''വെടിവെയ്ക്കൂ, നിങ്ങളൊരു സാധാരണ മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്.." ചെഗുവേരയുടെ ഓർമ്മകൾക്ക് 55 വർഷം
''മരണം അദ്ദേഹത്തിന്റെ ആശയങ്ങളുടെയും തന്ത്രങ്ങളുടെയും ഗറില്ലാ സങ്കല്പങ്ങളുടെയും പരാജയമെന്ന് കരുതുന്നവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു.'' ചെഗുവേരയുടെ മരണത്തില്‍ ഫിദല്‍ കാസ്‌ട്രോ ഇങ്ങനെ പ്രതികരിച്ചു. 1967 ഒക്ടോബര്‍ ഒന്‍പതിനാണ് ബൊളീവിയന്‍ പട്ടാളം സിഐഎയുടെ സഹായത്തോടെ ചെഗുവേരയെ കൊലപ്പെടുത്തുന്നത്. 39 വയസായിരുന്നു ചെഗുവേരയ്ക്ക് അന്ന് പ്രായം. ചെ എന്ന പേര് ഓര്‍മ്മകളില്‍ വിപ്ലവത്തിന് തീയൂതാന്‍ തുടങ്ങിയിട്ട് 55 വര്‍ഷം.
അര്‍ജന്റീനയില്‍ ജനിച്ച, മാര്‍ക്‌സിസ്റ്റ് ആശയങ്ങളില്‍ വേരൂന്നിയ ചെഗുവേര ക്യൂബയിലെ പോരാട്ട വിജയത്തിന് ശേഷമാണ് കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്. ബൊളീവിയന്‍ കാടുകളില്‍ ഗറില്ലാ യുദ്ധത്തിന് കോപ്പുകൂട്ടി ഒളിവ് ജീവിതം നയിക്കുന്നതിനിടെ പിടിക്കപ്പെട്ടു.
1967 ഒക്ടോബര്‍ എട്ടിനാണ് ബൊളീവിയന്‍ പട്ടാളം ഒറ്റുകാരന്റെ സഹായത്തോടെ ചെയെ കണ്ടെത്തുന്നത്. സിഐഎയുടെ സഹായത്തോടെയായിരുന്നു ഇത്. ''വെടിവെയ്ക്കരുത്. ഞാന്‍ ചെഗുവേരയാണ്. ജീവനോടെയാണ് എനിക്ക് കൂടുതല്‍ വില.'' അടുത്തേക്ക് ഇരമ്പിയ സൈനികരോട് ചെ ഇങ്ങനെ പറഞ്ഞു. കാലില്‍ വെടിയുണ്ട തുളച്ചു. കൈയിലെ തോക്ക് സൈന്യം തട്ടിമാറ്റി. ഒടുവില്‍ ചെ യെ സൈന്യം ജീവനോടെ പിടികൂടി.
പിടിക്കപ്പെട്ടതിന് നാല് കിലോമീറ്റര്‍ അകലെ ലാ ഹിഗ്വേര നഗരത്തില്‍ ഒരു ഒറ്റമുറി സ്‌കൂള്‍ കെട്ടിടത്തില്‍ സൈന്യം ചെയെ തടവുകാരനാക്കി. അമേരിക്കയ്ക്ക് ചെഗുവേരയെ ജീവനോടെ വേണമായിരുന്നു. എന്നാല്‍ ആ സാഹസികതയ്ക്ക് ബൊളീവിയന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. വിചാരണ അയാള്‍ക്ക് കൂടുതല്‍ ജനസമ്മതി നല്‍കുമെന്ന് സര്‍ക്കാര്‍ ഭയന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു വരുത്തിതീര്‍ക്കാനായിരുന്നു സര്‍ക്കാരിന്‌റെ ശ്രമം.
ജെയിം ടെറാന്‍ എന്ന സൈനികനെയായിരുന്നു ചെ യെ വധിക്കാൻ നിയോഗിച്ചത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് സ്ഥാപിക്കാന്‍ കഴുത്തിന് താഴെ വെടിവെയ്ക്കാനായിരുന്നു നിർദേശം. ''എനിക്കറിയാം നിങ്ങളെത്തിയത് എന്നെ കൊലപ്പെടുത്താനാണ്.'' - ടെറാനോട് ചെ പറഞ്ഞു. ''വെടിവെയ്ക്കൂ, നിങ്ങളൊരു സാധാരണ മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്.''- ചെ അവസാനമായി പറഞ്ഞു. കൈകളിലും കാലുകളിലും നെഞ്ചിലും ടെറാന്‍ വെടിയുതിര്‍ത്തു. വിചാരണ പോലുമില്ലാത്ത മരണം!
കൊലയ്ക്ക് പിന്നാലെ ചെഗുവേരയുടെ മൃതദേഹം സൈന്യം വല്ലെഗ്രാന്‍ഡെ ഗ്രാമത്തില്‍ പ്രദര്‍ശിപ്പിച്ചു. മരിച്ചത് ചെഗുവേരയെന്ന് ഉറപ്പിക്കാനും സ്ഥാപിക്കാനുമായിരുന്നു ഇത്. ആശുപത്രിയിലെ അലക്ക് സിങ്കില്‍ വെച്ച മൃതദേഹത്തിന്‌റെ ചിത്രങ്ങള്‍ പിന്നീട് ലോകമെങ്ങും പ്രസിദ്ധീകരിക്കപ്പെട്ടു. അജ്ഞാത സ്ഥലത്ത് മൃതദേഹം മറവുചെയ്യുന്നതിന് മുന്‍പ് കൈപ്പത്തികൾ മുറിച്ചു നീക്കിയിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷമാണ് ചെയുടെ മരണ വാര്‍ത്ത അമേരിക്കയിലെത്തുന്നത്. ഒക്ടോബര്‍ 15 ന് മരണം ഒദ്യോഗികമായി പ്രഖ്യാപിച്ചു. 'ക്യൂബന്‍ വിപ്ലവ തന്ത്രത്തിന്റെ മുന്‍നിര തന്ത്രജ്ഞനായ അദ്ദേഹം വീരമരണം നേടിയ മാതൃകാ വിപ്ലവകാരിയായി വാഴ്ത്തപ്പെടു'മെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്‌റെ റിപ്പോര്‍ട്ടില്‍ കുറിച്ചത്. അത് ശരിവെയ്ക്കുന്നായിരുന്നു കഴിഞ്ഞ 55 വര്‍ഷത്തെ ചരിത്രം.
ജീവിതവും ജീവിതത്തേക്കാളേറെ മരണവും ഇത്രയേറെ കാല്പനികവല്കരിക്കപ്പെട്ട മറ്റൊരു ബിംബം വിപ്ലവചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല. ചെ യെ പിടികൂടിയ കാടും തടവിലാക്കിയ സ്‌കൂള്‍ കെട്ടിടവും ഇന്ന് ഏറെ പ്രശസ്തമാണ്. ലാ ഹിഗ്വേരയില്‍ ചെഗുവേരയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തെ അവസാനമായി കിടത്തിയ അലക്ക് സിങ്ക് സ്മൃതി കുടീരമാണ്. രാജ്യാതിര്‍ത്തികളില്ലാതെ ചുവരുകളില്‍, ബാനറുകളില്‍, ടി- ഷര്‍ട്ടുകളില്‍ ' ചെ' ഇന്നും ജീവിക്കുന്നു. കൊലപ്പെടുത്താനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് കൊലയാളികളെകൊണ്ട് പോലും ചിന്തിപ്പിക്കുന്നതായിരുന്നു മരണാനന്തരം ചെയ്ക്ക് ലഭിച്ച സ്വീകാര്യത.
''വിപ്ലവമാണ് പ്രധാനമെന്നും നമ്മള്‍ ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒന്നിനും കൊള്ളാത്തവരെന്നും ഓര്‍ക്കുക. എല്ലാറ്റിനുമുപരിയായി, ലോകത്തെവിടെയും ആര്‍ക്കെതിരെയും നടക്കുന്ന ഏതൊരു അനീതിയോടും സംവേദനക്ഷമതയുള്ളവരായിരിക്കുക.'' - തന്‌റെ മക്കള്‍ക്കുള്ള അവസാന കത്ത് ചെ അവസാനിപ്പിച്ചത് ഇങ്ങനെയാണ്. അനീതിക്കെതിരായ സംവേദനക്ഷമതയുടെ മറുപേരാണ് ഇന്ന് ചെഗുവേര.