യുക്രെയ്നിലെ റഷ്യന്‍ നടപടി 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ'മെന്ന് അമേരിക്ക; പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

യുക്രെയ്നിലെ റഷ്യന്‍ നടപടി 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ'മെന്ന് അമേരിക്ക; പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

യുക്രെയ്ന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികള്‍ ഉറപ്പാക്കണമെന്ന് ബ്രിട്ടന്‍
Updated on
1 min read

റഷ്യ, യുക്രെയ്‌നില്‍ നടപ്പാക്കിയത് 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ'മാണെന്ന് അമേരിക്ക. കൊലപാതകം, പീഡനം, ബലാത്സംഗം, നാടുകടത്തല്‍ തുടങ്ങി മനുഷ്യ ജീവിതം പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ മാത്രമാണ് യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് യുഎസ് വൈസ് പ്രസിഡന്‌റ് കമല ഹാരിസ് കുറ്റപ്പെടുത്തി. '' യുക്രെയ്‌ന് നേരെ ഇത്രയും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ലോകത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടണം. മാനുഷികമായ എല്ലാ മൂല്യങ്ങളേയും തകര്‍ത്ത നീക്കം ചര്‍ച്ചയാകണം''. - കമല ഹാരിസ് വ്യക്തമാക്കി. മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കമല ഹാരിസ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും യുക്രെയ്‌ന് വേണ്ടി രംഗത്തെത്തി. യുക്രെയ്‌ന്‌റെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യണമെന്ന് റിഷി സുനക് നിര്‍ദേശിച്ചു. യുക്രെയ്‌ന് പിടിച്ചുനില്‍ക്കാനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചുനല്‍കേണ്ടതിന്‌റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഇതിനായി നാറ്റോ പുതിയൊരു ഉടമ്പടി കൊണ്ടുവരേണ്ടതുണ്ടെന്നും സുനക് വ്യക്തമാക്കി.

റഷ്യ, രാജ്യത്ത് നടപ്പാക്കിയത് 'വംശഹത്യ'യാണെന്നാണ് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലെബ വിശേഷിപ്പിച്ചത്. യുക്രെയ്ന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി തുടരുന്നതിലെ അനിഷ്ടമാണ് ഇത്ര വലിയ ക്രൂരതയിലേക്ക് റഷ്യയെ നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ ചൈന മുന്നോട്ടുവെച്ച റഷ്യ - യുക്രെയ്ന്‍ സമാധാന പദ്ധതികളോട് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ജാഗ്രതയോടെയാണ് പ്രതികരിച്ചത്. ചൈനയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ വാങ് യിയാണ് മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍ റഷ്യ - യുക്രെയ്ന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള ചൈനീസ് പദ്ധതികള്‍ അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിന്‌റെ ഒന്നാംവാര്‍ഷികത്തില്‍ സമാധാന നീക്കങ്ങളാരംഭിക്കുമെന്ന് ചൈന വ്യക്തമാക്കുന്നു. യുഎന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള പരമാധികാരം, അതിര്‍ത്തി എന്നിവ സംരക്ഷിക്കുമെന്ന് ചൈന വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അതേ അളവില്‍ തന്നെ റഷ്യയുടെ സുരക്ഷാ താത്പര്യങ്ങളെ സംരക്ഷിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in