എഡ്വേര്‍ഡ് സ്നോഡന്‍
എഡ്വേര്‍ഡ് സ്നോഡന്‍

എഡ്വേര്‍ഡ് സ്നോഡന് പൗരത്വം നല്‍കി റഷ്യ

ഉത്തരവില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചു
Updated on
1 min read

അമേരിക്കയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവരം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് പൗരത്വം നല്‍കി റഷ്യ. പൗരത്വ ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തിങ്കളാഴ്ചയാണ് ഒപ്പുവെച്ചത്.

പൗരന്മാരുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള വിവരങ്ങള്‍ അനുവാദം കൂടാതെ അമേരിക്കന്‍ ഭരണകൂടം ചോര്‍ത്തിയെന്നായിരുന്നു സ്നോഡന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നുള്ള വിവരങ്ങളായിരുന്നു എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിലടക്കം ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. 'പ്രിസം' എന്ന പേരില്‍ അറിയപ്പെട്ട രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമായി വ്യക്തികളുടെ ഫോണ്‍, മെയില്‍ ഭരണകൂടം ചോര്‍ത്തുന്നതിന്‍റെ വിവരങ്ങളും സ്നോഡന്‍ പുറത്തുവിട്ടിരുന്നു. പൗരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമായാണ് പ്രിസം പദ്ധതിയെന്ന് ആരോപണമുയരുകയും ചെയ്തു.

2003 മുതല്‍ 2009 വരെയുള്ള കാലത്താണ് സ്‌നോഡന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ജോലി ചെയ്തിരുന്നത്. വെളിപ്പെടുത്തല്‍ വിവാദമായതോടെ സ്നോഡന്‍ ആദ്യം ഹോങ്കോങിലേക്ക് രക്ഷപ്പെട്ടു. സ്നോഡനെ വിട്ടുകിട്ടാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് റഷ്യയിലേക്ക് കടന്നത്. റഷ്യ സ്നോഡന് അഭയം നല്‍കുകയും ചെയ്തു.

വധശിക്ഷയ്ക്ക് വിധേയനാക്കേണ്ട രാജ്യദ്രോഹിയെന്നായിരുന്നു സ്നോഡനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. സ്നോഡന് മാപ്പ് നല്‍കണമെന്ന ആവശ്യപ്പെട്ട് ക്യാംപെയ്ന്‍ 2016 ല്‍ ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയിരുന്നു. അന്ന് 10 ലക്ഷത്തോളം ആളുകള്‍ ഇതുമായി ബന്ധപ്പെട്ട നിവേദനത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in