'മൂന്ന് മണിക്കൂർ സമയം', രഹസ്യ സംസ്കാരത്തിന് അന്ത്യശാസനം; ആരോപണവുമായി നവാല്‍നിയുടെ അനുയായികള്‍
ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചില്ലെങ്കിൽ ജയിൽ കോളനിയുടെ മൈതാനത്ത് അടക്കം ചെയ്യുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായി ആരോപണം. തീരുമാനമെടുക്കാൻ മൂന്ന് മണിക്കൂർ സമയം, അല്ലാത്ത പക്ഷം ജയിലിനടുത്തുള്ള മൈതാനത്ത് അടക്കം ചെയ്യുമെന്നായിരുന്നു ഫോണിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭീഷണിയെന്ന് നവാല്‍നിയുടെ വക്താവ് കിര യർമിഷ് അറിയിച്ചു.
നവാൽനിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിന് അധികൃതർ സമ്മർദം ചെലുത്തുന്നതായി നവാല്‍നിയുടെ മാതാവ് ല്യൂഡ്‌മില നവാല്‍നയ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.
“ഒരു മണിക്കൂർ മുമ്പ്, അന്വേഷണ ഉദ്യോഗസ്ഥർ അലക്സിയുടെ അമ്മയെ വിളിച്ച് അന്ത്യശാസനം നൽകി,”നവാൽനിയുടെ വക്താവ് കിര യർമിഷ് എക്‌സിൽ കുറിച്ചു.
നവാല്‍നിയുടെ മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്ന് തീരുമാനമെടുക്കാൻ റഷ്യൻ അന്വേഷണ ഉദോഗസ്ഥർക്ക് യാതൊരു അധികാരവുമില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘവുമായി ചർച്ച നടത്താൻ ല്യൂഡ്‌മില വിസമ്മതിച്ചതായും കിര യർമിഷ് പറഞ്ഞു. റഷ്യൻ നിയമപ്രകാരം മരണവും മരണകാരണവും സ്ഥിരീകരിച്ച് കഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം കൈമാറാൻ അന്വേഷണ സംഘം ബാധ്യസ്ഥരാണ്.
ബുധനാഴ്ച രാത്രി നവാൽനിയുടെ മൃതദേഹം കാണാൻ അനുവദിച്ചതായി ല്യൂഡ്‌മില വെളിപ്പെടുത്തിയിരുന്നു. അന്ന് ഒപ്പിട്ടുകൊടുത്ത മെഡിക്കൽ രേഖകളനുസരിച്ച് രണ്ടുദിവസത്തെ സമയപരിധി അവസാനിച്ചു. മകന്റെ മൃതദേഹം വിട്ടുകിട്ടണമെന്നും സാധാരണ രീതിയിൽ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്നും ല്യൂഡ്‌മില അന്വേഷണ സംഘത്തോടും റഷ്യൻ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം വിട്ടുകിട്ടുന്നതിനായി ശനിയാഴ്ച മുതൽ ശ്രമങ്ങളിലാണ് അലക്‌സിയുടെ അമ്മ. നവാൽനിയുടെ മരണവാർത്തയെ തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ല്യൂഡ്‌മിലയെ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ പ്രധാന കവാടത്തില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുള്ളുവെന്നാണ് അധികാരികൾ അറിയിച്ചത്.
മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് നവാല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. അമ്മയ്ക്ക് മകന്റെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി റഷ്യൻ സാംസ്കാരിക പ്രമുഖരും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
മകന്റെ മൃതദേഹം വിട്ടുനൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെത്തുടർന്ന് ല്യൂഡ്‌മില റഷ്യൻ കോടതിയെ സമീപിച്ചിരുന്നു. മാർച്ച് നാലിനാണ് ഇതുസംബന്ധിച്ച വാദം കോടതി വാദം കേൾക്കുന്നത്.
പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്സി നവാല്‍നി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം.