'വിവാഹപ്രായം ഒൻപതാക്കുന്നത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമാക്കുന്നതിന് തുല്യം'; ഇറാഖില്‍ വ്യാപക പ്രതിഷേധം

'വിവാഹപ്രായം ഒൻപതാക്കുന്നത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമാക്കുന്നതിന് തുല്യം'; ഇറാഖില്‍ വ്യാപക പ്രതിഷേധം

പുതിയ നിയമപ്രകാരം വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നിവയില്‍ തീരുമാനമെടുക്കാനുള്ള അധികാരം മത അധികാരികള്‍ക്ക് നല്‍കും
Updated on
1 min read

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒൻപതാക്കി ചുരുക്കാനുള്ള കരട് നിയമത്തിനെതിരെ ഇറാഖില്‍ വ്യാപക പ്രതിഷേധം. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമാക്കുന്നതിന് സമാനമാണ് നീക്കമെന്ന് വനിത അവകാശ പ്രവർത്ത‍കർ കുറ്റപ്പെടുത്തി. ഇറാഖില്‍ ആധിപത്യമുള്ള ഷിയ മതവിഭാഗം കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമർത്താൻ ശ്രമിക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

സൗദി അറേബ്യയില്‍നിന്ന് വ്യത്യസ്തമായി വിവാഹം പോലുള്ള നിർണായക തീരുമാനങ്ങളെടുക്കുന്നതിനു സ്ത്രീകള്‍ക്കു ഭർത്താവിന്റെയോ പുരുഷ രക്ഷകർത്താവിന്റെയോ അനുവാദം വേണമെന്ന സംവിധാനം ഇറാഖിലില്ല. എന്നാല്‍ പുതിയ നിയമപ്രകാരം വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നിവയില്‍ തീരുമാനമെടുക്കാനുള്ള അധികാരം മതനേതാക്കൾക്ക് നല്‍കും.

സ്ത്രീകളെ സംബന്ധിച്ച് ഇതൊരു ദുരന്തമാണെന്ന് നിയമത്തിനെതിരെ പോരാടുന്ന സഖ്യത്തിന്റെ കോർഡിനേറ്ററായ റയാ ഫായ്‌ഖ് പറഞ്ഞു. സഖ്യത്തില്‍ ഇറാഖി എംപിമാരും ഉള്‍പ്പെടുന്നതായാണ് അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

''എന്റെ ഭർത്താവും കുടുംബവും ബാലവിവാഹത്തെ എതിർക്കുന്നു. എന്റെ മകള്‍ വിവാഹം കഴിക്കുകയും മകളുടെ ഭർത്താവ് ചെറുമകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചുനോക്കു. പുതിയ നിയമം അതിന് അനുവദിക്കുന്നതാണ്. ഈ നിയമം കുട്ടികളുടെ ബലാത്സംഗം നിയമവിധേയമാക്കുന്നതിന് സമാനമാണ്,'' റയാ കൂട്ടിച്ചേർത്തു.

'വിവാഹപ്രായം ഒൻപതാക്കുന്നത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമാക്കുന്നതിന് തുല്യം'; ഇറാഖില്‍ വ്യാപക പ്രതിഷേധം
‘വഖഫ് ഭേദഗതി 2024’: എന്തൊക്കെയാണ് ബില്ലിൽ നിർദേശിക്കുന്ന സുപ്രധാന മാറ്റങ്ങൾ?

തലസ്ഥാനമായ ബാഗ്‌ദാദിലും മറ്റ് പല പ്രധാന നഗരത്തിലും നിയമത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധിക്കുന്നവർ പാശ്ചാത്യ അജണ്ടകളെ പിന്തുണയ്ക്കുന്നവരാണെന്നാണ് ഉയരുന്ന വിമർശനം. 1950 മുതല്‍ ഇറാഖില്‍ 18 വയസില്‍ താഴെയുള്ള പെണ്‍‌കുട്ടികളുടെ വിവാഹം നിയമവിരുദ്ധമാണ്. പക്ഷേ യുണിസെഫ് നടത്തിയ സർവേയില്‍ ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളുടെയും വിവാഹം 18 വയസ് പൂർത്തിയാകുന്നതിന് മുൻപ് നടക്കുന്നതായി കണ്ടെത്തിയിരുന്നു.

2019ല്‍ നടന്ന യുവജനപ്രക്ഷോഭത്തിന് പിന്നാലെ ഇറാഖില്‍ സ്ത്രീകളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുന്നതായി രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കിയിട്ടുണ്ടെന്നും അതിനെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇറാഖ് ആസ്ഥാനമായുള്ള അമൻ വിമൻസ് അലയൻസ് സഹസ്ഥാപകയായ നാദിയ മഹ്‌മൂദ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in