ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കും; ക്വാഡ് നേതാക്കൾ
ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉയർത്തിപ്പിടിക്കാനും ഏകപക്ഷീയമായ നടപടികളെ എതിർക്കാനും പ്രതിജ്ഞയെടുത്ത് ക്വാഡ്. ഹിരോഷിമയിൽ നടന്ന ഉച്ചകോടിയിലാണ് ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. എന്നാൽ ബീജിംഗിനെ പറ്റി പരാമർശം ഉണ്ടായിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ജോ ബൈഡനോ ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ മറ്റ് മൂന്ന് പങ്കാളികളോ ചൈനയുടെ പേര് പരാമർശിച്ചില്ല.
അതിർത്തി കടന്നുള്ള ഭീകരതയും തീവ്രവാദവും മുംബൈ ആക്രമണത്തെ പറ്റിയും ഇന്ത്യൻ വ്യോമസേനയുടെ പത്താൻകോട്ടിലെ വ്യോമതാവളത്തിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചുമെല്ലാം ക്വാഡ് നേതാക്കളുടെ സംയുക്ത പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. ഇതിനായി ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ 2023 മാർച്ചിൽ നടന്ന യോഗത്തിൽ പ്രഖ്യാപിച്ച തീവ്രവാദ വിരുദ്ധ വർക്കിംഗ് ഗ്രൂപ്പിലൂടെ സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ജി 7 ഉച്ചകോടിക്കായി ഹിരോഷിമയിൽ ഒത്തുകൂടിയപ്പോഴായിരുന്നു ക്വാഡ് നേതാക്കളുടെ യോഗം.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, അടുത്തയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരെ സിഡ്‌നിയിലേക്ക് ക്ഷണിച്ചിരുന്നു.എന്നാൽ റിപ്പബ്ലിക്കൻ എതിരാളികളുമായി ചർച്ച ഉള്ളതിനാൽ വാഷിംഗ്ടണിലേക്ക് മടങ്ങണമെന്ന് പറഞ്ഞ് ബൈഡൻ പിൻവാങ്ങുകയും അൽബനീസിനെ വൈറ്റ് ഹൗസിലേക്ക് സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
മ്യാൻമറിലെ അടിച്ചമർത്തലിൽ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ച ക്വാഡ് പ്രതിനിധികൾ, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ തുടർച്ചയായി ലംഘിച്ചുകൊണ്ടുള്ള ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളെ അപലപിക്കുകയും ചെയ്തു. അതേസമയം അനധികൃത മത്സ്യബന്ധനം നിരീക്ഷിക്കുന്നതിനായി നിലവിലുള്ള പൈലറ്റ് പ്രോഗ്രാമുകൾ വിപുലീകരിക്കുമെന്നും ക്വാഡ് വ്യക്തമാക്കി.