റോൺ ഡി സാന്റിസ്
റോൺ ഡി സാന്റിസ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി പോരില്‍നിന്ന് റോൺ ഡി സാന്റിസ് പിന്മാറി

അയോവ പ്രൈമറിക്ക് പിന്നാലെ കേരളത്തിൽ വേരുകളുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും ട്രംപിന് പിന്തുണ നൽകി പിന്മാറിയിരുന്നു
Updated on
1 min read

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രധാന എതിരാളിയാകുമെന്ന് കരുതിയിരുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽനിന്ന് പിന്മാറി. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ പ്രൈമറി (ഓരോ സംസ്ഥാനങ്ങളിലെ പാർട്ടി സ്ഥാനാർത്ഥിയെ നിർണയിക്കുന്ന പ്രക്രിയ) നടന്ന അയോവയിലെ തോൽവിക്ക് പിന്നാലെയാണ് ഞായറാഴ്ച റോൺ ഡി സാന്റിസിന്റെയും പിൻവാങ്ങൽ.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വ മത്സരത്തിൽനിന്ന് പിന്മാറിയ സാന്റിസ്, ട്രംപിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ യു എൻ മുൻ അംബാസഡർ നിക്കി ഹാലി മാത്രമാണ് ട്രംപിന്റെ എതിരാളി. അയോവ പ്രൈമറിയിൽ റോൺ ഡി സാന്റിസ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും ഒന്നാമതെത്തിയ ട്രംപുമായി വലിയ മാർജിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിലയിരുത്തൽ.

ന്യൂ ഹാംപ്‌ഷെയറിലും രണ്ട് ദിവസത്തിനകം പ്രൈമറി നടക്കാനിരിക്കെയാണ് റോൺ ഡി സാന്റിസിന്റെ തീരുമാനം വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. "റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരിൽ ഭൂരിഭാഗവും ഡൊണാൾഡ് ട്രംപിന് മറ്റൊരു അവസരം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് വ്യക്തമാണ്" ഡിസാന്റിസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച അയോവയിൽ നടന്ന പ്രൈമറിയിൽ 51 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. അതേസമയം, ഡി സാന്റിസിന് 21 ശതമാനവും നിക്കി ഹേലിക്ക് 19 ശതമാനം വോട്ടുമാണ് ലഭിച്ചത്. ആദ്യം പ്രൈമറി നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ വിജയിക്കുന്നയാളാകും മിക്കവാറും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുക.

റോൺ ഡി സാന്റിസ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി, ട്രംപിന് പിന്തുണ

അയോവ പ്രൈമറിക്ക് പിന്നാലെ കേരളത്തിൽ വേരുകളുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും ട്രംപിന് പിന്തുണ നൽകി പിന്മാറിയിരുന്നു. നിലവിൽ റിപ്പബ്ലിക്കൻമാരിൽ 70 ശതമാനത്തിലധികം പേർക്കും ട്രംപിനോട് അനുകൂലമായ അഭിപ്രായമാണുള്ളതെന്നാണ് മിക്ക സർവേകളും തെളിയിക്കുന്നത്.

പല റിപ്പബ്ലിക്കൻമാരും പ്രതീക്ഷയർപ്പിച്ച സ്ഥാനാർത്ഥിയായിരുന്നു നാല്പത്തിയഞ്ചുകാരനായ ഡിസാന്റിസ്. എന്നാൽ മത്സരം ആരംഭിച്ച ശേഷം, ഫെഡറൽ കേസുകളിൽ കുറ്റാരോപിതനായ ട്രംപിന് ഭീഷണിയാകാൻ സാന്റിസിന് സാധിച്ചിരുന്നില്ല. നേവൽ ഉദ്യോഗസ്ഥനായിരുന്ന സാന്റിസ് 2018ലാണ് ഫ്ലോറിഡ ഗവർണറായി നിയമിക്കപ്പെടുന്നത്. ട്രംപിന്റെ പിന്തുണയോടെയായിരുന്നു പദവിയിലെത്തിയതെങ്കിലും പിന്നീട് അദ്ദേഹം അകലം പാലിച്ചിരുന്നു. കൂടാതെ വിദ്യാഭ്യാസം, കുടിയേറ്റം, എൽ ജി ബി ടി ക്യൂ വിഷയങ്ങൾ എന്നിവയിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുക വഴി സാന്റിസ് ഒരുതരം കുപ്രസിദ്ധിയും നേടിയിരുന്നു.

logo
The Fourth
www.thefourthnews.in