സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രക്ഷകനാകാന്‍ സുനക്
ആദ്യ ബ്രീട്ടിഷ് 'ഇന്ത്യന്‍' പ്രധാനമന്ത്രിയാകുകയാണ് ഋഷി സുനക്. തെറ്റായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയതിന്റെ പേരില്‍, കടുത്ത വിമര്‍ശനങ്ങള്‍ക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കുമൊടുവില്‍ ലിസ് ട്രസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് സുനക് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ വെളുത്ത വംശജനല്ലാത്ത വ്യക്തി, ആദ്യ ഹിന്ദു കുടുംബാംഗം എന്നിങ്ങനെ വിശേഷണങ്ങള്‍ സുനകിനുണ്ട്. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം തുടങ്ങിവെക്കുകയും പിന്നീട് തോറ്റ് പിന്‍വാങ്ങുകയും ചെയ്ത സുനകിലേക്ക് തന്നെ പദവി എത്തിച്ചേരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ലിസ് ട്രസിനോട് തോറ്റ സുനക് അവരുടെ പകരക്കാരനായി തന്നെ അധികാര കസേരയിലെത്തുന്നു എന്നതാണ് കാലത്തിന്റെ കാവ്യനീതി.
സുനകിന് കല്‍പ്പിച്ചിരുന്ന സാധ്യതകളെല്ലാം തട്ടിതെറിപ്പിച്ചു കൊണ്ടാണ് മുന്‍ വിദേശകാര്യ മന്ത്രിയായ ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്
2015 മുതല്‍ യോര്‍ക് ഷയറിലെ റിച്ച്മണ്ടില്‍ നിന്നുള്ള എംപിയാണ് സുനക്. കോവിഡ് സമയത്ത് പ്രതിസന്ധിയിലായ വ്യവസായികളെയും തൊഴിലാളികളെയും സഹായിക്കുന്നതിനായി വിവിധ പദ്ധതികള്‍ സുനക് പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ജനപ്രീതിയുള്ള നേതാവായി അദ്ദേഹം ഉയരുകയായിരുന്നു. സുനകിന് കല്‍പ്പിച്ചിരുന്ന സാധ്യതകളെല്ലാം തട്ടിതെറിപ്പിച്ചു കൊണ്ടാണ് മുന്‍ വിദേശകാര്യ മന്ത്രിയായ ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. തിരഞ്ഞെടുപ്പില്‍ കനത്ത മത്സരമാണ് സുനകില്‍ നിന്ന് ലിസ് ട്രസ് നേരിട്ടത്. 81,326 വോട്ടുകള്‍ ലിസ് നേടിയപ്പോള്‍ 60,399 വോട്ടുകളാണ് സുനകിന് ലഭിച്ചത്. സുനകിന് ലഭിച്ച ഭൂരിപക്ഷം തന്നെ അദ്ദേഹത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നതായിരുന്നു.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ അതിവേഗം നേതൃസ്ഥാനത്തേക്ക് ഉയരുകയും പിന്നിട് ബോറിസ് സര്‍ക്കാറില്‍ ധനമന്ത്രി സ്ഥാനത്തെത്തുകയും ചെയ്ത നേതാവാണ് അദ്ദേഹം. 2020 സെപ്റ്റംബറില്‍ നടന്ന ഇപ്സോസ് മോറി സര്‍വേയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സുനകിന് ലഭിച്ചു. 1978 ല്‍ ലേബര്‍ പാര്‍ട്ടിയുടെ ഡെനീസ് ഹീലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന വ്യക്തിയാണ് സുനക്.
ബോറിസ് ജോണ്‍സനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍ നിന്ന് ഋഷി സുനക് രാജിവെയ്ക്കുകയായിരുന്നു.
ബോറിസ് ജോണ്‍സണിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍ നിന്ന് സുനക് രാജിവെയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു സുനകിന്റെ രാജി. 2020 മേയില്‍ രാജ്യം ലോക്ഡൗണിലായിരുന്നപ്പോള്‍ ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ ബോറിസ് ജോണ്‍സണിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്‍സന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായത്. ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചതും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി.
കോവിഡ് മൂലമുണ്ടായ വിപണി തകര്‍ച്ചയില്‍ നിന്ന് ബ്രിട്ടനെ കരകയറ്റിയത് സുനകിന്റെ വിവേകപൂര്‍വമായ തീരുമാനങ്ങള്‍ ആയിരുന്നു
കോവിഡ് മൂലമുണ്ടായ വിപണി തകര്‍ച്ചയില്‍ നിന്ന് ബ്രിട്ടനെ കരകയറ്റിയത് സുനകിന്റെ വിവേകപൂര്‍വമായ തീരുമാനങ്ങള്‍ ആയിരുന്നു. ബ്രക്‌സിറ്റ് അനുകൂല പ്രസംഗങ്ങളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയ ഇന്ത്യന്‍ മാതാപിതാക്കളുടെ മകനായി 1980 ല്‍ സതാംപ്ടണിലാണ് സുനക് ജനിക്കുന്നത്. വിന്‍ചെസ്റ്റര്‍ കോളേജിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡിലെ ലിങ്കണ്‍ കോളേജില്‍ തത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിക്കുകയും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ നേടുകയും ചെയ്തു. സ്റ്റാന്‍ഫോര്‍ഡില്‍ പഠിക്കുമ്പോഴാണ് ഇന്‍ഫോസിസ് സ്ഥാപകനും ഇന്ത്യന്‍ കോടീശ്വരനുമായ എന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ കണ്ടുമുട്ടുന്നത്. 2009 ലായിരുന്നു ഇരുവരുടെയും വിവാഹം.