ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിന്‍ ; ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനുള്ള നീക്കമെന്ന് യുക്രെയ്ന്‍
യുക്രെയ്ന്‍ യുദ്ധ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. എല്ലാ കക്ഷികളുമായും ചര്‍ച്ചയ്ക്ക് റഷ്യ സന്നദ്ധമാണ്. എന്നാല്‍ യുക്രെയ്നും അവര്‍ക്ക് പിന്തുണ നല്‍കുന്ന പശ്ചാത്യ രാജ്യങ്ങളുമാണ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റഷ്യയെ തകര്‍ക്കാനാണ് പശ്ചാത്യ രാജ്യങ്ങളുടെ ശ്രമമെന്നും പുടിന്‍ കുറ്റപ്പെടുത്തി. റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്ന് സൈനികരെ പുറത്താക്കുന്നത് വരെ വിശ്രമമില്ലെന്ന നിലപാടിലാണ് യുക്രെയ്ന്‍.
യുക്രെയ്ന്‍ വിഷയത്തില്‍ സ്വീകാര്യമായ എല്ലാ പരിഹാരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാമെന്നാണ് റഷ്യന്‍ നിലപാട്. എന്നാലിത് യുക്രെയ്നെയും സഖ്യ കക്ഷികളെയും അവര്‍ സ്വീകരിക്കുന്ന നിലപാടുകളെയും ആശ്രയിച്ചിരിക്കുമെന്ന് പുടിന്‍ വ്യക്തമാക്കി. ''ഞങ്ങള്‍ ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വസിക്കുന്നു, ദേശീയ താല്‍പ്പര്യങ്ങളും ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുകയുമല്ലാതെ മറ്റൊന്നും മുന്നിലില്ല'' - പുടിന്‍ വ്യക്തമാക്കി.
യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കി യുഎസ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന പുടിന്റെ വാഗ്ദാനം. പാശ്ചാത്യരാജ്യങ്ങളുമായുള്ള സംഘര്‍ഷം അപകടകരമായ തലത്തിലേക്ക് മാറുകയാണോ എന്ന ചോദ്യത്തിന്, അത്ര അപകടകരമാണെന്ന് കരുതുന്നില്ലെന്നായിരുന്നു പുടിന്റെ മറുപടി.
2014ല്‍ റഷ്യന്‍ അനുകൂല ഭരണകൂടത്തെ അട്ടിമറിച്ചതാണ് യുക്രെയ്നിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പുടിന്റെ വാദം. എന്നാല്‍ രാജ്യത്തെ പൂര്‍ണമായും നശിപ്പിച്ച യുദ്ധത്തിന് പുടിന്റെന്യായീകരണങ്ങള്‍ കൊണ്ട് പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് യുക്രെന്റേയും പാശ്ചാത്യരാജ്യങ്ങളുടേയും നിലപാട്. പുടിന്‍ യാഥാര്‍ഥ്യത്തിലേക്ക് മടങ്ങണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെടുന്നു. യുദ്ധത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാനാണ് പുടിന്റെ നീക്കമെന്നും അവര്‍ കുറ്റപ്പെടുത്തി.
യുക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് കഴിഞ്ഞദിവസവും പുടിന്‍ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാകുമെന്നും തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെയാണ് അവസാനിക്കുന്നതെന്ന് എതിരാളികള്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
റഷ്യയ്ക്ക് മുന്നിൽ യുക്രെയ്ൻ തകരില്ലെന്ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശയാത്രയിൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. റഷ്യക്കെതിരെ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു.