'സൈനിക നീക്കം നടത്തിയാല്‍ ഇന്ത്യയോട് തോറ്റ ദുരനുഭവം ആവര്‍ത്തിക്കും'; പാക് സര്‍ക്കാരിന് ടിടിപിയുടെ മുന്നറിയിപ്പ്
പാക് സര്‍ക്കാരിന് ഭീഷണിയുമായി തെഹരിക് -ഇ-താലിബാന്‍ നേതൃത്വം. ടിടിപിക്കെതിരെ നടപടിക്ക് പാക് സര്‍ക്കാര്‍ തിരിഞ്ഞാല്‍ അനന്തരഫലം വലുതായിരിക്കുമെന്നാണ് ഭീഷണി. പാക് ആഭ്യന്തരമന്ത്രിക്ക് ടിടിപി നേതാവ് അഹമ്മദ് യാസിര്‍ നല്‍കിയ മറുപടിയിലാണ് ഭീഷണി സ്വരം.
കാബൂളില്‍ താലിബാന്‍ ഭരണം സ്ഥാപിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ പാകിസ്താന് കാര്യങ്ങള്‍ പിഴച്ചു തുടങ്ങിയതിന്റെ സൂചനയാണ് ഇപ്പോള്‍ തെഹ്‌രിക്-ഇ താലിബാന്‍ നേതാവ് അഹമ്മദ് യാസിറിന്റെ ട്വീറ്റുകള്‍. 1971 ല്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട് കരാറില്‍ ഒപ്പുവെയ്ക്കുന്ന ചിത്രം പങ്കുവെച്ചാണ് യാസിറിന്റെ ട്വീറ്റ്. ''താലിബാന് നേരെയുള്ള ഒരു സൈനിക ആക്രമണത്തെപ്പറ്റി നിങ്ങള്‍ ഒരിക്കലും ചിന്തിക്കരുത്. അങ്ങനെയാണെങ്കില്‍ 1971 ലെ ദുരനുഭവം വീണ്ടും ആവര്‍ത്തിക്കപ്പെടും'' - ഇങ്ങനെയാണ് യാസിറിന്റെ ട്വീറ്റ്. പാക് ആഭ്യന്തര മന്ത്രി റാണാ സനാഉല്ല തെഹ്‌രിക്-ഇ താലിബാന്റെ ഒളിസങ്കേതങ്ങള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് യാസിര്‍ ട്വീറ്റ് ചെയ്തത്. പാകിസ്താനിലെ ചില പ്രദേശങ്ങള്‍ തെഹ്‌രിക്-ഇ താലിബാന്‍ കൈയ്യടക്കി സമാന്തര ഭരണം നടത്തുന്നതിന്റെ തെളിവുകള്‍ പാക് സര്‍ക്കാരിന് ലഭിച്ചതോടെയായിരുന്നു ആഭ്യന്തര മന്ത്രി സനാഉല്ലയുടെ ഭീഷണി.
പാക് തെഹ്‌രിക് -ഇ-താലിബാനും ബലൂച് വിഘടനവാദികളും പാകിസ്താന്റെ വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് രാജ്യത്തെ വിഭജിക്കാനുമുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ - പാക് അതിര്‍ത്തി മേഖലകളില്‍ ഈ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ശക്തമായ നിയന്ത്രണമുണ്ട്.
ഈ തര്‍ക്കത്തിന് പിന്നാലെ പാകിസ്താന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ രണ്ട് ദിവസത്തെ നിര്‍ണായക യോഗം വിളിച്ചു ചേര്‍ത്തു. രാജ്യം അഭിമുഖീകരിക്കുന്ന ഭീഷണികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം. ഭീകരര്‍ക്ക് സങ്കേതങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും പാക് ജനതയെ സംരക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ പാകിസ്താനിലെ വടക്ക് - പടിഞ്ഞാറന്‍ ഗോത്രമേഖലകളില്‍ തെഹരിക് ഇ താലിബാന്‍ വീണ്ടും സജീവമാകുകയായിരുന്നു. പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനടക്കം അഫ്ഗാനില്‍ താലിബാന്റെ വിജയത്തെ ഇസ്ലാമിന്റെ വിജയമായി വാഴ്ത്തിയിരുന്നു. അന്ന് മുതലേ ചില തീവ്ര വലത് ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ പാകിസ്താനില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്ന കാലം വിദൂരമല്ലെന്ന് പറഞ്ഞിരുന്നു. രണ്ട് മാസം മുന്‍പ് വിരമിച്ച പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ അഫ്ഗാനിലെ താലിബാനും ടിടിപിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികള്‍ കാബൂളിലെ ജയിലുകളില്‍ നിന്ന് ടിടിപി തടവുകാരെ മോചിപ്പിച്ചതും പാകിസ്താന്റെ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.
ഡിസംബറില്‍ പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ 132 വിദ്യാര്‍ത്ഥികളെയും 17 അധ്യാപകരെയും കൂട്ടക്കൊല ചെയ്തതിന് പിന്നില്‍ ടിടിപിയായിരുന്നു
ഏറെക്കാലമായി പാക് താലിബാനുമായി യുദ്ധം ചെയ്യുന്നതിന് പകരം അവരുമായി സമാധാന ചര്‍ച്ച നടത്തുക എന്നതാണ് പാകിസ്താന്റെ നയം.
2007ല്‍ പാകിസ്താന്‍ സൈന്യത്തെ എതിര്‍ക്കുന്നവരെ തടയാനുള്ള സായുധ സേന എന്ന രീതിയിലാണ് തെഹ്‌രിക്-ഇ താലിബാന്‍ പാകിസ്താന്‍ അഥവാ ടിടിപി രൂപികരിക്കുന്നത്. ടിടിപിയുടെ നേതൃത്വത്തില്‍ ചെറു ഭീകര സംഘടനകള്‍ക്കും രൂപം നല്‍കി. 2014 ഡിസംബറില്‍ പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ 132 വിദ്യാര്‍ത്ഥികളെയും 17 അധ്യാപകരെയും കൂട്ടക്കൊല ചെയ്തതോടെയാണ് പാക് സര്‍ക്കാര്‍ ടിടിപിയെ തുരത്താന്‍ നടപടികള്‍ സ്വീകരിച്ചത്. ഇതിനിടെ പല ടിടിപി നേതാക്കളും പ്രവര്‍ത്തകരും അഫ്ഗാനിസ്ഥാനിലേയ്ക്ക് പാലായനം ചെയ്തു. എങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടിടിപി നിരവധി തവണ പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.