ഋഷി സുനക്, ബോറിസ് ജോണ്‍സണ്‍
ഋഷി സുനക്, ബോറിസ് ജോണ്‍സണ്‍

100 എന്ന കടമ്പ കടന്ന് ഋഷി സുനക്, ബോറിസിന് 55 എംപിമാരുടെ പിന്തുണ; ആരാകും പുതിയ പ്രധാനമന്ത്രി?

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തുള്ള ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡന്റിന് 23 എംപിമാരുടെ പരസ്യ പിന്തുണയേ ഉള്ളൂ
Updated on
2 min read

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഋഷി സുനക് ബഹുദൂരം മുന്നില്‍. 100 എംപിമാരുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തില്‍ ആദ്യമെത്തിയിരിക്കുകയാണ് സുനക്. 122 പേരുടെ പിന്തുണ അദ്ദേഹം ഉറപ്പാക്കി. സ്ഥാനാര്‍ഥിത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നൂറു പേരുടെ പിന്തുണ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനോടകം 55 എംപിമാരുടെ പിന്തുണ ലഭിച്ചുകഴിഞ്ഞ ബോറിസിന് നൂറു തികയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.

അങ്ങനെ വന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് മുന്‍ പ്രധാനമന്ത്രിയും മുന്‍ ചാന്‍സിലറും തമ്മിലുള്ള മത്സരം ഉറപ്പാകും. ഇതിനോടകം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തുള്ള ഹൗസ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡന്റിന് 23 എംപിമാരുടെ പരസ്യ പിന്തുണയേ ഉള്ളൂ. മത്സരിക്കാന്‍ ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കാന്‍ ഇടയില്ല. അതിനാല്‍ തന്നെ ഇടയ്ക്ക് പിന്മാറി ബോറിസിനോ ഋഷിക്കോ പിന്തുണ നല്‍കാനുള്ള സാധ്യതയാണ് ഏറെയും. ഈ പിന്തുണ ആര്‍ക്കായാലും അത് നിര്‍ണായകമാവും.

ലിസ് ട്രസ് രാജിവച്ചത് മുതല്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഏവരും സാധ്യത കല്‍പിക്കുന്നത് ഋഷി സുനക്കിനാണ്. വോട്ടെടുപ്പില്‍ കേവലം 21,000 വോട്ടിനു മാത്രം പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട സുനകിന് അര്‍ഹതപ്പെട്ടതാണ് സ്ഥാനമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസം. ലോകത്തിലെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ സുനകിന് ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നും അവര്‍ വിശ്വസിക്കുന്നു. അതേ സമയം ഒന്നര ലക്ഷത്തോളം വരുന്ന പാര്‍ട്ടി അംഗങ്ങളില്‍ നല്ലൊരു വിഭാഗത്തിന് ഇപ്പോഴും ബോറിസിനോടാണ് പ്രിയം. ബോറിസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മാത്രമേ ഇനിയൊരു വിജയമുണ്ടാകൂ എന്നും ഇവര്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ എംപിമാരുടെ പിന്തുണ ഏറെയും ഋഷി സുനക്കിനാണെങ്കിലും പാര്‍ട്ടി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ സാധ്യത കൂടുതല്‍ ബോറിസിനാണ്.

പെന്നി മോര്‍ഡന്റ്
പെന്നി മോര്‍ഡന്റ്

കരീബിയയിലെ അവധിക്കാലാഘോഷത്തിന് ശേഷം ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച ലണ്ടനില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബോറിസും സുനകും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി പാര്‍ട്ടിയുടെ വിജയത്തിനു കളമൊരുക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ സംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. ബോറിസ് പ്രധാനമന്ത്രിയും ഋഷി സുനക് ചാന്‍സിലറുമായുള്ള സംവിധാനമാണ് ഇവരുടെ പദ്ധതി. ഇതിന്റെ ഭാഗമായി ഇരുവരും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച ഉണ്ടായേക്കുമെന്ന അഭ്യൂഹവും വെസ്റ്റ്മിനിസ്റ്ററിലുണ്ട്. ബെന്‍ വാലസ്, പ്രീതി പട്ടേല്‍, അലോക് ശര്‍മ്മ, ജേക്കബ് റീസ് മോഗ്, സൈമണ്‍ ക്ലാര്‍, ക്രിസ് ഹിറ്റണ്‍, ആനി മേരി ട്രെവല്യണ്‍ തുടങ്ങിയ പ്രമുഖരാണ് ബോറിസിനൊപ്പം അണിനിരന്നിട്ടുള്ളത്. കഴിഞ്ഞ മല്‍സരത്തില്‍ ലിസ് ട്രസിനെ പിന്തുണച്ച സാജിദ് ജാവേദാണ് ഋഷിയെ പിന്തുണയ്ക്കുന്നവരില്‍ ഏറ്റവും പ്രമുഖന്‍. ഇതുവരെ ഋഷി സുനക്കോ ബോറിസ് ജോണ്‍സണോ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടില്ല. പെന്നി മോര്‍ഡന്റ് മാത്രമാണ് പാര്‍ട്ടിയെ ഏകീകരിക്കും എന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പു രംഗത്ത് പരസ്യമായുള്ളത്.

നാളെ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള സമയം. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് അത് നേടാന്‍ കഴിഞ്ഞാല്‍ മാത്രമാണ് പാര്‍ട്ടി അംഗങ്ങളുടെ വോട്ടിലേക്ക് കാര്യങ്ങള്‍ നീങ്ങുക. ഈ പ്രക്രിയ ഒക്ടോബര്‍ 28ഓടെ പൂര്‍ത്തിയാകും.

logo
The Fourth
www.thefourthnews.in