'ക്ലമന്റ് ആറ്റ്‌ലിക്ക് ശേഷം സ്റ്റാര്‍മര്‍'; ചരിത്ര വിജയത്തിന് കാരണമായത് വലത് യാഥാസ്ഥിതിക നയങ്ങള്‍

'ക്ലമന്റ് ആറ്റ്‌ലിക്ക് ശേഷം സ്റ്റാര്‍മര്‍'; ചരിത്ര വിജയത്തിന് കാരണമായത് വലത് യാഥാസ്ഥിതിക നയങ്ങള്‍

കെയിർ സ്റ്റാമറെന്ന 2015ൽ മാത്രം യുകെ പാർലമെന്റിലെത്തിയ നേതാവാണ് ലേബർ പാർട്ടിയുടെ വമ്പിച്ച വിജയത്തിന് പിന്നിൽ
Updated on
2 min read

യൂറോപ്പിൽ തീവ്രവലതുപക്ഷം പിടിമുറുക്കുമ്പോൾ യുകെയിൽ ഒരു മധ്യവലതുപക്ഷ പാർട്ടിയുടെ ഒന്നരദശാബ്ദത്തോളം നീണ്ട വാഴ്ചയ്ക്ക് അവസാനമാകുന്നു. മധ്യ-ഇടതുപക്ഷ പാർട്ടിയായ ലേബർ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി അധികാരത്തിലേക്ക് എത്തുമെന്ന് വോട്ടെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുകയാണ്. രണ്ട് നൂറ്റാണ്ടിനിടെയുള്ള കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും വലിയ തോൽവിയാണ് ഈ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്.

കെയിർ സ്റ്റാർമർ
കെയിർ സ്റ്റാർമർ

ഇന്ത്യൻ വംശജനും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക് തന്റെയും കൺസർവേറ്റിവ് പാർട്ടിയുടെയും തോൽവി ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. 2015ൽ മാത്രം യുകെ പാർലമെന്റിലെത്തിയ കെയിർ സ്റ്റാർമറെന്ന നേതാവാണ് ലേബർ പാർട്ടിയുടെ വമ്പിച്ച വിജയത്തിന് പിന്നിൽ. സ്റ്റാർമർ തന്നെയായിരിക്കും യുകെയുടെ പുതിയ പ്രധാനമന്ത്രിയും. 650 അംഗങ്ങളുള്ള ബ്രിട്ടന്റെ അധോ സഭയിൽ, ഏകദേശം 410 സീറ്റാണ് എക്സിറ്റ് പോളുകൾ ലേബർ പാർട്ടിക്ക് പ്രവചിച്ചിരുന്നതെങ്കിലും 1997ൽ ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ നേടിയ 418 എന്ന സീറ്റുനില മറികടക്കാനും സാധ്യതകളേറെയാണ്.

നൈജൽ ഫറാഷ് നേതൃത്വം നൽകുന്ന റീഫോം യുകെ എന്ന വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയും കൺസർവേറ്റിവുകളുടെ തോൽ‌വിയിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്

ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത, കൺസർവേറ്റിവ് പാർട്ടിയിലെ പല ഉന്നത നേതാക്കൾക്കും കാലിടറുന്നു എന്നത് കൂടിയാണ്. കൺസർവേറ്റിവ് പാർട്ടിയുടെ അധോസഭ നേതാവും നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിച്ചിരുന്ന പെന്നി മൊർഡണ്ട് അടക്കമുള്ള നേതാക്കൾ വോട്ടുനിലയിൽ വളരെ പിന്നിലാണ്. മുൻ മന്ത്രി ജേക്കബ് റീസ്മോഗും ഇക്കൂട്ടത്തിൽ പെടുന്നു. തൻ്റെ സീറ്റ് നഷ്ടപ്പെട്ട മുൻ മന്ത്രി റോബർട്ട് ബക്ക്‌ലാൻഡ്, കൺസർവേറ്റിവ് പാർട്ടിയുടെ പരാജയത്തെ സ്ഫോടനാത്മകമായ തിരഞ്ഞെടുപ്പ് എന്നാണ് വിശേഷിപ്പിച്ചത്. ജെർമി ഹണ്ട്, പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്സ്, ജോണി മെർകർ എന്നിങ്ങനെ നിരവധിയായ അതികായന്മാരും ലേബർ പാർട്ടിയുടെ കുതിപ്പിൽ പിന്നിലാണ്.

ഋഷി സുനക്
ഋഷി സുനക്

നൈജൽ ഫറാഷ് നേതൃത്വം നൽകുന്ന റീഫോം യുകെ എന്ന വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയും കൺസർവേറ്റിവുകളുടെ തോൽ‌വിയിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ബ്രെക്സിറ്റിനായി പ്രചാരണം നടത്തിയ നേതാക്കളിൽ ഒരാളാണ് നൈജൽ ഫറാഷ്. കൺസർവേറ്റീവ് പാർട്ടി വോട്ടുകളിലേക്കാണ് റീഫോം യുകെ കടന്നുകയറിയത്. അവർക്ക് ഏകദേശം 13 സീറ്റുകൾ വരെയാണ് പ്രവചിക്കപ്പെടുന്നത്.

നൈജൽ ഫറാഷ്
നൈജൽ ഫറാഷ്

വളരെ അപ്രതീക്ഷിമായിട്ടായിരുന്നു സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കാലാവധി അവസാനിക്കാൻ മാസങ്ങൾ ശേഷിക്കെ നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ അമ്പരപ്പും സൃഷ്ടിച്ചിരുന്നു. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വലിയ മുന്നേറ്റം ഉണ്ടാക്കിയതിന് പിന്നാലെയായിരുന്നു സുനകിന്റെ നീക്കം.

ഉയർന്ന ജീവിത ചെലവുകൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, കുടിയേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങളായിരുന്നു ഇത്തവണ ചർച്ചയായത്. നാഷണൽ ഹെൽത്ത് സർവീസ് വഴി ഡോക്ടറിനെ സന്ദർശിക്കാൻ ദിവസങ്ങളും ആഴ്ചകളും കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയൊക്കെ സുനക് സർക്കാരിന് വലിയ തോതിൽ തിരിച്ചടിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് കാലത്തെ അഴിമതി, പാർട്ടിഗെയ്റ്റ് വിവാദത്തിനൊപ്പംകഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാരെയാണ് യുകെ സാക്ഷ്യം വഹിച്ചതെന്നതും പാർട്ടിക്ക് തിരിച്ചടിയായി. നികുതി വർധിക്കുന്നത് തടയണമെങ്കിൽ ലേബർ പാർട്ടിയെ അധികാരത്തിന് പുറത്ത് നിർത്തണമെന്നായിരുന്നു സുനക് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ അതൊന്നും വിലപ്പോയില്ല എന്ന് അടിവരയിടുന്നതാണ് ഫലം.

'ക്ലമന്റ് ആറ്റ്‌ലിക്ക് ശേഷം സ്റ്റാര്‍മര്‍'; ചരിത്ര വിജയത്തിന് കാരണമായത് വലത് യാഥാസ്ഥിതിക നയങ്ങള്‍
ആത്മവിശ്വാസം നൽകാത്ത ബൈഡനും രാഷ്ട്രീയ യോജിപ്പില്ലാത്ത ട്രംപിനുമിടയില്‍ അമേരിക്കന്‍ ജനത, നിസംഗതയോടെ വോട്ടര്‍മാര്‍

കൺസർവേറ്റിവ് പാർട്ടിയുടെ പിന്തുണയിൽ വലിയ തകർച്ചയാണ് ഇത്തവണ ഉണ്ടായത്. അതിൽ നേട്ടമുണ്ടാക്കിയവരിൽ ലിബറൽ ഡെമോക്രാറ്റ് പാർട്ടിയും ഉൾപ്പെടുന്നു. അവരുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ എംപിമാരെ ലഭിച്ച തിരഞ്ഞെടുപ്പ് കൂടിയാണിത്. 64 പേരാണ് ലിബറൽ ഡെമോക്രാറ്റ് പാർട്ടിയിൽനിന്ന് ജയിച്ചുകയറിയത്. പരമ്പരാഗത കൺസർവേറ്റിവ് മേഖലകളിൽ ഉൾപ്പെടെയാണ് ലിബറൽ ഡെമോക്രാറ്റ് കടന്നുകയറിയത്.

logo
The Fourth
www.thefourthnews.in