ഋഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ

ഋഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ

കൺസർവേറ്റീവ് പാർട്ടി നേതൃതിരഞ്ഞെടുപ്പിൽ നിന്ന് പെന്നി മോർഡന്റ് പിൻമാറി
Updated on
1 min read

ഇന്ത്യൻ വംശജനായ ഋഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. കൺസർവേറ്റീവ് പാർട്ടി നേതൃതിരഞ്ഞെടുപ്പിൽ നിന്ന് പെന്നി മോർഡന്റ് പിൻമാറി. ഇതോടെ ഋഷി സുനക് മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വെളുത്ത വർഗക്കാരനല്ലാത്ത വ്യക്തിയും ആദ്യ ഹിന്ദുവുമാണ് ഋഷി സുനക്. മുൻ ധനകാര്യ സെക്രട്ടറിയായിരുന്ന സുനക് നേരത്തെ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പിൽ ലിസ് ട്രസിനോട് തോറ്റിരുന്നു. പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒന്നരമാസത്തിനകം പ്രധാനമന്ത്രി പദത്തിലെത്തുകയാണ്.

കൺസർവേറ്റീവ് പാർട്ടി നേതൃ തിരഞ്ഞെടുപ്പിനായി നാമനിർദേശം സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പെന്നി മോർഡന്റ് പിൻമാറിയത്. മത്സരത്തിനായി ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മോർഡന്റ് ആണ്. എന്നാൽ എംപിമാർക്കിടയിൽ ഋഷി സുനകിന് വലിയ പിന്തുണയാണ് ലഭിച്ചത്. പകുതിയിലധികം എംപിമാരുടെ പിന്തുണ ഋഷി സുനകിന് നേടാനായി. നാമനിർദേശം നൽകാൻ ആവശ്യമായ 100 എംപിമാരുടെ പിന്തുണയുണ്ടെന്ന് മോർഡന്റ് ക്യാമ്പ് അവകാശപ്പെടുന്നതിനിടെയാണ് പിൻമാറ്റ പ്രഖ്യാപനം വന്നത്. എന്നാൽ 100 എന്ന മാജിക് നമ്പർ തൊടാൻ പെന്നിമോർഡന്റിനായിലെന്നാണ് സൂചന. നേരത്തെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും പിൻമാറിയിരുന്നു. ചരിത്രപരമായ തീരുമാനമെന്നും കൺസർവേറ്റീവ് പാർട്ടിയുടെ വൈവിധ്യമാണ് ഋഷിയുടെ തിരഞ്ഞെടുപ്പിലൂടെ പ്രകടമാകുന്നതെന്നും മോർഡന്റ് ട്വിറ്ററിൽ കുറിച്ചു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.

ഋഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ
കൈപൊള്ളി ലിസ് ട്രസ്; ഇനി അവസരം സുനകിന്?

ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനകാര്യ സെക്രട്ടറിയായിരുന്ന ഋഷി സുനക്, കോവിഡും റഷ്യൻ ഉപരോധങ്ങളും ഉണ്ടാക്കിയ പ്രതിസന്ധിക്കിടയിലും രാജ്യത്തെ സമ്പദ്മേഖലയെ പിടിച്ചുനിർത്തിയ ഇടപെടലുകൾ നടത്തിയിരുന്നു. വിപണി താറുമാറാക്കിയ സാമ്പത്തിക നയങ്ങളുടെ പേരിൽ ക്രൂശിക്കപ്പെട്ട സർക്കാരിനും പാർട്ടിക്കും പുതുജീവൻ നൽകാൻ സുനകിന്റെ നയങ്ങൾക്ക് സാധിക്കുമെന്ന വിലയിരുത്തൽ തന്നെയാണ് അദ്ദേഹത്തിന് പിന്തുണ വർധിപ്പിച്ചത്. ഉയർന്ന കോർപ്പറേറ്റ് നികുതി നടപ്പാക്കുക, ഗ്രീൻ ലെവി ഏർപ്പെടുത്തുക തുടങ്ങിയ സുനകിന്റെ സാമ്പത്തിക നയങ്ങളെ എതിർത്താണ് ലിസ് ട്രസ് അധികാരത്തിലേറിയത്. നികുതി വെട്ടിക്കുറച്ച പ്രഖ്യാപനങ്ങൾ മിനിബജറ്റിൽ വന്നതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുകയും പൗണ്ടിന്‌റെ മൂല്യം സര്‍വകാല തകര്‍ച്ചയിലെത്തിക്കുകയും ചെയ്തു. ഇതാണ് നേതൃമാറ്റം അനിവാര്യമാക്കിയത്.

2019 പൊതുതിരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടണിൽ അധികാരത്തിലേറുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. ലിസ് ട്രസും ഋഷി സുനകും ഉടൻ ചാൾസ് മൂന്നാമനെ കാണും. ചൊവ്വാഴ്ച തന്നെ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in