വാഗ്ദാനം പാലിക്കപ്പെട്ടില്ല: കരിങ്കടൽ ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിന്മാറി റഷ്യ
ആഗോള ഭക്ഷ്യ സുരക്ഷയെ പ്രതിസന്ധിയിലാഴ്ത്തി കരിങ്കടൽ വഴിയുള്ള ധ്യാന കയറ്റുമതി കരാറിൽ നിന്ന് പിന്മാറി റഷ്യ. യുക്രെയ്നെ കരിങ്കടൽ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധന്യങ്ങൾ കയറ്റി അയയ്ക്കാൻ അനുവദിക്കുന്ന കരാറിൽ നിന്നാണ് റഷ്യ പിന്മാറിയത്. യുഎന്നിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ തയ്യാറാക്കിയ കരാർ നീട്ടാൻ റഷ്യ വിസമ്മതിക്കുകയായിരുന്നു.
റഷ്യയിൽ നിന്ന് ക്രിമിയയിലേക്കുള്ള പാലം യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിലൂടെ തകർത്തുവെന്നാരോപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യയുടെ പിന്മാറ്റം. എന്നാൽ ആക്രമണവും ധാന്യ ഇടപാട് നിർത്തിവയ്ക്കാനുള്ള തീരുമാനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് റഷ്യ പ്രതികരിച്ചു.
സ്വന്തം ഭക്ഷ്യ-വളം കയറ്റുമതി നിയമങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമാന്തര കരാർ പാലിക്കപ്പെട്ടില്ല എന്നാരോപിച്ചാണ് റഷ്യ കരാറിൽ നിന്ന് പിന്മാറിയത്. മുൻപ് നിരവധി തവണ നീട്ടിയിട്ടുണ്ടെങ്കിലും വീണ്ടും പുതുക്കുന്നതിന് റഷ്യ വിസമ്മതിക്കുകയായിരുന്നു. കരാറിൽ റഷ്യയുടെ ഭാഗം ഫലപ്രദമായി നടപ്പിലാക്കിയാൽ മാത്രമേ പുതുക്കാൻ സന്നദ്ധരാവുകയുള്ളു എന്നും റഷ്യ അറിയിച്ചിട്ടുണ്ട്. കരാർ നീട്ടുന്നതിന് എതിരാണെന്ന് തുർക്കി, യുക്രെയ്ൻ, യുഎൻ എന്നിവരെ അറിയിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. എങ്കിലും കരാറില്ലാതെ തന്നെ കയറ്റുമതി തുടരാൻ രാജ്യം തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.
“റഷ്യൻ ഫെഡറേഷൻ ഇല്ലെങ്കിലും, കരിങ്കടൽ ഇടനാഴി ഉപയോഗിക്കുന്നതിന് ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ഞങ്ങൾക്ക് ഭയമില്ല. കപ്പലുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഞങ്ങളെ സമീപിച്ചിരുന്നു. കയറ്റുമതി തുടരാൻ അവർ തയ്യാറാണെന്ന് പറഞ്ഞു," - സെലിൻസ്കി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ധാന്യ, ഭക്ഷ്യ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നായ യുക്രെയ്‌നില്‍ നിന്നുള്ള ധാന്യ കയറ്റുമതി നിലയ്ക്കുന്നത് ലോകത്തെ പട്ടിണിയിലേക്ക് തള്ളി വിട്ടേക്കാം. നേരത്തെ, ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി ഐക്യരാഷ്ട്രസഭയുടെയും തുർക്കിയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽ നിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നിരുന്നത്. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന യെമന്‍ പേലുള്ള രാജ്യങ്ങളില്‍ റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം പ്രതിസന്ധി രൂക്ഷമായിരുന്നു.
ലോകത്തെ ഏറ്റവും കൂടുതല്‍ ധാന്യക്കയറ്റുമതി നടത്തുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്നും. എന്നാൽ ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചതോടെ കയറ്റുമതി ആറിൽ ഒന്നായി കുറഞ്ഞിരുന്നു. യുദ്ധത്തിൽ തിരിച്ചടി നേരിടുമ്പോഴെല്ലാം കരാറിൽ നിന്ന് പിന്മാറുമെന്ന് റഷ്യ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കരാറിൽനിന്ന് റഷ്യ പിന്മാറുന്നതോടെ യുക്രെയ്ൻ തുറമുഖങ്ങളിൽ നിന്ന് ധാന്യങ്ങളുമായുള്ള കപ്പൽ കരിങ്കടൽ കടക്കുന്നതിന് റഷ്യയുടെ സുരക്ഷ ലഭിക്കില്ല.
പുടിൻ കരാർ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ധാന്യ ഇടപാടിന്റെ ഇടനിലക്കാരനായിരുന്ന തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ചർച്ചകൾ തുടരുമെന്നും അദ്ദേഹം എർദോഗൻ വ്യക്തമാക്കി. കരിങ്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്ന് റഷ്യൻ സുരക്ഷ ഗ്യാരന്റി പിൻവലിച്ചതുൾപ്പെടെ, കരിങ്കടൽ ധാന്യ കരാർ അവസാനിപ്പിക്കാനുള്ള റഷ്യയുടെ തീരുമാനത്തിൽ താൻ അഗാധമായി ഖേദിക്കുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
കരാർ നീട്ടാനുള്ള തന്റെ നിർദേശം പുടിൻ അവഗണിച്ചതിൽ നിരാശയുണ്ടെന്നും ധാന്യ കയറ്റുമതി സുഗമമാക്കാൻ യുഎൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ റഷ്യ നിർത്തിവച്ചത് ഭക്ഷ്യ സുരക്ഷാ ഭീഷണിയെ കൂടുതൽ വഷളാക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്യുമെന്ന് അമേരിക്ക പ്രതികരിച്ചു.
അതേസമയം പാലം തകർത്ത ആക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റഷ്യയുടെ വാദം. ആക്രമണത്തിനിടെ സ്ഫോടനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സൈനികർ ഉപയോഗിക്കുന്ന പ്രധാന പാതയാണ് തകർക്കപ്പെട്ട റോഡ് ബ്രിഡ്ജ്.