ഗാസയിൽ നിർബന്ധിത കുടിയൊഴിപ്പിക്കൽ, ഒഴിഞ്ഞുപോയവർക്കുനേരെ ബോംബ് വർഷിച്ചു; ഇസ്രയേൽ ക്രൂരത തുറന്നുകാട്ടി റിപ്പോർട്ട്
ഗാസയില്‍ സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചെന്ന് ഇസ്രയേല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്ത് രാജ്യാന്തര റിസര്‍ച്ച് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. ഗാസയില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുവെന്ന പേരില്‍ ഇസ്രയേല്‍ നടത്തിയത് നിര്‍ബന്ധിത ഒഴിപ്പിക്കലാണെന്നും ഇതിന്റെ ഫലമായി കൂട്ടക്കൊല നടന്നെന്നും ഫോറന്‍സിക് ആര്‍കിടെക്ച്ര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഗ്രൂപ്പാണ് ഫോറന്‍സിക് ആര്‍കിടെക്ച്ർ. മാനുഷിക ഒഴിപ്പിക്കലാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണെന്നും യുദ്ധക്കുറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലും ഇവര്‍ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്.
വംശഹത്യ ആരോപണത്തിനെ ചെറുക്കാനായി ഇസ്രയേല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മാനുഷിക ഒഴിപ്പിക്കലുകള്‍ നടത്തിയെന്ന് വാദിച്ചിരുന്നു. സൈന്യം ലക്ഷ്യം വയ്ക്കുന്ന സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനായി, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ഇസ്രയേല്‍ വാദിച്ചിരുന്നു. റേഡിയോ ബ്രോഡ്‌കാസ്റ്റുകള്‍, ടെലഫോണ്‍ കോളുള്‍ തുടങ്ങിയ വഴി മുന്നറിയിപ്പു നല്‍കുകയും സുരക്ഷിത വഴികളുടെ മാപ്പുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ഇസ്രയേല്‍ വാദിച്ചിരുന്നു.
എന്നാല്‍, ഇസ്രയേലിന്റെ ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പുകള്‍ കൂടുതല്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകള്‍ക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഗാസയിലുടനീളം സാധാരണക്കാരുടെ കൊലപാതകങ്ങള്‍ക്ക് കാരണമായി. ''പലസ്തീനികളെ ബോംബ് വര്‍ഷിച്ചും വെടിവെച്ചും കൊലപ്പെടുത്തി, അറസ്റ്റ് ചെയ്തു, പീഡിപ്പിച്ചു, സുരക്ഷിതം എന്ന് പ്രഖ്യാപിച്ച മേഖലകളില്‍ നിന്നുപോലും ഇസ്രയേല്‍ സൈന്യം ബലം പ്രയോഗിച്ച് ജനങ്ങളെ മാറ്റി,'' റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തതിന്റെ സമാനതകളില്ലാത്തതും വിനാശകരവുമായ തലങ്ങള്‍ ഗാസയില്‍ കാണാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികളെയും സ്‌കൂളുകളെയും സാംസ്‌കാരിക, മത കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ചുള്ള ആക്രമണം നടന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തെറ്റായതും അവ്യക്തവുമായ നിര്‍ദേശങ്ങള്‍ കാരണം ഗാസയില്‍നിന്ന് കുടിയിറക്കപ്പെട്ടവരില്‍ ആശയക്കുഴപ്പവും പരിഭ്രാന്തിയും വിതച്ചു. ഖാന്‍ യൂനിസ്, റഫ, അല്‍-മവാസി മേഖലകള്‍ നേരത്തെ സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഇവിടങ്ങളിലും ഇസ്രയേല്‍ സൈന്യം നിരന്തരം ആക്രമണങ്ങള്‍ നടത്തി.
അന്താരാഷ്ട്ര നിയമപ്രകാരം, യുദ്ധ മേഖലകളില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട സിവിലിയന്മാര്‍ക്ക് ഉചിതമായ പരിചരണം നല്‍കേണ്ടതുണ്ട്. എന്നാല്‍, ഇസ്രയേല്‍ ഇത് ചെയ്തില്ല. ഭക്ഷണം, വെള്ളം, മാനുഷിക സഹായങ്ങള്‍, ഇന്ധനം, പാര്‍പ്പിടം, വസ്ത്രം, വൈദ്യപരിചരണം എന്നിവ ഇസ്രയേല്‍ ലഭ്യമാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.