അമേരിക്കൻ സൈനിക വിമാനത്തെ വിറപ്പിച്ച് ചൈനയുടെ വ്യോമാഭ്യാസം; ദക്ഷിണചൈനാ കടലിന് മുകളിൽ വിമാനങ്ങൾ നേർക്കുനേർ

അമേരിക്കൻ സൈനിക വിമാനത്തെ വിറപ്പിച്ച് ചൈനയുടെ വ്യോമാഭ്യാസം; ദക്ഷിണചൈനാ കടലിന് മുകളിൽ വിമാനങ്ങൾ നേർക്കുനേർ

അക്രമോത്സുകമായ പ്രവൃത്തിയാണെന്ന് അമേരിക്ക, പ്രകോപനത്തിനുള്ള മറുപടിയെന്ന് ചൈന
Updated on
1 min read

തന്ത്രപ്രധാന മേഖലയായ ദക്ഷിണ ചൈന കടലിന് മുകളിൽ ചൈനയുടെയും അമേരിക്കയുടെയും വിമാനങ്ങൾ നേർക്കുനേർ. ഇരുരാജ്യങ്ങളുടെയും വിമാനങ്ങൾ പ്രകോപനപരമായ രീതിയിൽ മുഖാമുഖം വന്ന സംഭവത്തിൽ ആരോപണപ്രത്യാരോപണങ്ങൾ കൊഴുക്കുകയാണ്.

കടലിന് മുകളിലൂടെ അമേരിക്കൻ വിമാനം പതിവ് നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് ചൈനീസ് വിമാനം മുഖാമുഖമെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ അമേരിക്ക പുറത്തുവിട്ടു. അമേരിക്കൻ സൈനിക വിമാനത്തിന് നേരെ ജെറ്റ് വിമാനം പറന്നടുക്കുന്നതും പരമാവധി സമീപത്തെത്തിയ ശേഷം അകന്നു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

തർക്കമേഖലയായ ദക്ഷിണ ചൈനാ കടലിന് മുകളിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. ചൈനയുടേത് അക്രമോത്സുകമായ പ്രവൃത്തിയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. വ്യോമാതിർത്തിയിൽ ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പറക്കുകയായിരുന്നു സൈനിക വിമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം. രാജ്യാന്തര നിയമങ്ങൾ പാലിക്കാൻ മേഖലയിലുള്ളവർ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

അഭ്യാസപ്രകടനം നടത്തിയതിന് പ്രേരണയായത് അമേരിക്കയുടെ പ്രകോപനമാണെന്ന് ചൈനയുടെ പക്ഷം. ചൈനയിൽ സൂക്ഷ്മ നിരീക്ഷണം നടത്താൻ വേണ്ടി ദീർഘകാലമായി അമേരിക്ക ഇടയ്ക്കിടെ കപ്പലുകളും വിമാനങ്ങളും അയയ്ക്കുന്നത് ചൈനയുടെ ദേശീയ പരമാധികാരത്തെയും സുരക്ഷയെയും സാരമായി ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രകോപനപരവും അപകടകരവുമായ പ്രവർത്തനങ്ങളാണ് കടലിലെ സുരക്ഷാ പ്രശ്‌നങ്ങൾക്ക് കാരണം. രാജ്യത്തിൻറെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും ചൈന പറഞ്ഞു.

അമേരിക്കയും ചൈനയും തമ്മിൽ തായ്‌വാന്റെ സമഗ്രാധിപത്യം, ചാരബലൂൺ എന്നീ വിഷയങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. ചൈനയുടെ മുന്നറിയിപ്പുകൾ അവഗണിച്ചുള്ള മുൻ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാനിലേക്കുള്ള വരവിന് പിന്നാലെ ദ്വീപിന് ചുറ്റും അഭ്യാസപ്രകടനങ്ങൾ ചൈന നടത്തിയിരുന്നു. ദ്വീപുരാജ്യത്തിന്റെ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ നിലവിലെ യു എസ് സ്‌പീക്കറുമായുള്ള കൂടിക്കാഴ്ചയും കാര്യങ്ങൾ വഷളാക്കി. ഇതിനിടയിലായിരുന്നു ചൈനീസ് ചാരബലൂൺ അമേരിക്ക വെടിവച്ചിട്ടത്. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങളെല്ലാം നിലനിൽക്കെയാണ് വീണ്ടും പ്രശ്‍നങ്ങൾ ഉടലെടുത്തത്

logo
The Fourth
www.thefourthnews.in