മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ മാതാവിനും അനുവാദമില്ല; നവാല്‍നിയോട് മരിച്ചിട്ടും തീരാത്ത പകയോടെ റഷ്യന്‍ ഭരണകൂടം
ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മാതാവിനെ തടഞ്ഞ് റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍. നവാല്‍നിയെ പാര്‍പ്പിച്ച ജയിലില്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മാതാവ് ല്യൂഡ്മിലയെ പ്രധാന കവാടത്തില്‍ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. മകന്റെ മൃതദേഹം ഒരു നോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചില്ല. നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാനം തയാറായില്ല. തുടര്‍ന്ന് നവാല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചു.
റഷ്യന്‍ ഭരണാധികാരികളെ കൊലയാളികള്‍ എന്ന് ആരോപിച്ച നവാല്‍നി പക്ഷം കൊലയാളികള്‍ അവരുടെ വഴികള്‍ ഒളിപ്പിക്കാനാണ് മാതാവില്‍ നിന്നും പോലും മൃതദേഹം മറച്ചുവെക്കുന്നതെന്ന് ടെലഗ്രാമിലൂടെ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുള്ളുവെന്ന് അധികാരികള്‍ അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടക്കുന്നതിനിടയില്‍ നവാല്‍നി ബോധരഹിതനായി വീഴുകയും മരിക്കുകയുമായിരുന്നുവെന്നും ജയില്‍ അധികൃതര്‍ ല്യുഡ്മിയയോട് പറഞ്ഞതായും നവാല്‍നി പക്ഷം പറഞ്ഞു. ജയിലിനു സമീപമുള്ള സേല്‍ഖാര്‍ഡിലേക്ക് നവാല്‍നിയുടെ മൃതദേഹം മാറ്റിയിട്ടുണ്ടെന്നാണ് ജയില്‍ അധികൃതര്‍ ല്യുഡ്മിയയെ അറിയിച്ചത്. എന്നാല്‍ അവര്‍ അവിടെ എത്തുമ്പോഴേക്കും മോര്‍ച്ചറി അടച്ചിട്ടിരിക്കുകയായിരുന്നു. ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം അനിശ്ചിതത്വത്തിലാണെന്നും രണ്ടാമത് നടത്തേണ്ടി വരുമെന്നും അധികൃതര്‍ നവാല്‍നിയുടെ മാതാവിനെ അറിയിക്കുകയും ചെയ്തു.
അതേസമയം നവാല്‍നിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചെറിയ പ്രതിഷേധങ്ങളെയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നവരെയും തടയാന്‍ റഷ്യന്‍ പോലീസ് കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. 30 നഗരങ്ങളില്‍ നിന്നായി 340ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍ജിഒ ആയ ഒവിഡി- ഇന്‍ഫോ റൈറ്റ്‌സ് ഗ്രൂപ്പ് പറയുന്നു. നിരവധി പേരാണ് തലസ്ഥാനമായ മോസ്‌കോയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. റഷ്യയില്‍ സംഭവിക്കാവുന്നതില്‍ ഏറ്റവും മോശപ്പെട്ട ഒന്നാണ് അലക്‌സി നവാല്‍നിയുടെ മരണമെന്നുള്ള എഴുത്തുകളും പൂവുകളും നവാല്‍നിക്ക് വേണ്ടി അവര്‍ സമര്‍പ്പിച്ചു.
നവാല്‍നിക്ക് പാശ്ചാത്യ നാടുകളില്‍ നിന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കപ്പെട്ടിട്ടും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മൗനം പാലിച്ചിരിക്കുന്നതിലും വിമര്‍ശനം ഉയരുന്നുണ്ട്. മ്യൂണിച്ചില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ജി7 യോഗത്തില്‍ നവാല്‍നിയുടെ മരണത്തില്‍ മൗനം ആചരിച്ചിരുന്നു.
കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മരണത്തില്‍ പുടിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. നവാല്‍നിയുടെ മരണത്തിന് ഉത്തരവാദി പുടിനാണെന്നും അദ്ദേഹം പറഞ്ഞു. പുടിനും കൂട്ടാളികളും രാജ്യത്തോടും തന്റെ കുടുംബത്തോടും ഭര്‍ത്താവിനോടും ചെയ്ത എല്ലാത്തിനും ശിക്ഷിക്കപ്പെടുമെന്ന് നവാല്‍നിയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ മ്യൂണിച്ചിലെ സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ പങ്കാളി യൂലിയ നവാല്‍നിയ പറഞ്ഞു. ഈ പൈശാചികവും ഭയാനകവുമായ ഭരണകൂടത്തെ തോല്‍പ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. നവാല്‍നിയുടെ മരണം കൊലപാതകമാണെന്നും ജയിലില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം അദ്ദേഹം പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നും സമാധാനത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച ദിമിത്രി മുറതോവ് പറഞ്ഞു.
പുടിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്സി നവാല്‍നി വെള്ളിയാഴ്ചയാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നിയെ ജയില്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് റഷ്യന്‍ പ്രിസണ്‍സ് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.
നാല്‍പത്തിയേഴുകാരനായ നവാല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്. 2022 ആദ്യം മുതല്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിച്ചിരുന്നു. പുടിന്റെ ഏകാധിപത്യ ഭരണത്തെ വിമര്‍ശിച്ചതിന് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നായിരുന്നു നവാല്‍നിയുടെ ആരോപണം.