ചുകൂടിയ ഇമ്രാന്റെ അനുയായികളെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നിലവിൽ സമാൻ പാർക്കിലേക്കുള്ള റോഡുകളെല്ലാം ഇമ്രാൻ ഖാന്റെ അനുയായികൾ ഉപരോധിച്ചിരിക്കുകയാണ്. തോഷ്ഖാന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

“എന്നെ അറസ്റ്റ് ചെയ്‌താൽ രാജ്യം ഉറങ്ങുമെന്ന് അവർ കരുതുന്നുവെന്നും അത് തെറ്റാണെന്ന് തെളിയിക്കണം” എന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്നാണ് പല നഗരങ്ങളിലും പ്രതിഷേധങ്ങൾ ആരംഭിച്ചത്.

ഇസ്ലാമബാദ്, പെഷാവർ, കറാച്ചി, റാവല്പിണ്ടി എന്നീ പ്രധാന നഗരങ്ങളിലാണ് പ്രതിഷേധം. തെഹ്‌രീക് ഇ ഇൻസാഫ് പ്രവർത്തകർ ഗവർണർ ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പെഷവാറിൽ, പ്രസ് ക്ലബ്ബിന് പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി. കറാച്ചിയിലെ 4 കെ ചൗരംഗി, 5 സ്റ്റാർ ചൗരംഗി, ബനാറസ് ചൗക്ക്, അൽ-ആസിഫ് സ്ക്വയർ, ഷഹീൻ ചൗക്ക്, മിർസ ആദം ഖാൻ ചൗക്ക്, മുർഗി ഖാന എന്നിവിടങ്ങളിലും പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാല്‍ ഇമ്രാൻ ഖാനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു.

അതേസമയം, ഇമ്രാൻ ഖാന്റെ അറസ്റ്റ് വാറണ്ടിനെ ചോദ്യം ചെയ്ത് പിടിഐ ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഇന്ന് ഹർജി സമർപ്പിച്ചിരുന്നു. സമാൻ പാർക്കിന് പുറത്ത് പോലീസും പിടിഐ പ്രവർത്തകരും മുഖാമുഖം വന്നതിന് തൊട്ടുപിന്നാലെയാണ് ഹർജി നൽകിയത്. ഇന്ന് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ച കോടതി ഹർജി നാളെ പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.

സമാൻ പാർക്കിൽ പോലീസെത്തിയതിന് പിന്നാലെ ഇമ്രാൻ ഖാൻ വീഡിയോയിലൂടെ അനുയായികളെ അഭിസംബോധന ചെയ്തിരുന്നു. “എന്നെ അറസ്റ്റ് ചെയ്‌താൽ രാജ്യം ഉറങ്ങുമെന്ന് അവർ കരുതുന്നുവെന്നും അത് തെറ്റാണെന്ന് തെളിയിക്കണം” എന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്നാണ് പല നഗരങ്ങളിലും പ്രതിഷേധങ്ങൾ ആരംഭിച്ചത്.

നിയമം നടപ്പിലാക്കാനാണ് തങ്ങളുടെ ശ്രമമെന്നും ദയവ് ചെയ്ത് എല്ലാവരും സഹകരിക്കണമെന്നും, ആരും നിയമം കയ്യിലെടുക്കരുതെന്നും ഇസ്ലാമാബാദ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഷഹ്‌സാദ് ബുഖാരി വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ നടപടിക്കെതിരെ പാകിസ്താന്‍ മുസ്ലിംലീഗ് പാര്‍ട്ടി നേതാവും, നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് രംഗത്തെത്തി. സംഘര്‍ഷത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് പരിക്കേറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇമ്രാന്‍ ഖാനായിരിക്കുമെന്ന് മറിയം നവാസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in