അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റിന് പിന്നാലെ മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പുടിൻ

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റിന് പിന്നാലെ മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പുടിൻ

പുടിൻ, സ്വയം കാറോടിച്ച് മരിയുപോൾ നഗരം ചുറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു
Updated on
1 min read

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 389-ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് പുടിന്‍ റഷ്യന്‍ അധിനിവേശ നഗരം സന്ദര്‍ശിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റിനോടുള്ള പ്രതികരണമായാണ് പുടിൻ മരിയുപോളിലെത്തിയതെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് റഷ്യ സന്ദർശിക്കാനിരിക്കെ നടത്തിയ യാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മരിയുപോളില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പുടിന്‍ കാറില്‍ നഗരം മുഴുവന്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോയും റഷ്യന്‍ അധികൃതര്‍ പുറത്ത് വിട്ടു

യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പുടിന്റെ സന്ദര്‍ശനം. മരിയുപോളില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പുടിന്‍ കാറില്‍ നഗരം മുഴുവന്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും റഷ്യന്‍ അധികൃതര്‍ പുറത്ത് വിട്ടു. പുടിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ഞെട്ടിയ പ്രദേശ വാസികളോട് നമുക്ക് പരസ്പരം നന്നായി അറിയേണ്ടതുണ്ടെന്നാണ് പുടിന്‍ പറഞ്ഞത്. മരിയുപോളിന്റെ തീരപ്രദേശവും മറ്റ് പ്രധാന പ്രദേശങ്ങളും പുടിന്‍ സന്ദര്‍ശിച്ചുവെന്നാണ് റിപ്പോർട്ട്.

അതേസമയം നഗരം പുനര്‍നിര്‍മിച്ചുകൊണ്ട് പൂര്‍ണമായും കീഴടക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ മൂന്ന് ലക്ഷത്തോളം പേര്‍ ഇപ്പോഴും താമസിക്കുന്നുണ്ടെന്നാണ് റഷ്യ പറയുന്നത്. പത്ത് മാസത്തിലധികമായി റഷ്യന്‍ അധിനിവേശത്തിലുള്ള മരിയുപോളില്‍ ഇരുപതിനായിരത്തില്‍ അധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രെയ്ന്റെ കണക്ക്. മരിയുപോളിലെ 90 ശതമാനം കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും 3,50,000 ത്തോളം പേര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും യുഎന്നും വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റിന് പിന്നാലെ മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പുടിൻ
പുടിനെതിരെ അന്താരാഷ്ട്രക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളിൽ

കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുകയും യുക്രെയ്‌നില്‍ നിന്ന് റഷ്യന്‍ ഫെഡറേഷനിലേക്ക് ആളുകളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും ചെയ്തുവെന്ന സംശയത്തെ തുടര്‍ന്നാണ് പുടിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഷ്യ ഐസിസിയുടെ പരിധിയിൽ വരാത്ത രാജ്യമാണ്. ഐസിസി നടപടിയെ റഷ്യ തള്ളിക്കളയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുടിന്റെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം. അടുത്തയാഴ്ച മോസ്കോയിലെത്തുന്ന ഷീ ജിൻ പിങ്ങുമായി യുക്രെയ്ൻ അധിനിവേശമടക്കം പുടിൻ ചർച്ച ചെയ്യുമെന്നാണ് സൂചന. യുക്രെയ്ൻ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ കടുത്ത നിലപാട് എടുക്കുമ്പോൾ ഷീ ജിൻ പിങ് നടത്തുന്ന സന്ദർശനം പുടിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.

logo
The Fourth
www.thefourthnews.in