''പ്രവാചക നിന്ദ,നിരീശ്വരവാദം'' ; വീണ്ടും വധ ശിക്ഷ നടപ്പിലാക്കി ഇറാന്‍ ഭരണകൂടം
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വധശിക്ഷ നടപ്പിലാക്കി ഇറാന്‍ ഭരണകൂടം. മതനിന്ദ ആരോപിച്ചായിരുന്നു രണ്ട് പേരെയും തൂക്കിക്കൊന്നത്. യൂസഫ് മെഹ്‌റാദ്, സദ്രോല്ല ഫേസലി സറേ എന്നിവരെയാണ് ഇറാനിലെ അറക്ക് ജയിലില്‍ വച്ച് വധിച്ചത് . ഇറാനിലെ മിസാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും നിരീശ്വരവാദം പ്രോത്സാഹിപ്പിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ ഇവര്‍ ഖുറാന്‍ കത്തിച്ചെന്നും മിസാന്‍ ആരോപിച്ചു.
അന്ധവിശ്വാസങ്ങളേയും മതത്തേയും വിമര്‍ശിക്കുന്ന ഒരു ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് ഇരുവരേയും 2020ല്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും ഏകാന്ത തടവിലാണെന്നാണ് ഒസ്ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. അതേ സമയം 203 തടവുകാരെയാണ് ഈ വര്‍ഷം രാജ്യത്ത് വധശിക്ഷയിലൂടെ കൊലപ്പെടുത്തിയെതന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മതനിന്ദയുമായി ബന്ധപ്പെട്ട വധശിക്ഷ രാജ്യത്ത് കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പലരേയും മാപ്പ് നല്‍കി ഇറാന്‍ വെറുതെ വിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വധശിക്ഷകള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഇറാന്‍ ഭരണകൂടം പ്രകടമാക്കുന്നത് മധ്യകാലസ്വഭാവമാണെന്നായിരുന്നു ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തനായ മഹമൂദ് അമിരി മൊഗദ്ദാമിന്റെ വിലയിരുത്തല്‍. അഭിപ്രായം പറയുന്നവനെ വധിക്കുന്ന ഇറാന്‍ ഭരണകൂടത്തിനോടുള്ള എതിര്‍പ്പ് അന്താരാഷ്ട്ര സമൂഹം പ്രകടമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികരിക്കാതെ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹം ഇറാന്റെ ഇത്തരം നടപടികള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇറാന്‍ ഭരണ കൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ വധശിക്ഷയ്ക്ക് വിധിക്കുന്ന നയം രാജ്യം പിന്‍തുടരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഹിജാബ് ധരിക്കാത്തില്‍ ഇറാന്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനി കസ്റ്റഡിയില്‍ മരിച്ചതോടെയാണ് ഇറാന്‍ ജനത പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിഷേധിച്ചവരില്‍ പലരേയും ഇറാന്‍ ഭരണകൂടം ജയിലില്‍ അടച്ചു. 500 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 19,000 ത്തിലധികം ആളുകള്‍ തടവിലാക്കപ്പെട്ടു. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാന്‍ ഭരണകൂടം നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഈ പ്രതിഷേധം മാറുകയായിരുന്നു.
മതനിന്ദ ആരോപിച്ച് ഇറാനെപ്പോഴാണ് വധശിക്ഷ നടപ്പിലാക്കി തുടങ്ങിയതെന്ന് വ്യക്തമല്ല. അതേ സമയം സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങളിലിപ്പോഴും മതനിന്ദ വധശിക്ഷ വരെ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമായി തുടരുകയാണ്.