ജര്‍മനിയുടെ ദേശീയ പതാക
ജര്‍മനിയുടെ ദേശീയ പതാക

യൂറോപ്പിന് മേൽ റഷ്യയുടെ 'വാതകയുദ്ധം';ജർമനി കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആശങ്കയിൽ യൂറോപ്യൻ യൂണിയൻ

നോര്‍ഡ് സ്ട്രീം 1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം ബുധനാഴ്ച മുതൽ റഷ്യ വെട്ടിക്കുറയ്ക്കും
Updated on
2 min read

യൂറോപ്യൻ യൂണിയനിലെ മുഖ്യസാമ്പത്തിക ശക്തിയായ ജർമനി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മ്യൂണിക്ക് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഐഎഫ്ഒ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് റിസർച്ച് പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം, ജർമൻ ബിസിനസ് കമ്പനികളുടെ വളർച്ച ഓരോ മാസവും ഇടിയുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ചുരുങ്ങിയ വളർച്ചയാണ് ജൂലൈ മാസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇത് വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന് ഐഎഫ്ഒ പ്രസിഡന്റ് ക്ലെമൻസ് ഫ്യൂസ്ഡ് ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ പറയുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും തുടർ സംഭവങ്ങളുമാണ് കോവിഡാനന്തരം ജർമനിയെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ജർമൻ പ്രതിസന്ധി യൂറോപ്പിനെയാകെ ബാധിക്കുന്നതാണ്.

വാതക പൈപ്പ് ലൈന്‍ നോർഡ് സ്ട്രീം 1
വാതക പൈപ്പ് ലൈന്‍ നോർഡ് സ്ട്രീം 1

ഇന്ധന വിലവർധനവും പ്രകൃതിവാതക ലഭ്യതക്കുറവും ജർമൻ സമ്പദ് വ്യവസ്ഥയെ സാരമായി തന്നെ ബാധിച്ചുതുടങ്ങി. നിർമാണ മേഖലയാണ് ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്നത്. കോവിഡ് മഹാമാരി രാജ്യത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇതിൽ നിന്ന് കരകയറാനുള്ള ശ്രമത്തിനിടെയാണ് ഇന്ധന പ്രതിസന്ധി വരുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധവും തുടർ സംഭവങ്ങളും ആഗോള വിപണിയിൽ ഏല്പിച്ച പ്രഹരവും റഷ്യയുടെ കടുത്ത നിലപാടുമാണ് ജർമൻ പ്രതിസന്ധിയുടെ പ്രധാന കാരണം.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ഊർജ പ്രതിസന്ധിയും

യുക്രെയ്ന് മേലുള്ള റഷ്യൻ സൈനിക നടപടി ലോകരാജ്യങ്ങളുടെ ശക്തമായ എതിർപ്പിന് വഴിവെച്ചിരുന്നു. റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടപടി കർശനമാക്കി. ഇതോടെ പിന്തുണയ്ക്കാതിരുന്ന ലോകരാജ്യങ്ങളുമായുള്ള കരാറുകളിൽ റഷ്യയും നിലപാട് കടുപ്പിച്ചു. യൂറോപ്പിലേക്ക് ആവശ്യമായ മുഖ്യ ഇന്ധന- പ്രകൃതിവാതക വിതരണക്കാർ റഷ്യയാണ്. റഷ്യയുമായുള്ള രാഷ്ട്രീയ തർക്കം ഇതോടെ യൂറോപ്പിന് സാമ്പത്തിക പ്രതിസന്ധിയായി.

റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവാതക കമ്പനിയായ ഗ്യാസ്പ്രോമിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുമ്പോൾ യൂറോപ്യൻ രാജ്യങ്ങൾ, സാമ്പത്തിക ക്രയവിക്രയങ്ങൾ റഷ്യൻ കറൻസിയായ റൂബിളിൽ തന്നെ നടത്തണമെന്ന് പുടിൻ ഭരണകൂടം നിർദേശിച്ചിരുന്നു. ഇീ പ്രതിസന്ധിക്ക് പിന്നാലെയാണ് ഇപ്പോൾ യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണത്തിൽ റഷ്യ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇന്ധനമെന്ന ആയുധം

യുറോപ്പിലേക്ക് റഷ്യയിൽ നിന്നുള്ള പ്രധാന പ്രകൃതി വാതക വിതരണ പൈപ്പ്ലൈനാണ് നോർഡ് സ്ട്രീം 1. ബാൾട്ടിക് കടലിലൂടെ റഷ്യയിൽ നിന്ന് ജർമനിയിലേക്കാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. നോര്‍ഡ് സ്ട്രീം 1 വഴി യൂറോപ്പിലേക്ക് ഉള്ള പ്രകൃതിവാതക വിതരണം ആഴ്ചകളായി കുറഞ്ഞ ആളവിലാണ്. പൈപ്പ് ലൈനിലെ തകരാറ് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം 10 ദിവസം ഇതിലൂടെയുള്ള വാതക വിതരണം റഷ്യ നിർത്തിവെച്ചിരുന്നു. ഇതിനുപിന്നാലെ ബുധനാഴ്ചമുതൽ വിതരണ തോത് വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് റഷ്യ. അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടിയാണ് പൈപ്പ്ലൈനിലൂടെയുള്ള വാതകത്തിന്റെ അളവ് ക്രമാതീതമായി കുറച്ചത്. എന്നാൽ റഷ്യൻ നടപടി സംശയത്തോടെയാണ് യൂറോപ്യൻ രാജ്യങ്ങൾ കാണുന്നത്.

യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ 40 ശതമാനവും ഉത്പാദിപ്പിക്കുന്നത് റഷ്യയിലാണ്. കഴിഞ്ഞ വർഷം ജർമനിയിലേക്കുള്ള പ്രകൃതി വാതകത്തിന്റെ 55 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. നോര്‍വെ, നെതര്‍ലന്റ്‌സ് എന്നീ രാജ്യങ്ങളാണ് മറ്റ് വിതരണക്കാര്‍. റഷ്യന്‍ വിതരണം കുറച്ചതുമുതല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ജര്‍മനി കൂടുതല്‍ വാതകം ഇറക്കുമതി ചെയ്യുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ റഷ്യയെ പൂര്‍ണമായി ആശ്രയിക്കാനാവില്ലെന്നും മറ്റും മാര്‍ഗങ്ങള്‍ തേടണമെന്നും ജര്‍മനി കരുതുന്നു.

ജര്‍മനിയുടെ ആകെ ശേഷിയുടെ 66% വാതകം നിലവില്‍ സംഭരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തണുപ്പ് കാലം മുന്നില്‍ കണ്ട് സംഭരണം 80 മുതല്‍ 90 വരെ ആക്കി ഉയര്‍ത്തേണ്ട സാഹചര്യമാണ്. ഇതിനിടെ ലഭ്യ കൂടി കുറഞ്ഞാല്‍ കരുതല്‍ സംഭരണം വീണ്ടും കുറയുകയും വലിയ പ്രതിസന്ധി ഉയരുകയും ചെയ്യും.

വാതക ഉപയോഗം 20 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ യുക്രെയ്‌ന് അധിനിവേശം റഷ്യ തുടരുകയും , രാഷ്ട്രീയ തര്‍ക്കം നിലനില്‍ക്കുകയും ചെയ്താല്‍ മറ്റ് വഴി യൂറോപ്പിന് സ്വീകരിക്കേണ്ടി വരും.

logo
The Fourth
www.thefourthnews.in