മതമൗലിക ഭരണത്തിൽ നിന്നുള്ള മോചനം; ഇറാനില്‍ തുടരുന്നത് ജനതയുടെ സ്വാതന്ത്ര്യ സമരം

മതമൗലിക ഭരണത്തിൽ നിന്നുള്ള മോചനം; ഇറാനില്‍ തുടരുന്നത് ജനതയുടെ സ്വാതന്ത്ര്യ സമരം

ഹിജാബ് വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് പ്രക്ഷോഭം ആരംഭിച്ചതെങ്കിലും, ഇസ്ലാമിക വിപ്ലവത്തിലെന്ന പോലെ ഇറാനില്‍ സമൂല മാറ്റമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്
Updated on
4 min read

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം 16 ദിവസം പിന്നിടുന്നു. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറാനിയന്‍ തെരുവുകളില്‍ ഇത്തരത്തില്‍ പ്രക്ഷോഭം അലയടിക്കുകയാണ്. ഇരുപത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ ഇത്രത്തോളം ബുദ്ധിമുട്ടുള്ള ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അല്‍ ജസീറ കറസ്പോണ്ടന്റ് ഡോര്‍സ ജബ്ബാരി അഭിപ്രായപ്പെട്ടത്. അത്രയും രൂക്ഷമാണ് ഇറാനിലെ സാഹചര്യം.

മഹ്സ അമീനി എന്ന 22കാരിയുടെ മരണമാണ് ഒട്ടേറെ നാളായി ഇറാനിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഭരണകൂട വിരുദ്ധത പെട്ടെന്ന് പൊട്ടിപ്പുറപ്പെടാന്‍ കാരണം. ഹിജാബ് വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് പ്രക്ഷോഭം ആരംഭിച്ചതെങ്കിലും, ഇസ്ലാമിക വിപ്ലവത്തിലെന്ന പോലെ ഇറാനില്‍ സമൂല മാറ്റമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.

ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 133 പേരാണ് പ്രതിഷേധത്തിനിടെ ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പ്രതിഷേധക്കാരും സാമൂഹ്യ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനെല്ലാം പുറമെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി ഇറാനില്‍ കഴിഞ്ഞ ഏഴ് ദിവസമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായോ പൂര്‍ണമായോ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, സിഗ്‌നല്‍, ഗൂഗിള്‍ പ്ലേ, ആപ്പ് സ്റ്റോര്‍ തുടങ്ങി നിരവധി വിദേശ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമാവുകയും മറ്റ് വെബ്സൈറ്റുകളെല്ലാം ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാവുകയും ചെയ്തു. ഇറാന്റെ 31 പ്രവിശ്യകളിലേക്ക് വ്യാപിച്ച രാജ്യവ്യാപകമായ പ്രതിഷേധത്തെക്കുറിച്ച് രാഷ്ട്രത്തിന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖോമേനി പ്രതികരിച്ചിട്ടില്ല.

മഹ്‌സ അമിനിയുടെ മരണം

കുടുംബത്തോടൊപ്പം ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ സന്ദർശിക്കാൻ എത്തിയതായിരുന്നു മഹ്‌സ അമിനി എന്ന 22കാരി. നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന മഹ്‌സയെ ഹിജാബ് കൃത്യമായി ധരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 'മൊറാലിറ്റി പോലീസ്' എന്നറിയപ്പെടുന്ന ഗൈഡൻസ് പെട്രോൾ അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയിലായിരിക്കെ ഹൃദയാഘാതം ഉണ്ടായി എന്ന് കാണിച്ച് മൊറാലിറ്റി പോലീസ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോമയിൽ ആയിരുന്ന മഹ്‌സ മൂന്ന് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 16ന് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

മൊറാലിറ്റി പോലീസിന്റെ വസ്ത്രധാരണത്തെ പറ്റിയുള്ള ക്ലാസിനിടെ മഹ്‌സയ്ക്ക് ഹൃദയാഘാതം സംഭവിച്ചു എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ പോലീസ് മർദ്ദനത്തിൽ മഹ്‌സയ്ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ വക്താവിന്റെ കണ്ടെത്തൽ. റിപ്പോർട്ടുകൾ പ്രകാരം മഹ്‌സയുടെ തല വാഹനത്തിൽ ബലമായി ഇടിപ്പിച്ചതിന് തെളിവുകളുണ്ടെന്നും പറയുന്നു. മഹ്‌സയെ മൊറാലിറ്റി പോലീസ് കസ്റ്റഡിയിലിരിക്കെ മാനസികമായി പീഡിപ്പിച്ചതായി കുടുംബവും ആരോപണം ഉന്നയിച്ചു.

മഹ്‌സ അമിനി
മഹ്‌സ അമിനി

ഹിജാബ് കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ മൊറാലിറ്റി പോലീസിന്റെ കസ്റ്റഡിയിലിരുന്ന പെൺകുട്ടി കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. 43 വർഷങ്ങളായി കടുത്ത മതമൗലിക ഭരണകൂടത്തിന് കീഴിൽ കഴിയുന്ന ഇറാനിൽ വസ്ത്രധാരണം സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിന്റെ ബാക്കിയാണ് പുതിയ സംഭവങ്ങള്‍.

മതമൗലിക ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭം

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഭരണകൂടം ഹിജാബ് അടിച്ചേല്പിക്കുന്നതിനെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇറാനിലെ നിയമവ്യവസ്ഥ അനുസരിച്ച്, വിദേശി- സ്വദേശി ഭേദമന്യേ എല്ലാവരും ഭരണകൂടം പറയുന്ന പോലെയുള്ള ഇസ്ലാമിക വസ്ത്രങ്ങൾ ധരിക്കണം. അതിന് മേൽനോട്ടം വഹിക്കാൻ ഗൈഡൻസ് പെട്രോൾ എന്ന സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗമാണ് സ്ത്രീകൾ കൃത്യമായി വസ്ത്രം ധരിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കുന്നത്. നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുകയും പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി വസ്ത്രധാരണത്തെ പറ്റിയുള്ള ഒരു മണിക്കൂർ നീണ്ട റീ എജ്യുക്കേഷൻ ക്ലാസുകൾ നൽകുകയും ചെയ്യാറുണ്ട്. മൊറാലിറ്റി പോലീസ് എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വർഷങ്ങളായി ചെറിയ തോതിലെങ്കിലും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

സ്ത്രീകളുടെ എല്ലാ വിധ അവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ള നിയമവ്യവസ്ഥയാണ് ഇറാനിൽ നിലവിലുള്ളത്. സ്ത്രീകൾക്ക് അതിർത്തി കടക്കണമെങ്കിൽ ഭർത്താവിന്റെയോ പിതാവിന്റെയോ അനുവാദം ഉണ്ടാകണം, ബൈക്കുകൾ ഓടിക്കാനുള്ള അനുവാദമില്ല, ഭർത്താവല്ലാത്ത ഏതെങ്കിലും വ്യക്തിയുമായി കൈകോർത്തു നടക്കുന്നത് വരെ ഇറാനിൽ ശിക്ഷാർഹമാണ്. ഇതെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നത് മൊറാലിറ്റി പോലീസും.

"നിയമപരമായി വിവാഹിതരല്ലെങ്കിൽ പങ്കാളിയുമായി പരസ്യമായി കൈകോർത്ത് നടക്കുന്നത് പോലും കുറ്റകരമാണ്. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങൾക്ക് ആവശ്യമുള്ളത് ധരിക്കാനോ പാടാനോ ബൈക്ക് ഓടിക്കാനോ അനുവാദമില്ല! മദ്യപാനം പൂർണ്ണമായും നിയമവിരുദ്ധമാണ്, കലകളെല്ലാം സർക്കാർ സെൻസർ ചെയ്യും" ഇറ്റലിയിൽ പഠിക്കുന്ന ഇറാനിയൻ വിദ്യാർത്ഥി ബ്രിട്ടീഷ് മാധ്യമമായ ഗാർഡിയനോട് പറഞ്ഞു.

ഹിജാബ് വിരുദ്ധ നയങ്ങള്‍ക്കെതിരെ തുടങ്ങിയ പ്രക്ഷോഭം നിലവിൽ ഇറാനിലെ നിയമ വ്യവസ്ഥയോടും മതമൗലിക ഭരണകൂടത്തിനുമെതിരായി മാറിയിരിക്കുകയാണ്. അതിനെ ഹിജാബ് വിരുദ്ധമെന്ന ചെറിയൊരു രീതിയിൽ കാണുക സാധ്യമല്ല. സ്ത്രീ സ്വാതന്ത്ര്യത്തിനും ആയത്തൊള്ള അലി ഖൊമേനിയെന്ന പരമോന്നത നേതാവിന്റെ കീഴിലുള്ള ശരീഅത്ത് ഭരണത്തിനുമെതിരെ ഹിജാബ് കത്തിച്ചും മുടി മുറിച്ചുമാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. വസ്ത്രങ്ങൾ വേണ്ടവർക്ക് ധരിക്കാനും വേണ്ടാത്തവർക്ക് അത് ഉപേക്ഷിക്കാനുമുള്ള അവകാശങ്ങൾ വേണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ആയത്തൊള്ള ഖൊമേനി
ആയത്തൊള്ള ഖൊമേനി

ഇറാനിലെ ഭരണവ്യവസ്ഥ

1979 ഏപ്രിൽ ഒന്നിനാണ് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ നിലവിൽ വരുന്നത്. ഷാ ഭരണകൂടത്തിൻറെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്താനായി നിലവിൽ വന്ന ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായിരുന്നു ആയത്തൊള്ള ഖൊമേനി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇറാനിൽ ഇസ്ലാമിക ഭരണകൂടം നിലവിൽ വരുന്നത്. ഷാ ഭരണകൂടത്തിന്റെ കാലത്ത് പാശ്ചാത്യ സംസ്കാരത്തോട് ചേർന്ന് നിന്നുവെങ്കിലും ഖൊമേനി നേതാവായതോട് കൂടി ശരീഅത്ത് നിയമങ്ങളുടെ കീഴിലായി ഇറാൻ. ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത നിലയിലായിരുന്നു ഖൊമേനിയുടെ സ്ഥാനം. അതേ രീതി തന്നെയാണ് നിലവിലുള്ളത്.

ജനാധിപത്യ മാർഗത്തിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെങ്കിലും അവസാന വാക്ക് പരമോന്നത നേതാവിന്റേതാണ്. ആയത്തൊള്ള അലി ഖൊമേനിയാണ് നിലവിലെ പരമോന്നത നേതാവ്. പ്രസിഡന്റും പാർലമെന്റുമെടുക്കുന്ന സുപ്രധാന നയങ്ങളില്‍ അവസാന വാക്ക് അദ്ദേഹത്തിന്റേതാണ്. അലി ഖൊമേനിയെ മാറ്റാനുള്ള അധികാരമുള്ളത് 86 അംഗങ്ങളുടെ സമിതിയായ കൗൺസിൽ ഓഫ് എക്സ്പെർട്സിനാണ്. എന്നാൽ ചരിത്രത്തിൽ ഇതുവരെ പരമോന്നത നേതാവിനെതിരെ ഈ സമിതി യാതൊരു നടപടികളും എടുത്തിട്ടില്ല.

ആയത്തൊള്ള അലി ഖൊമേനി
ആയത്തൊള്ള അലി ഖൊമേനി

ഇറാനിയൻ രാഷ്രീയത്തെ തന്നെ നിയന്ത്രിക്കുന്ന 12 അംഗ ഗാർഡിയൻ കൗൺസിലും പരമോന്നത നേതാവിന്റെ കീഴിലാണ്. ഇതിലെ ആറ് അംഗങ്ങളെ നിയമിക്കുന്നത് പരമോന്നത നേതാവ് നേരിട്ടും ബാക്കി ആറ് പേരെ അദ്ദേഹം തന്നെ നിയമിക്കുന്ന ചീഫ് ജസ്റ്റീസുമാണ് തിരഞ്ഞെടുക്കുന്നത്. ഈ കൗൺസിലിന് പാർലമെന്റിന്റെ നിയമങ്ങളെ തടയാനും തിരഞ്ഞെടുപ്പിൽ നിന്ന് ആളുകളെ വിലക്കാനും അധികാരമുണ്ട്. മൊത്തത്തിൽ പാർലമെന്റും, സൈന്യവുമെല്ലാം ആയത്തൊള്ള അലി ഖൊമേനിയുടെ അധികാരത്തിലാണ്.

ഈ വ്യവസ്ഥിതികൾക്ക് മാറ്റം വരുത്താനും കൂടിയാണ് നിലവിലെ പ്രതിഷേധം. എന്നാൽ പ്രതിഷേധങ്ങൾക്ക് കൃത്യമായ ഒരു സംഘാടനം ഇല്ലാത്തതും നേതൃനിരയുടെ അഭാവവും സമരത്തെ ലക്ഷ്യത്തിലേക്ക് നയിക്കില്ലെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇന്റർനെറ്റ് വിച്ഛേദവും സേനകളെ ഉപയോഗിച്ച് കൊണ്ടുള്ള അടിച്ചമർത്തലുകളും ഉണ്ടാകുന്നുണ്ടെങ്കിലും ഇറാൻ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിൽ ഒന്നാണിത്.

logo
The Fourth
www.thefourthnews.in