'ഭയമില്ല, ആരെയും പ്രീതിപ്പെടുത്താനും താത്പര്യമില്ല'; നിഷ്പക്ഷമായി റിപ്പോർട്ടിങ് തുടരുമെന്ന് ബിബിസി ഡയറക്ടർ
മൂന്ന് ദിവസം നീണ്ടുനിന്ന ആദായ നികുതി പരിശോധനയ്ക്ക് പിന്നാലെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പിന്തുണയറിയിച്ച് ബിബിസി ഡയറക്ടർ ടിം ഡേവി. ആരെയും പ്രീതിപ്പെടുത്താൻ താല്പര്യമില്ല, ഒട്ടും ഭയവുമില്ല, നിഷ്പക്ഷമായി റിപ്പോർട്ടിങ് തുടരുമെന്നും ബിബിസി ഡയറക്ടർ അറിയിച്ചു. ഇന്ത്യയിലെ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ടിമ്മിന്റെ പ്രതികരണം. ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് വിശ്വസ്തത പുലർത്തും. വാർത്തകൾ സത്യസന്ധമായി നൽകും. ആ ചുമതലയിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ സത്യസന്ധമായി നൽകും. ആ ചുമതലയിൽ നിന്ന് പിന്മാറാൻ തയ്യാറല്ല
ടിം ഡേവി
ബിബിസിക്ക് ഒരു അജണ്ടയുമില്ല. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുക, നിഷ്പക്ഷമായ വാർത്തകളും വിവരങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്നതുമാണ് ബിബിസിയുടെ ലക്ഷ്യം. ജീവനക്കാർക്ക് ജോലി ചെയ്യാൻ വേണ്ട എല്ലാ സുരക്ഷയും ബിബിസി നൽകുമെന്നും ഡേവി വ്യക്തമാക്കി.
ബിബിസി സംപ്രേഷണം ചെയ്ത 'ഇന്ത്യ; ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഡോക്യുമെന്ററിയുടെ സംപ്രേഷണത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം നടത്തിയെന്നും അതിനാൽ സംപ്രേഷണം തടയണമെന്നും ഇന്ത്യാ ഗവൺമെന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ മുംബൈ ഡൽഹി ഓഫീസുകളിൽ മൂന്ന് ദിവസം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്.
ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ജീവനക്കാരുടെ ജോലി പോലും തടസപ്പെട്ടെന്ന് ബിബിസി ആരോപിച്ചിരുന്നു. സ്ഥാപനത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് ബിബിസി ഓഫീസുകളില്‍ റെയ്ഡ് നടത്തിയതെന്ന ആദായ നികുതി വകുപ്പിന്റെ വാദം നിഷേധിക്കുന്നതായിരുന്നു ബിബിസി ഹിന്ദി പ്രസിദ്ധീകരിച്ച ലേഖനം. ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ജോലിയില്‍ നിന്ന് തടഞ്ഞുവെച്ചാണ് പരിശോധന നടത്തിയത്. ബിബിസിയിലെ ജീവനക്കാരോട് ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും വ്യക്തമാക്കുന്നതാണ് ലേഖനം.
60 മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയായിരുന്നു ബിബിസിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അവസാനിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം രണ്ട് ഓഫീസിലും ഉണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥര്‍ മടങ്ങി. ബിബിസി ഇന്ത്യ ഓഫീസിലെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വ്വേയാണ് നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം.