കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ദഹല്‍ നേപ്പാള്‍ പ്രധാനമന്ത്രി
കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ദഹല്‍ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി. പ്രസിഡന്റ് ബിന്ദ്യ ദേവി ഭണ്ഡാരിയാണ് പ്രചണ്ഡ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് നടക്കും. മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
നവംബറിലായിരുന്നു നേപ്പാളില്‍ തിരഞ്ഞെടുപ്പ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം നേടിയിരുന്നില്ല. പ്രതിപക്ഷമായ യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിസിസ്റ്റ് പാർട്ടിയുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരിക്കുന്നത്. യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിസിസ്റ്റ് പാർട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ കെ പി ശര്‍മ ഒലിയും പ്രചണ്ഡയും നടത്തിയ ചര്‍ച്ചയിലാണ് അധികാരം പങ്കുവെയ്ക്കാനുള്ള ധാരണയിലെത്തിയത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 275 അംഗ പാര്‍ലമെന്റില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ രണ്ടര വര്‍ഷം അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നതാണ് ധാരണ. 2008ലും 2016ലും പ്രചണ്ഡ പ്രധാനമന്ത്രിയായിരുന്നു.
ആദ്യ അവസരം പ്രചണ്ഡയ്ക്ക് നല്‍കാന്‍ കക്ഷികളുടെ ചര്‍ച്ചയില്‍ തീരുമാനമാവുകയായിരുന്നു
സഖ്യകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി നേരത്തെ പ്രചണ്ഡ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തിനായി ദ്യൂബ വീണ്ടും ശക്തമായി വാദിച്ചതോടെയാണ് പ്രചണ്ഡ സഖ്യം ഉപേക്ഷിച്ച് കെ പി ശര്‍മ ഒലിയുമായി ചര്‍ച്ചകള്‍ നടത്തിയത്.
13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. 1996 മുതല്‍ 2006 വരെ മാവോയിസ്റ്റ് സായുധ പോരാട്ടത്തിന് ശ്രമിച്ചിരുന്നെങ്കിലും 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു.