യൂറോപ്പിലേക്കുള്ള വാതക വിതരണം വീണ്ടും നിർത്തിവെച്ച് റഷ്യ; നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് ജർമ്മനി
യൂറോപ്പിലേക്കുള്ള വാതക ഇന്ധന വിതരണം വീണ്ടും നിർത്തിവെച്ച് റഷ്യ. അറ്റകുറ്റപ്പണികൾ നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നോർഡ് സ്ട്രീം വൺ പൈപ്പ്ലൈൻ വഴിയുള്ള വാതക വിതരണം മൂന്ന് ദിവസത്തേക്ക് നിർത്തിവെയ്ക്കുന്നതെന്ന് റഷ്യൻ സർക്കാരിന്റെ കീഴിലുള്ള ഊർജ വിതരണ കമ്പനിയായ ഗാസ്പ്രോം ബുധനാഴ്ച അറിയിച്ചു. അതേസമയം പൈപ്പ്‌ലൈൻ പ്രവർത്തനക്ഷമമാണെന്നും സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജർമ്മനി ആരോപിച്ചു. റഷ്യയെ ബാധിക്കുന്ന തരത്തിൽ ഉപരോധങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കുന്ന രീതി യൂറോപ്പ് തുടരുകയാണെങ്കിൽ വാതക വിതരണം പൂർണമായും നിർത്തി വെച്ചേക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മാധ്യമ സെക്രട്ടറി ദിമിത്രി പെസ്‌കോവ് ജൂലൈയിൽ പറഞ്ഞിരുന്നു. ഇതിന് ശേഷം രണ്ടാം തവണയാണ് വിതരണം നിർത്തിവെയ്ക്കുന്നത്.
സമീപ കാലത്ത് റഷ്യൻ നടപടികൾ മൂലം അന്താരാഷ്ട്ര വിപണിയിൽ ഗ്യാസ് വില 400 ശതമാനമാണ് ഉയർന്നത്.
നോർഡ് സ്ട്രീമിലൂടെയുള്ള വാതക വിതരണം പൈപ്പ് ലൈനിന്റെ ശേഷിയുടെ നാല്പത് ശതമാനമായി ജൂണിൽ റഷ്യ വെട്ടിക്കുറച്ചിരുന്നു. കൂടാതെ ജൂലൈയിൽ വാർഷിക അറ്റകുറ്റപണികൾക്കായി പത്ത് ദിവസത്തേക്ക് റഷ്യ വിതരണം നിർത്തി. യുറോപ്പിലേക്ക് റഷ്യയിൽ നിന്നുള്ള പ്രധാന പ്രകൃതി വാതക വിതരണ പൈപ്പ്ലൈനാണ് നോർഡ് സ്ട്രീം 1. ബാൾട്ടിക് കടലിലൂടെ റഷ്യയിൽ നിന്ന് ജർമനിയിലേക്കാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനിയിൽ ഇന്ധന വില കുറഞ്ഞിരിക്കാൻ കാരണം നോർഡ് സ്ട്രീം 1 വഴിയുള്ള വാതകവിതരണമാണ്. ഇത് ജർമ്മൻ നിർമിത ഉത്പ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ വാതക വിതരണത്തിൽ റഷ്യ ഉണ്ടാക്കുന്ന തടസങ്ങൾ ജർമ്മനിക്ക് കടുത്ത സാമ്പത്തിക ഭീഷണിയാണ്. സമീപ കാലത്ത് റഷ്യൻ നടപടികൾ മൂലം അന്താരാഷ്ട്ര വിപണിയിൽ ഗ്യാസ് വില 400 ശതമാനമാണ് ഉയർന്നത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതികാര നടപടിയായി റഷ്യ ഇന്ധന വിതരണം ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് കൂടുതൽ ശക്തി പകരുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. അതേസമയം വാതക വിതരണത്തിനാവശ്യമായ സുപ്രധാന ഉപകരണങ്ങൾ ജർമ്മനി നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റഷ്യയുടെ വാദം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ ബന്ധം പൂർണമായും തകർക്കാൻ ശ്രമിക്കുന്നത് ജർമ്മനിയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു. വിതരണം നിർത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന ജർമ്മനിയുടെ ആരോപണം റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് തള്ളി.