ആറായിരത്തോളം യുക്രെയ്ൻ കുട്ടികൾ റഷ്യയുടെ തടവിൽ ; 'പുനർ വിദ്യാഭ്യാസം' ലക്ഷ്യം

ആറായിരത്തോളം യുക്രെയ്ൻ കുട്ടികൾ റഷ്യയുടെ തടവിൽ ; 'പുനർ വിദ്യാഭ്യാസം' ലക്ഷ്യം

സ്റ്റേറ്റ് ഡിപ്പാർട്മെൻ്റ് പിന്തുണയോടെ യേൽ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടാണിത്
Updated on
1 min read

ആറായിരത്തോളം യുക്രെയ്നിയൻ കുട്ടികളെ റഷ്യ അനധികൃതമായി തടവിൽ പാർപ്പിച്ചിരിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. അമേരിക്കൻ പിന്തുണയോടെ യേൽ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. റഷ്യൻ അധിനിവേശപ്രദേശമായ ക്രിമിയയിലും റഷ്യയിലുമായി കുറഞ്ഞത് 43 ഓളം ക്യാമ്പുകളിലായാണ് ഇവരെ പാർപ്പിച്ചിട്ടുള്ളത്. കുട്ടികൾക്ക് രാഷ്ട്രീയ പുനർ വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ ക്യാമ്പുകളുടെ പ്രാഥമിക ലക്ഷ്യം . അധിനിവേശം ആരംഭിച്ചത് മുതൽ മോസ്കോയിൽ തന്നെയുള്ള വലിയ ശൃംഖലയുടെ ഭാഗമായി ഈ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പിന്തുണയോടെ യേൽ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് , റഷ്യ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പരിശോധിച്ച് തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടാണിത്.

ക്യാമ്പിലെ ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം നാല് മാസമാണ്. 14 വയസ്സോ അതിന് മുകളിലോ പ്രായമുള്ള കുട്ടികൾക്ക് സൈനിക പരിശീലനം നൽകുന്നതായും ഗവേഷകർ സൂചിപ്പിക്കുന്നു

തടവിൽ വെച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം ആറായിരമോ അതിലധികമോ വരാം. മാതാപിതാക്കളോ മറ്റ് രക്ഷാകർത്താക്കളോ ഉള്ള കുട്ടികൾ , റഷ്യൻ അധിനിവേശത്തെ തുടർന്ന് അനാഥരായ കുട്ടികൾ, അധിനിവേശത്തിന് മുൻപായി യുക്രയ്ൻ ഭരണകൂടത്തിൻ്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടികൾ എന്നിവർ ഇതിൽ പെടുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചില കുട്ടികളുടെ പശ്ചാത്തലത്തെക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. ചില കുട്ടികൾ പുനർ വിദ്യാഭ്യാസ പദ്ധതിയിലൂടെ കടന്നുപോവുകയും റഷ്യൻ അധികൃതരുടെ കീഴിലുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റു ചില കുട്ടികളെ റഷ്യൻ കുടുംബങ്ങൾ ദത്തെടുത്തിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.

ക്യാമ്പിലെ ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം നാല് മാസമാണ്. 14 വയസ്സോ അതിന് മുകളിലോ പ്രായമുള്ള കുട്ടികൾക്ക് സൈനിക പരിശീലനം നൽകുന്നതായും ഗവേഷകർ സൂചിപ്പിക്കുന്നു. എന്നാൽ ഇവരെ യുദ്ധമുഖത്ത് ഉപയോഗിച്ചതിന് തെളിവുകളില്ല.

പിന്നാലെ ആരോപണങ്ങളെ തള്ളി അമേരിക്കയിലെ റഷ്യൻ എംബസി രംഗത്തുവന്നു. കുട്ടികളെ തടവിലാക്കിയെന്ന ആരോപണത്തെ രൂക്ഷമായി വിമർശിച്ച എംബസി രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ യുക്രേനിയൻ കുട്ടികൾക്ക് അഭയം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കി. " കുട്ടികളെ കുടുംബങ്ങളുടെ സംരക്ഷണയിൽ തന്നെ തിരിച്ചെത്തിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മരണം മൂലമോ മറ്റ് കാരണങ്ങൾ കൊണ്ടോ അനാഥരായവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്" എംബസി പറഞ്ഞു.

logo
The Fourth
www.thefourthnews.in