വ്‌ളാഡിമിര്‍ പുടിന് ഹൃദയാഘാതം? റഷ്യന്‍ പ്രസിഡന്റിനെ സുരക്ഷാജീവനക്കാര്‍ കണ്ടത് നിലത്തുവീണ നിലയിലെന്ന് റിപ്പോര്‍ട്ട്
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോര്‍ട്ട്. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയില്‍ തറയില്‍ കുഴഞ്ഞു വീണ നിലയില്‍ പുടിനെ സുരക്ഷ ജീവനക്കാര്‍ കണ്ടെത്തിയതായി ആണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, വാര്‍ത്ത സംബന്ധിച്ച് റഷ്യന്‍ സര്‍ക്കാരിന് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
71കാരനായ പുടിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജനറല്‍ എസ്വിആര്‍ എന്ന ടെലിഗ്രാം ചാനൽ ആണ് പുടിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ റഷ്യന്‍ ലെഫ്റ്റനന്റ് ജനറലിന്റെതാണ് ഈ ടെലിഗ്രാം ചാനല്‍.
കിടപ്പുമുറിയില്‍ പുടിന്‍ വീഴുന്ന ശബ്ദം കേട്ട് സുരക്ഷജീവനക്കാര്‍ മുറിയില്‍ എത്തിയെന്നും നിലത്തു കിടന്ന പുടിനെ ചികിത്സിക്കാനായി ഡോക്റ്റര്‍മാരുടെ സംഘത്തെ ഉടനെ എത്തിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് വസതിയില്‍ തന്നെ തീവ്രപരിചരണത്തിന് സൗകര്യമുള്ള പ്രത്യേക മെഡിക്കല്‍ സൗകര്യത്തിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മുറിയിലെ മേശപ്പുറത്ത് ഭക്ഷണസാധനങ്ങളും പാനീയങ്ങളും മറിഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.