റഷ്യ-യുക്രെയ്ൻ യുദ്ധം: മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ മിസൈൽ ആക്രമണം നടത്തി റഷ്യ
യുക്രെയിന് നേരെ റഷ്യ ആക്രമണം തുടരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ റഷ്യ രണ്ടാമത്തെ മിസൈൽ ആക്രമണമാണ് യുക്രെയ്ൻ നഗരങ്ങളിൽ തുടർച്ചയായി വിക്ഷേപിച്ചത്. സംഭവത്തിൽ,കെർസൺ മേഖലയിൽ ഒരാൾ മരിക്കുകയും ഡിനിപ്രോപെട്രോവ്സ്കിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്ത രാത്രിയും പ്രഭാതവും എന്നാണ് ആക്രമണത്തെ ഡിനിപ്രോപെട്രോവ്സ്കിലെ സൈനിക ഭരണകൂടം വിശേഷിപ്പിച്ചത്.
എന്നാൽ, യുക്രെയ്നെ ലക്ഷ്യമിട്ട് വന്ന 18 മിസൈലുകളിൽ 15 എണ്ണവും യുക്രെയ്ൻ സൈന്യം തകർത്തതായി അറിയിച്ചു. അതേസമയം, യുക്രെയിന്റെ റെയിൽവേ അടക്കമുളള അടിസ്ഥാന സൗകര്യങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് വ്‌ളാഡിമിർ റോഗോവ് വ്യക്തമാക്കി. മിസൈൽ ആക്രമണത്തിൽ നിരവധി അപ്പാർട്ട്‌മെന്റുകൾക്കും വീടുകൾക്കും സകൂളുകൾക്കുമാണ് നാശം സംഭവിച്ചിരിക്കുന്നത്. പാവ്‌ലോഹ്‌റാദിൽ വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ പ്രാദേശിക സമയം ഏകദേശം 4 മണിക്ക് രാജ്യത്തുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ അത് നീണ്ടുനിന്നു.
തലസ്ഥാനമായ കീവും ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. കീവ് വ്യോമാതിർത്തിയിൽ മിസൈലുകൾ വെടിവച്ചിട്ടതായി കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി സെർഹി പോപ്‌കോ പറഞ്ഞു. ഇപ്പോഴും ഭാഗികമായി റഷ്യയുടെ നിയന്ത്രണത്തിലുള്ള കെർസൺ മേഖലയിൽ 39 ഷെല്ലാക്രമണങ്ങൾ നടത്തിയതായി യുക്രെയിനിലുളളവർ പറയുന്നു. മധ്യ നഗരമായ ഉമാൻ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുലർച്ചയ്ക്ക് മുമ്പ് മിസൈൽ ആക്രമണം ഉണ്ടായിരിക്കുന്നത്.
തങ്ങളുടെ സൈന്യം യുക്രെയ്ൻ ആർമി റിസർവ് യൂണിറ്റുകളെ ലക്ഷ്യമിടുന്നതായി വെള്ളിയാഴ്ച റഷ്യ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണ പരമ്പര അരങ്ങേറിയിരിക്കുന്നത്. അതേസമയം, പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും പിന്തുണയോടെ റഷ്യയ്ക്കെതിരെ ആക്രമണത്തിന് ലക്ഷ്യമിടുന്നുവെന്ന് യുക്രെയ്ൻ പറഞ്ഞു. എന്നാൽ, അധിനിവേശ പ്രദേശത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് റഷ്യയും യുക്രെയിനിലേക്ക് മുന്നേറാനുളള ശ്രമങ്ങൾ നടത്തി വരികയാണ്.
യുക്രെയ്ൻ വ്യോമാക്രമണത്തിൽ ഞായറാഴ്ച റഷ്യൻ അതിർത്തി ഗ്രാമത്തിൽ നാലുപേർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ അറിയിച്ചു. സായുധ സേനയുടെ ലോജിസ്റ്റിക്‌സിന് മേൽനോട്ടം വഹിച്ച റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സിഐ ജനറൽ മിഖായേൽ മിസിന്റ്‌സെവിനെ കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം നിയമിച്ചതിന് ശേഷം പുറത്താക്കിയിരുന്നു. ദീർഘകാലമായി മുൻനിര സൈനികർക്ക് മതിയായ സൈനിക ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്നും ഭക്ഷണത്തിനും യൂണിഫോമിനും ക്ഷാമം നേരിടുന്നുവെന്നും പരാതിയും നിലനിൽക്കുകയാണ്.
അതിനിടെ, മാസങ്ങളായി റഷ്യൻ സൈന്യത്തിന്റെ ഉപരോധത്തിലായിരുന്ന കിഴക്കൻ നഗരമായ ബഖ്മുത്തിലെ ചിലയിടങ്ങളിൽ നിന്നും റഷ്യൻ സൈന്യത്തെ പുറത്താക്കിയതായി യുക്രെയ്ൻ അറിയിച്ചു. നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റഷ്യൻ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് കരസേനയുടെ കമാൻഡറായ ജനറൽ ഒലെക്‌സാണ്ടർ സിർസ്‌കി പറഞ്ഞു.