ഖെഴ്സണ്‍ യുക്രെയ്നിലെ യുദ്ധമുഖമാകുമോ എന്ന് ആശങ്ക; ജനങ്ങളെ ഒഴിപ്പിക്കാന്‍ റഷ്യന്‍ ഇടപെടല്‍
ഹിതപരിശോധനയിലൂടെ സ്വതന്ത്രമായി പ്രഖ്യാപിച്ച യുക്രെയ്നിലെ ഖെഴ്‌സണില്‍ ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടന്ന് റഷ്യ. ഖെഴ്‌സണിലെ റഷ്യന്‍ അനുകൂല ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. യുദ്ധത്തിന്റെ പ്രധാന കേന്ദ്രമാക്കി ഹേഴ്‌സണെ മാറ്റാനുള്ള നീക്കമാണ് റഷ്യയുടേതെന്നാണ് സൂചന. ജനവാസമേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്. പ്രാദേശിക ഭരണകൂടത്തിന് പൂര്‍ണ സഹായം നല്‍കുമെന്നും റഷ്യ അറിയിച്ചു.
പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തില്‍ യുദ്ധം കടുപ്പിക്കാനുള്ള നീക്കമായാണ് റഷ്യന്‍ നടപടിയെ യുക്രെയ്ന്‍ വിലയിരുത്തുന്നത്. റഷ്യന്‍ മിസൈലുകള്‍ നേരിടാന്‍ കൂടുതല്‍ ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് യുക്രെയ്ന്‍ പറയുന്നു. നാറ്റോയും ജി - 7 രാജ്യങ്ങളും കൂടുതല്‍ സഹായവുമായി മുന്നോട്ട് വരണമെന്ന് യുക്രെയ്ന്‍ പ്രസിഡന്‌റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കീവ് കേന്ദ്രീകരിച്ച് റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഇത്. സെലന്‍സ്കിയുടെ ആവശ്യം പരിഗണിച്ച് റഷ്യയുടെ ഡ്രോണ്‍ ആക്രമണം ചെറുക്കാനുള്ള ആയുധങ്ങളും യന്ത്രങ്ങളും യുക്രെയ്‌ന് നല്‍കുമെന്ന് നാറ്റോ വ്യക്തമാക്കി.
ഡൊണെറ്റ്‌സ്‌ക്, സപോറീഷ്യ, ലുഹാന്‍സ്‌ക് എന്നിവയ്‌ക്കൊപ്പം റഷ്യ ഹിതപരിശോധനയിലൂടെ കൂട്ടിച്ചേര്‍ത്ത മേഖലയാണ് ഖെഴ്‌സണ്‍. ക്രിസ്മസിന് മുന്‍പായി ഹേഴ്‌സണില്‍ അധികാരം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ന്‍ അധികൃതര്‍. ഖെഴ്‌സണിലെ 2400 ചതുരശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചതായും യുക്രെയ്ന്‍ അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ആളുകളെ ഒഴിപ്പിക്കാനുള്ള റഷ്യന്‍ നീക്കം. യുക്രെയ്ന്‍ സൈന്യം ഖെഴ്‌സണില്‍ പ്രതിരോധം കടുപ്പിക്കുന്നതിന് മുന്‍പ് റഷ്യന്‍ പിന്തുണയോടെ ആളുകളെ മാറ്റാനാകുമെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു.