നേപ്പാളിന്റെ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡേൽ

നേപ്പാളിന്റെ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡേൽ

പ്രധാനമന്ത്രിയായ പുഷ്പ കമൽ ദഹൽ പ്രതിപക്ഷത്തുള്ള നേപ്പാളി കോൺഗ്രസിന്റെ നേതാവായ പൗഡേലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചതിനെ തുടർന്ന് വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് നേപ്പാൾ സാക്ഷിയായിരുന്നു
Updated on
1 min read

നേപ്പാളിന്റെ പുതിയ പ്രസിഡന്റായി നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ റാം ചന്ദ്ര പൗഡേല്‍ തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടെ എട്ട് ഭരണപക്ഷ പാർട്ടികളുടെ പിന്തുണയോടെ മത്സരിച്ച പൗഡേലിന് പാർലമെന്റിലെ 332 അംഗങ്ങളിൽ 214 നിയമസഭാംഗങ്ങളുടെയും 550 പ്രവിശ്യാ അസംബ്ലി അംഗങ്ങളിൽ 352 പേരുടെയും വോട്ട് ലഭിച്ചു. പ്രധാനമന്ത്രിയായ പുഷ്പ കമൽ ദഹൽ പ്രതിപക്ഷത്തുള്ള നേപ്പാളി കോൺഗ്രസിന്റെ നേതാവായ പൗഡേലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചതിനെ തുടർന്ന് വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് നേപ്പാൾ സാക്ഷിയായിരുന്നു. ഭരണസഖ്യത്തിൽ വിള്ളലുണ്ടാകുന്നതിലേക്ക് വരെ ഈ സംഭവം നയിച്ചിരുന്നു.

2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ പ്രസിഡൻറ് തിരഞ്ഞെടുപ്പാണിത്

പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ), പൗഡേലിനെ പിന്തുണച്ചതിനെ തുടർന്നുള്ള അഭിപ്രായ വ്യത്യാസമാണ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന തീരുമാനത്തിലേക്ക് ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎൻ-യുഎംഎൽ പാർട്ടിയെ എത്തിച്ചത്. പ്രചണ്ഡയുടെ ഞെട്ടിക്കുന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് യു‌എം‌എൽ മാത്രമല്ല രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും സർക്കാരിൽ നിന്ന് രാജിവച്ചിരുന്നു. 518 പ്രൊവിൻഷ്യൽ അസംബ്ലി അംഗങ്ങളും ഫെഡറൽ പാർലമെന്റിലെ 313 അംഗങ്ങളും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. 2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ പ്രസിഡൻറ് തിരഞ്ഞെടുപ്പാണിത്.

2018ൽ ശർമ ഒലി പ്രധാനമന്ത്രിയായപ്പോൾ സിപിഎൻ -യുഎംഎൽ, സിപിഎൻ മാവോയിസ്റ്റ് സെന്ററില്‍ ലയിച്ചെങ്കിലും 2020ൽ പിളരുകയായിരുന്നു

നേപ്പാൾ ഒരു റിപ്പബ്ലിക്കായ ശേഷം, നേപ്പാൾ കോൺഗ്രസിൽ നിന്നുള്ള ജി പി കൊയ്‌രാള, സുശീൽ കൊയ്‌രാള, ദ്യൂബ എന്നിങ്ങനെ മൂന്ന് പേരാണ് പ്രധാനമന്ത്രിയായിട്ടുള്ളത്. 2018ൽ ശർമ ഒലി പ്രധാനമന്ത്രിയായപ്പോൾ സിപിഎൻ -യുഎംഎൽ, സിപിഎൻ മാവോയിസ്റ്റ് സെന്ററില്‍ ലയിച്ചെങ്കിലും 2020ൽ പിളരുകയായിരുന്നു. നിലവിലെ പ്രചണ്ഡ സർക്കാരിൽ 16 ക്യാബിനറ്റ് സ്ഥാനങ്ങൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. നേപ്പാൾ ഭരണഘടനയിലെ വ്യവസ്ഥകൾ അനുസരിച്ച്, സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാൽ മുപ്പത് ദിവസത്തിനകം വിശ്വാസവോട്ട് തേടേണ്ടതുണ്ട്. അതുകൊണ്ട്, തിരഞ്ഞെടുപ്പിന് ശേഷം പ്രചണ്ഡ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വരും.

logo
The Fourth
www.thefourthnews.in