റിഷി സുനക്
റിഷി സുനക്

ബോറിസ് ജോണ്‍സണിന് പകരക്കാരനായി ഇന്ത്യന്‍ വംശജനെത്തുമോ?; ചര്‍ച്ചയായി ഋഷി സുനക്

മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഋഷി സുനക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചന
Updated on
2 min read

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതോടെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്നുള്ള ചര്‍ച്ചകള്‍ കൂടി സജീവമാവുകയാണ്. മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഋഷി സുനക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചന. അങ്ങനയെങ്കില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായിരിക്കും ഋഷി സുനക്.

ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വ്യക്തിയാണ് മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്. 2015 മുതല്‍ യോര്‍ക്ക് ഷൈറിലെ റിച്ച്‌മൊണ്ടില്‍ നിന്നുള്ള എംപിയാണ് ഋഷി സുനിക്. കോവിഡ് സമയത്ത് പ്രതിസന്ധിയിലായ വ്യവസായികളെയും തൊഴിലാളികളെയും സഹായിക്കുന്നതിനായി വിവിധ പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ജനസമ്മതിയുള്ള നേതാവ് കൂടിയാണ് ഋഷി സുനക്.

ബോറിസ് ജോണ്‍സണ്‍
ബോറിസ് ജോണ്‍സണ്‍

ഋഷി സുനകും ഇന്ത്യയും

41 കാരനായ സുനക്കിന്റെ മാതാപിതാക്കള്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇന്‍ഫോസിസ് സ്ഥാപകനായ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് സുനക്കിന്റെ ഭാര്യ.

യുകെയിലെ പ്രതിസന്ധി

ബോറിസ് ജോണ്‍സനെ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസമാണ് ധനമന്ത്രി ഋഷി സുനകും ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവെയ്ക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഇരുവരുടെയും രാജിയെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

2020 മേയില്‍ രാജ്യം ലോക്ഡൗണിലായിരുന്നപ്പോള്‍ ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ ബോറിസ് ജോണ്‍സണിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്‍സന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായത്. ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചതും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി.

ബ്രീട്ടിഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതെങ്ങനെ

ഭൂരിപക്ഷമുള്ള പാര്‍ട്ടിയില്‍ നിന്നും മത്സരിക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ ഇതിന് തയ്യാറാവുകയാണ് ആദ്യഘട്ടം. ഇവരെ കുറഞ്ഞത് രണ്ട് കണ്‍സര്‍വേറ്റീവ് നിയമനിര്‍മാതാക്കള്‍ പിന്തുണയ്ക്കുകയും വേണം.

കണ്‍സര്‍വേറ്റീവ് നിയമനിര്‍മാതാക്കള്‍ ഒരോരുത്തരോടും രഹസ്യ ബാലറ്റില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ഏറ്റവും കുറവ് വോട്ട് നേടുന്ന വ്യക്തിയെ ഒഴിവാക്കുകയും ചെയ്യും. രണ്ട് സ്ഥാനാര്‍ത്ഥികള്‍ അവശേഷിക്കുന്നത് വരെ ഈ വോട്ടെടുപ്പ് പ്രക്രിയ തുടരും.

അവസാനത്തെ രണ്ട് സ്ഥാനാര്‍ത്ഥികളെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും വിജയിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. മത്സരിക്കാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തിനെ ആശ്രയിച്ച് മത്സരത്തിന്റെ ദൈര്‍ഘ്യവും വ്യത്യാസപ്പെടാം. 2016 ല്‍ ഡേവിഡ് കാമറൂണ്‍ രാജിവെച്ച് മൂന്നാഴ്ച്ചക്കുള്ളില്‍ തന്നെ തെരേസ മേ നേതാവായ ചരിത്രവും ബ്രിട്ടനുണ്ട്.

logo
The Fourth
www.thefourthnews.in