ഒളിഞ്ഞിരുന്ന മായൻ അവശേഷിപ്പുകൾ; കാടിന്റെ നിഗൂഢതയിൽ ഒരു മഹാനഗരം

ഒളിഞ്ഞിരുന്ന മായൻ അവശേഷിപ്പുകൾ; കാടിന്റെ നിഗൂഢതയിൽ ഒരു മഹാനഗരം

ഇതുവരെ കണ്ടെത്തിയ മായൻ സംസ്കാര അവശേഷിപ്പുകളിൽ വലുപ്പത്തിൽ രണ്ടാംസ്ഥാനത്താണ് കനോപ്പിയിലെ നഗരഘടന
Updated on
1 min read

പിരമിഡുകൾ, മൈതാനങ്ങൾ, കോസ് വേകൾ, തീയേറ്ററുകൾ... മണ്ണിനടിയിൽ ഇതാ ഒരു മഹാനഗരം. മെക്സിക്കോയിലെ കാനോപി കാടുകളിൽ നിന്നാണ് ആർക്കിയോളജിസ്റ്റുകൾ മായൻ സംസ്കാരത്തിന്റെ അവശേഷിപ്പായ മഹാനഗരത്തെ കണ്ടെത്തിയിരിക്കുന്നത്.

സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിനോളം വലുപ്പം വരുന്നതാണ് പുതുതായി കണ്ടെത്തിയ നഗരം

വലേറിയാന എന്നാണ് ഈ കോംപ്ലക്സിന് ഗവേഷകർ നൽകിയ പേര്. മരങ്ങൾക്കും മണ്ണിനുമടിയിലായിപ്പോയ ഘടനകൾ കണ്ടെത്തുന്നതിനുള്ള ലിഡാർ പരിശോധന ഉപയോഗിച്ചായിരുന്നു മായൻ അവശേഷിപ്പുകളുടെ പുതിയ കണ്ടെത്തൽ. സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിനോളം വലുപ്പം വരുന്നതാണ് പുതുതായി കണ്ടെത്തിയ നഗരം. ഇതുവരെ കണ്ടെത്തിയ മായൻ സംസ്കാര അവശേഷിപ്പുകളിൽ വലുപ്പത്തിൽ രണ്ടാംസ്ഥാനത്താണ് കനോപ്പിയിലെ നഗരഘടന. ലാറ്റിനമേരിക്കയിലെ കലാക്മുലിൽ കണ്ടെത്തിയതാണ് വലുപ്പത്തിൽ ഒന്നാംസ്ഥാനത്തുള്ളത്.

വലേറിയാന എന്നാണ് ഈ കോംപ്ലക്സിന് ഗവേഷകർ നൽകിയ പേര്. 50,000 ആളുകൾ വരെ ഇവിടെ താമസിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം

AD 750നും 850നുമിടയിൽ സജീവമായിരുന്ന നഗരമാണ് ഇതെന്നാണ് നിഗമനം. 50,000 ആളുകൾ വരെ ഇവിടെ താമസിച്ചിട്ടുണ്ടാകുമെന്നും ലഭ്യമായ അവശേഷിപ്പുകളിൽ വ്യക്തമാകുന്നു. ഈ മേഖലയിൽ ഇപ്പോൾ കഴിയുന്ന ആളുകളുടെ എണ്ണത്തിനേക്കാൾ കൂടുതലാണിത്. വലേറിയാന നഗരത്തിലേയും നേരത്തെ കണ്ടെത്തിയ കലാക്മുലിലേയും സാഹചര്യങ്ങൾ പരിശോധിച്ചതിലൂടെ സംസ്കാരികമായി സമ്പന്നമായിരുന്നു ഇവരുടെ രീതികളെന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ നഗരം പെട്ടെന്ന് നശിക്കാൻ കാരണമായത് എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കാലാവസ്ഥാ വ്യതിയാനമാകാമെന്ന സൂചന മാത്രമാണ് ഇപ്പോൾ ഗവേഷകർക്ക് മുന്നിലുള്ളത്.

ഒരു തലസ്ഥാന നഗരത്തിന്റെ എല്ലാ സവിശേഷതകളും ഈ പൗരാണിക നഗരത്തിനുണ്ട്. മായൻ പാരമ്പര്യമുള്ള ജനവിഭാഗം ഇപ്പോൾ കൂടുതലായി കഴിയുന്ന ഷിപുൽ മേഖലയിൽ നിന്ന് 15 മിനുട്ട് ദൂരം മാത്രമാണ് ഇവിടേക്കുള്ളത്.

ഏകദേശം 16.6 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ ആകെ വിസ്തൃതി. രണ്ട് അറ്റങ്ങളിലും പ്രധാന കെട്ടിടങ്ങൾ, ഇടയിൽ വീടുകളും ബന്ധിപ്പിക്കാനായി കോസ് വേകളും. മായൻ ആരാധനാ കേന്ദ്രത്തിന്റെ അവശേഷിപ്പുകളുമുണ്ട്. റിസർവോയറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഏകദേശം 6764 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്താനായത്. മായൻ സംസ്കാരം നഗര കേന്ദ്രീകൃതമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് കണ്ടെടുത്ത തെളിവുകൾ.

ലിഡാർ പരിശോധന തുടർന്നാൽ മേഖലയിൽ കൂടുതൽ നഗരങ്ങൾ കണ്ടെത്താനാകുമെന്നാണ് ആർക്കിയോളജിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. ലിഡാർ പരിശോധനയിലെ വിവരങ്ങൾക്കപ്പുറം ആർക്കിയോളജിസ്റ്റുകൾക്ക് മേഖലയിൽ നേരിട്ടെത്തി പരിശോധിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in