പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന ആരോപണം; ട്രംപിന്റെ നുണക്കഥ ഫോക്സ് ന്യൂസും പ്രചരിപ്പിച്ചെന്ന് മർഡോക്ക്
2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന ഡോണൾഡ് ട്രംപിന്റെ ആരോപണം, ഫോക്സ് ന്യൂസിലെ ചില അവതാരകരും പ്രചരിപ്പിച്ചിരുന്നതായി സമ്മതിച്ച് ഫോക്സ് ന്യൂസ് ഉടമ റൂപർട്ട് മർഡോക്ക്. വോട്ടിങ് മെഷീൻ നിർമാണ കമ്പനിയായ 'ഡൊമിനിയൻ', ഫോക്സ് ന്യൂസിനെതിരെ നൽകിയ അപകീർത്തി കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മർഡോക്കിൻറെ ഏറ്റുപറച്ചിൽ. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഫോക്സ് ന്യൂസിന്റെ മാതൃസ്ഥാപനമായ ഫോക്സ് കോർപറേഷനെതിരെ 1.6 ബില്യൺ ഡോളറിന്റെ കേസാണ് അമേരിക്കയിലെ ഡെലവെയർ സുപ്പീരിയർ കോടതിയിൽ 2021ല്‍ ഡോനിമിയൻ നൽകിയിരുന്നത്. വോട്ടിങ് മെഷീനിൽ ക്രമക്കേട് നടത്തിയാണ് തന്നെ തോല്പിച്ചതെന്നായിരുന്നു ട്രംപിന്റെയും അനുകൂലികളുടെയും പ്രചാരണം. ഇത്തരമൊരു നുണക്കഥ പ്രചരിക്കുന്നതിൽ മാധ്യമങ്ങൾക്കും പങ്കുള്ളതായി പല അന്വേഷണാത്മക റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതിനെ ശരിവയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.
തെറ്റാണെന്ന് അറിഞ്ഞിട്ടും ട്രംപിന്റെ വാദങ്ങള്‍ സംപ്രേഷണം ചെയ്തതിനെയാണ് ഡൊമിനിയൻ കോടതിയിൽ ചോദ്യം ചെയ്യുന്നത്.
ഫോക്സ് ന്യൂസിലെ അവതാരകരിൽ ചിലർ ട്രംപിന്റെ നുണ പ്രചാരണം ശരിയാന്നെന്ന് സമ്മതിക്കുകയും അത് ഷോകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മർഡോക്ക് അംഗീകരിച്ചു. തിങ്കളാഴ്ചയാണ് സത്യവാങ്മൂലം പരസ്യപ്പെടുത്തിയത്. വ്യക്തിപരമായി നുണ പ്രചാരണങ്ങളെ മർഡോക്ക് തള്ളിയിരുന്നുവെങ്കിലും ട്രംപിന്റെ അഭിഭാഷകർക്ക് ചാനലില്‍ അഭിപ്രായപ്രകടനങ്ങള്‍ക്ക് അവസരം നല്‍കുക വഴി വോട്ടിങ് മെഷീനിൽ ക്രമക്കേട് നടന്നെന്ന പ്രചാരണത്തിന് ശക്തി പകർന്നു. "തടയേണ്ടതായിരുന്നു എന്നാൽ ചെയ്തില്ല" മർഡോക്ക് പറഞ്ഞു. ഫോക്സ് അവതാരകരിൽ പലരും ട്രംപിന്റെയും സംഘത്തിന്റെയും പ്രചാരണങ്ങൾ തള്ളി കളഞ്ഞെങ്കിലും പ്രേക്ഷകപ്രീതി ലക്ഷ്യമിട്ട് കവറേജ് നൽകുന്നത് തുടർന്നിരുന്നു.
2020ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഡൊമിനിയൻ വോട്ടിങ് മെഷീനുകൾ ഉപയോഗിച്ചുവെന്ന തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്
മാർച്ചിൽ ഫോക്സ് ന്യൂസിനും നവംബറിൽ ഫോക്സ് കോർപറേഷന് എതിരെയും വോട്ടിങ് മെഷീൻ സ്ഥാപനം കോടതിയിൽ കേസ് നൽകി. 2020ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഡൊമിനിയൻ വോട്ടിങ് മെഷീനുകൾ ഉപയോഗിച്ചുവെന്ന തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. വാദങ്ങൾക്ക് ശക്തി പകരാൻ മർഡോക്കും മറ്റ് അവതാരകരും ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളയുന്ന പരസ്യ പ്രസ്താവനകളും മെയ്‌ലുകളുമെല്ലാം കോടതിയിൽ സമർപ്പിച്ചു. തെറ്റാണെന്ന് അറിഞ്ഞിട്ടും ട്രംപിന്റെ വാദങ്ങള്‍ സംപ്രേഷണം ചെയ്തതിനെയാണ് ഡൊമിനിയൻ കോടതിയിൽ ചോദ്യം ചെയ്യുന്നത്.
അതേസമയം, ഡൊമിനിയന്റെ കേസ് മാധ്യമപ്രവർത്തനത്തെ തടസപ്പെടുത്തുമെന്നും ട്രംപിന്റെയും അദ്ദേഹത്തിന്റെ അഭിഭാഷകരുടെയും പ്രസ്താവനകള്‍ വാർത്താപ്രാധാന്യമുള്ളതായിരുന്നുവെന്നും ഫോക്സ് കോടതിയിൽ വാദിച്ചു. ഡൊമിനിയന്റെ കേസ് ഒരു വഴിത്തിരിവാണെന്ന് ഹാർവാർഡിലെ നിയമകാര്യ പ്രൊഫസർ പറഞ്ഞു. വ്യൂവർഷിപ്പും വരുമാനവും വർധിപ്പിക്കുന്നതിന് വേണ്ടി വ്യാജ വിവരങ്ങൾ ഉണ്ടാക്കുകയാണെന്ന് പ്രതിഭാഗത്തുള്ളവർ രേഖാമൂലം സമ്മതിച്ച ഒരു കേസും ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.